ഒന്നാംക്ലാസ്സിലെ പ്രവേശനപ്രായപരിധി ആറു വയസ്സാക്കുന്നതിനെപ്പറ്റി രാസവളം മന്ത്രാലയത്തിന് എന്താണ് പറയാനുള്ളത്? എന്തൊരു പരിഹാസ്യമായ ചോദ്യം! ഇതിനേക്കാല്‍ പരിഹാസ്യവും പൈശാചികവുമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കുറിച്ച് കൃഷിമന്ത്രാലയത്തിനു മാത്രം എന്തു പറയാനുണ്ട് എന്ന ചോദ്യം. പ്രകൃതിയും മനുഷ്യനും ഏറ്റുവാങ്ങുന്ന സമാനതകളില്ലാത്ത ദുരിതത്തിന് അറുതി വരുത്തുകയാണോ, പകരം വയ്ക്കാന്‍ മറ്റൊരു കീടനാശിനി ഇല്ലാത്തതിന്റെ പേരില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കുകയാണോ വേണ്ടത് എന്ന ലളിതമായ ചോദ്യമാണ് ഇതിനു പകരം ഉയരേണ്ടിയിരുന്നത്.
നിരന്തര ജൈവ മലിനീകാരികള്‍(പി.ഒ.പി.എസ്)ക്കെതിരായ സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ കക്ഷികളുടെ അഞ്ചാം യോഗം 25ന് ജനീവയില്‍ ചേരുകയാണ്. ഇതിനു മുമ്പുള്ള യോഗത്തിലെ നിലപാട് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം അഞ്ചാംസമ്മേളനത്തിലും സ്വീകരിക്കുന്നതെങ്കില്‍ മുഖമമര്‍ത്തി കരയുകയല്ലാതെ കാസര്‍കോട്ടെയും പാലക്കാട്ടെയും അമ്മമാര്‍ക്കു മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. സ്വിറ്റ്സര്‍ലന്റില്‍ ജനീവ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സെന്ററിലെ സമ്മേളനവേദിയില്‍ ഉപവിഷ്ടരാവുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുടെ കാതില്‍ എന്താണ് പറയേണ്ടതെന്നു മൂളിക്കൊടുക്കാന്‍ കമ്പനി പ്രതിനിധികള്‍ കൂടെയുണ്ടാവുമോ എന്നറിയില്ല. അത്തരം പ്രോംറ്റര്മാര് ഇല്ലെങ്കിലും നമ്മുടെ നികുതിപ്പണവും കമ്പനിക്കാരുടെ ലാഭവിഹിതവും വാങ്ങി ജീവിക്കുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ പങ്ക് പൂര്‍വാധികം ഭംഗിയായി നിര്‍വഹിക്കുമെന്നു തന്നെ ഉറപ്പിക്കാം.
12 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് തീരുമാനിച്ചു. 81 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി മുന്നോട്ടുപോയി. അവയേക്കാളൊക്കെ നിരോധനം ആവശ്യമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യയില്‍ ഇതു നിരോധിക്കണമെന്ന അഭിപ്രായം നമ്മുടെ സര്‍ക്കാരിനില്ല. രാജ്യത്തെ കാര്‍ഷിക രംഗത്ത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയായി എന്‍ഡോസള്‍ഫാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരം വയ്ക്കാവുന്ന കീടനാശിനി വികസിപ്പിക്കുന്നതിനെ കുറിച്ചോ, വ്യാവസായിക വിപ്ലവത്തിന്റെ ഇളംതലമുറക്കാരനായി വന്ന അതിരുവിട്ട രാസകീടനാശിനി പ്രയോഗം അവസാനിപ്പിക്കുന്നതിനെ കുറിച്ചോ ചര്‍ച്ചയൊന്നും കേള്‍ക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങളില്‍ കാര്‍ഷിക വ്യവസ്ഥ വെല്ലുവിളി നേരിട്ടോ എന്ന പരമപ്രധാനമായ അന്വേഷണത്തിനും പ്രസക്തിയുണ്ട്.
കീടനാശിനിയുടെ മാരകദൂഷ്യഫലങ്ങള്‍ വ്യകമാക്കുന്ന നിരവധി റിപോര്‍ട്ടുകള്‍ അവഗണിക്കപ്പെട്ടു കിടക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം നടത്തിയ പഠനമാണ് ഏറ്റവും അവസാനം പുറത്തുവന്നിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ആണ്‍കുട്ടികളിലെ പ്രത്യുല്‍പ്പാദന ശേഷി കുറയ്ക്കുന്നതായുള്ള കണ്ടെത്തല്‍ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. തൂക്കക്കുറവ്, ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയില്ലായ്മ, ഉയരക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലെ കുട്ടികളിലുണ്ടെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പഠനം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് 10,000ഓളം പേരെ പരിശോധിച്ച് നടത്തിയ പഠനവും മറ്റു പഠനങ്ങളെപ്പോലെ അവഗണിക്കപ്പെടുമെന്നു കരുതുന്നതില്‍ തെറ്റില്ല.
കേന്ദ്ര ആരോഗ്യമന്ത്രാലയം യുക്തമായ സമീപം സ്വീകരിച്ചിരുന്നെങ്കില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ആശങ്കകള്‍ ഇത്രയ്ക്ക് കനത്തതാവില്ലായിരുന്നു. എന്നാല്‍, ഉത്തരവാദിത്തത്തെ ചൊല്ലി അതീവഗുരുതരമായ ഈ പ്രശ്നം ആരോഗ്യമന്ത്രാലയവും വനം-പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ തട്ടിക്കളിച്ചു. ഏറ്റവുമവസാനം കൃഷിമന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നു ചൂണ്ടിക്കാട്ടി വനം-പരിസ്ഥിതി മന്ത്രാലയം കൈകഴുകി. മുമ്പ് പരിസ്ഥിതി പ്രശ്നങ്ങളില്‍ അഭിനന്ദനാര്‍ഹമായ നിലപാടുകള്‍ സ്വീകരിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേശ് ഇക്കാര്യത്തില്‍ ജനവികാരം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ജയ്താപൂരില് ആണവനിലയം സ്ഥാപിക്കുന്നത് സമാനതകളില്ലാത്ത പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കും എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആണവോര്‍ജ ബോര്‍ഡാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് എന്ന ജയറാംരമേശിന്റെ മറുപടി ഇതിനോട് കൂട്ടിവായിക്കണം.
ഹാനികരമെന്നു റിപോര്‍ട്ട് ലഭിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാം എന്നാണ് ജയറാം രമേശിന്റെ അവസാന നിലപാട്. അത്യന്തം അപകടകാരിയാണ് എന്‍ഡോസള്‍ഫാന്‍ എന്നു തെളിയിക്കാന്‍ പുതിയ പഠനത്തിന്റെ ആവശ്യമുണ്ടെന്ന് സാമാന്യയുക്തിയുള്ളവര്ക്കു തോന്നാനിടയില്ല. പലപ്പോഴായി നടത്തിയ വിശദമായ പഠനങ്ങളുടെ 15 റിപോര്‍ട്ടുകള്‍ പൊടിതട്ടിയെടുത്താല്‍ മാത്രം മതി. എന്നാല്‍, മനുഷ്യനെയും പരിസ്ഥിതിയെയും സംബന്ധിച്ച പഠനങ്ങള്‍ക്ക് കൃഷിശാസ്ത്രജ്ഞരെ അയച്ച് മരിച്ചുജീവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്.
നിരോധിക്കേണ്ട തരത്തില്‍ ഹാനികരമല്ല എന്‍ഡോസള്‍ഫാന്‍ എന്നാണ് കൃഷിമന്ത്രാലയവും കേന്ദ്രസര്‍ക്കാരും ആദ്യം പറഞ്ഞിരുന്നത്. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നടത്തിയ പഠനങ്ങള്‍ ഈ വാദത്തിന്റെ മുനയൊടിച്ചു. പല വിദേശരാജ്യങ്ങളും സ്റ്റോക്ഹോം കണ്വന്ഷന് യോഗങ്ങൡ തെളിവായി സമര്‍പ്പിച്ച രേഖകളില്‍ കാസര്‍കോട്ടെയും കര്‍ണാടകയിലെയും ദുരിതങ്ങളുമുണ്ടായിരുന്നു എന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു ഫ്രീഹിറ്റ് സിക്സറിക്കാന്‍ പവാറിനു കഴിയില്ല. ഇപ്പോള്‍ കേന്ദ്രം പറയുന്നത് എല്ലാ സംസ്ഥാനങ്ങളും നിരോധനം ആവശ്യപ്പെട്ടിട്ടില്ല എന്നാണ്. കേരളവും കര്‍ണാടകവും മാത്രം ആവശ്യപ്പെട്ടാല്‍ നിരോധിക്കാനാവില്ല എന്ന നിലപാടിന്റെ ജനാധിപത്യപരമായ യുക്തി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യപ്രശ്നം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതാവട്ടെ സത്യവിരുദ്ധവുമാണ്. മറ്റു സംസ്ഥാനങ്ങളിലും പാരിസ്ഥിതിക ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ ബോധവാന്മാരല്ലാത്തതും അതതു സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് പഠനം നടത്തി രേഖയാക്കത്തതു മൂലമാണ് ഇത് ദേശീയ ശ്രദ്ധില്‍ പെടാതെ പോവുന്നത്. ഇത്തരം പഠനങ്ങള്‍ക്ക് പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നത് ആശാവഹമാണ്.
തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സ്വയം ബോധവാന്മാരാവാനും അതിനു വേണ്ട പ്രതിവിധി തേടാനും മിനക്കെടരുത് എന്നാണ കേരളവും കര്‍ണാടകവും മാത്രം നിരോധനമാവശ്യപ്പെടുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ നെറ്റിചുളിക്കലില്‍ നിന്നു വ്യക്തമാവുന്നത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നു തിരിച്ച സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടത് മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ഇല്ലാതെയായിരുന്നു. രണ്ടുപേരും തിരഞ്ഞെടുപ്പു പരിപാടികളുടെ ക്ഷീണത്തിലാണെന്നാണ് പാര്‍ട്ടികളുടെ വിശദീകരണം. അവസാനം സംഘത്തിന്റെ നേതൃത്വം ആരോഗ്യമന്ത്രി പി കെ ശ്രീമതിയില്‍ വന്നുചേര്‍ന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് നിരോധനത്തെ കുറിച്ചുള്ള ഉറപ്പൊന്നും ലഭിച്ചില്ലെന്ന് ശ്രീമതി കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കൃഷിമന്ത്രി ശരദ് പവാറിനെ പിന്തുണച്ചു സംസാരിക്കുക മാത്രമാണത്രേ ആസൂത്രണ വിദഗ്ധനായ ഡോ.മന്മോഹന് സിങ് ചെയ്തത്. ഐ.സി.എം.ആറിന്റെ പഠനറിപോര്‍ട്ട് വരട്ടെ എന്നാണ് പ്രധാനമന്ത്രിയുടെ സുചിന്തിതമായ നിലപാട്.
ഈ കൂടിക്കാഴ്ചയ്ക്കൊപ്പം പുറത്തുവന്ന അത്ര സുഖകരമല്ലാത്ത മറ്റൊരു വിവരമുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഗൗരവതരമാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കുന്നത് സര്‍വകക്ഷിസംഘത്തെ കണ്ടപ്പോഴാണ് എന്നതാണ് അത്. സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു പാടു ചോദ്യങ്ങളുണ്ട്. 2002ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച എ കെ ആന്റണി കേന്ദ്രമന്ത്രിസഭയിലെ പ്രമുഖസ്ഥാനത്തിരുന്നിട്ടും പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചില്ലേ? വയലാര്‍ രവിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇ അഹമ്മദും കെ സി വേണുഗോപാലും പ്രശ്നത്തെപ്പറ്റി ആരോടും സംസാരിച്ചില്ലേ? പ്രശ്നം ശരത് പവാറിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമമെന്നു കരുതുന്നതില്‍ എന്താണ് തെറ്റ്? യു.ഡി.എഫ് യോഗം കഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി അറിയിച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിക്കു കിട്ടിയോ എന്നു പ്രധാനമന്ത്രിയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കുന്നത് നന്ന്.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പങ്കിനെ കുറിച്ച് വിശദമായ വിശകലനം ജനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധനവും ഇരകളുടെ കാര്യക്ഷമമായ പുനരധിവാസവുമാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്‍ഡോസള്‍ഫാന്റെ ഉപയോഗം, പ്ലാന്റേഷന് കോര്‍പറേഷനെക്കൊണ്ട് ഈ കീടനാശിനി തെളിപ്പിച്ചവര് ആരൊക്കെ, കാല്‍നൂറ്റാണ്ടോളം സ്വീകരിച്ച നിലപാട്, അധികാരശ്രേണിയില്‍ തുടരാന്‍ കീടനാശിനിക്കമ്പനികള്‍ക്കു വേണ്ടി എടുത്ത പണി, സംസ്ഥാനങ്ങളിലും ദേശീയ തലത്തിലുമുള്ള നേതൃത്വത്തെ തൃപ്തിപ്പെടുത്താവന്‍ ജനതാല്‍പ്പര്യം അവഗണിച്ചത് - അങ്ങനെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും ഇക്കാര്യത്തിലുള്ള സമീപനങ്ങള്‍ ജനകീയ പരിശോധനയ്ക്കു വിധേയമാവട്ടെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തിലുള്ള വിഷയമായി പോലും എന്‍ഡോസള്‍ഫാന്‍ ഉയര്‍ന്നു വന്നില്ല. റിയാലിറ്റി ഷോ പോലെ പെര്‍ഫോമന്‍സിനു മാര്‍ക്ക കൂടുതല്‍ കിട്ടുന്ന പ്രചാരണ, വിവാദ കോലാഹലങ്ങളിലായിരുന്നു ജനപിന്തുണയുള്ള നേതാക്കള്‍ക്കു പോലും താല്‍പ്പര്യം.
ഈ മാസം 25 എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി കേരളം ആചരിക്കുകയാണ്. അതിനു തലേ ദിവസം തന്നെ ജനീവയിലെ സ്റ്റോക്ഹോം കണ്വന്ഷന് വേദിയില്‍ നമ്മുടെ പ്രതിനിധികള്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും. നമ്മുടെ സര്‍ക്കാരില്‍ നമുക്ക് പ്രതീക്ഷ വേണ്ട. സമ്മേളനവേദിയില്‍ സ്വീകരിക്കേണ്ട നിലപാട് പവാറും രമേശും മന്മോഹനും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, മറ്റു രാജ്യങ്ങളുടെ നിലപാടില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ വെളിച്ചം കാണുന്നു. അവര്‍ ശക്തമായ നിലപാടെടുത്ത് സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് തീരുമാനമുണ്ടായാല്‍ അവരുടെ കാരുണ്യത്തില്‍ നമ്മുടെ നാടും രക്ഷപ്പെടും.
സ്റ്റോക്ഹോം സമ്മേളനം കടലാസ് പോലും ഉപയോഗിക്കാതെ പരിസ്ഥിതിസൗഹൃദമാക്കാനുള്ള സൂക്ഷ്മത സംഘാടകര്‍ കാണിക്കുന്നു. പകരം കംപ്യൂട്ടര്‍ സ്റ്റിക്കുകളാണ് പ്രതിനിധികള്‍ക്കു നല്‍കുക. ഈ കരുതലിന്റെ നൂറിലൊരംശമെങ്കിലും നമ്മുടെ സര്‍ക്കാരിനും ഉദ്യോഗസ്ഥര്ക്കുമുണ്ടായിരുന്നെങ്കില് എന്ന് ആശിച്ചുപോവുകയാണ്.
Monday, April 25, 2011
Subscribe to:
Post Comments (Atom)
6 comments:
മരിച്ചു ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് നേരെ കണ്ണുകള്‍ തുറക്കാത്ത ഒരു ഭരണകൂടം നമ്മുക്കെന്തിനാണ്?
സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് വിജയിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം!
ഒരു പരിസ്ഥിതി സ്നേഹിയുടെ സങ്കടഹരജികള്‍
Decision is made with several loopholes. LOOPHOLES makes our county great.. these dayzz..
ഒടുവില്‍ നമ്മുടെ ''മഹാരാജ്യം'' ആദ്യ നിലപാടില്‍ നാണം കെട്ടെങ്കിലും സഹോദരങ്ങള്‍ രക്ഷപ്പെടാന്‍ വഴിയൊരുങ്ങി..
ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത്. പോസ്റ്റ് നന്നായിട്ടുണ്ട്.
ഒരു തെറ്റും ചെയ്യാതെ ദുരിതമനുഭവിക്കുന്ന ആ പാവങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്...
http://jenithakavisheshangal.blogspot.com/
Post a Comment