Tuesday, June 14, 2011

സ്‌നേഹപൂര്‍വം ആര്‍ട്ട് ഡെക്കോയ്ക്ക്...

കുന്നംകുളം പട്ടണം. തിരക്കുപിടിച്ച പകലുകളും രാത്രികളും. നേരം പുലരുന്നതോടെ കുന്നംകുളം സ്റ്റാന്റിനു ചുറ്റുമായി കിടക്കുന്ന നഗരത്തിന്റെ ഒരു ദിവസത്തിനു ജീവന്‍ വയ്ക്കും. സ്റ്റാന്റിനു കിഴക്കുപടിഞ്ഞാറു ഭാഗങ്ങളില്‍ പൂക്കച്ചവടക്കാര്‍ വരും. സ്റ്റാന്റിനുള്ളിലെ വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഉഴുന്നുവടയുടെയും ചട്ണിയുടെയും മണമുയരും.
ഒന്നും രണ്ടുമായി പ്രത്യക്ഷപ്പെടുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് ബസ് സ്റ്റാന്റ് നിറഞ്ഞു കവിയും. തമിഴ് പേരുകളുള്ള കോഴിക്കാട് ബസ്സുകളും പാലക്കാട്ടേക്കും ഗുരുവായൂരിലേക്കുമുള്ള മയില്‍വാഹനം ബസ്സുകളും പൂങ്കുന്നം വഴി തൃശൂരിലേക്കു പോവുന്ന ബസ്സുകളും പയ്യെപ്പയ്യെ വടക്കാഞ്ചേരി റൂട്ടില്‍ പോവുന്ന ബസ്സുകളും സ്റ്റാന്റില്‍ നിറയുകയും ഒഴിയുകയും ചെയ്യും. ഈ ബസ്സുകളിലെ കിളികളും നാടിന്റെ നാനാഭാഗത്തുനിന്നുള്ള കുട്ടികളും കടലക്കച്ചടവക്കാരും ഭിക്ഷക്കാരുമൊക്കെയായി കുന്നംകുളം ബഹളമയമായ ഒരു ഒന്നാംക്ലാസ്സിന്റെ പ്രതീതി ജനിപ്പിക്കും. രാവിലെയും വൈകുന്നേരവും ഈ തിരക്ക് കുടും.
നഗരത്തില്‍ ഗുരുവായൂര്‍ റോഡില്‍ ഒരു പെട്രോള്‍ പമ്പുണ്ട്. അതിനു സമീപത്തായി വലത്തോട്ടു തിരിഞ്ഞ് കല്‍പ്പടവുകളിറങ്ങിച്ചെന്നാല്‍ എത്തുക ഇംഗ്ലീഷ് നോവലുകളിലൊക്കെ കണ്ടു പരിചയിച്ച ഒരു പഴയ വലിയ വീട്ടിലേക്കാണ്. ഏതാനും ചെടികളും ചെറിയൊരു പുല്‍ത്തകിടിയും മൂന്നു ഘട്ടങ്ങളിലായുള്ള എട്ടൊമ്പതു പടികളുടെ ഒരു വശത്തു കാണാം. നഗരത്തിന്റെ തിരക്കുകള്‍ എവിടെയോ പോയി ഒളിക്കുകയും മനസ്സില്‍ സ്വകാര്യതയുടെ ശാന്തത വന്നു മൂടുകയും ചെയ്യുന്ന അന്തരീക്ഷമാണവിടെ. ഈ വീടിന്റെ ഉമ്മറമാണ് ആര്‍ട്ട് ഡെക്കോ. ആശംസാ കാര്‍ഡുകളും സമ്മാനങ്ങളും വില്‍ക്കുന്ന, വേര്‍ത്തിരിക്കാനാവാത്ത പ്രത്യേകതകളുള്ള ഷോറൂമാണിത്. ചുവരുകളിലും സീലിങ്ങിലുമൊക്കെയായി കാര്‍ഡുകളും കരകൗശല വസ്തുക്കളും വിന്യസിച്ചിരിക്കുന്നു. സമയമെടുത്ത് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.
സമ്മാനങ്ങളെയും കാര്‍ഡുകളെയും കുറിച്ചോര്‍ക്കുമ്പോള്‍ കുന്നംകുളത്തെയും പരിസരങ്ങളിലെയും ചെറുപ്പക്കാരുടെ മനസ്സില്‍ തെളിയുന്ന ആ പൂമുഖം പക്ഷേ ഇപ്പോഴില്ല. അതു പൂട്ടിയിട്ട് രണ്ടു വര്‍ഷമായിരിക്കുന്നു. പൂട്ടി എന്നു പറയുന്നതു ശരിയല്ല. പഴയ ആര്‍ട്ട് ഡെക്കോയിലേക്ക് പെട്രോള്‍ പമ്പിനു തെക്കുഭാഗത്ത് കല്‍പ്പടികളിറങ്ങി താഴേക്കു പോവുകയാണു വേണ്ടിയിരുന്നതെങ്കില്‍, വടക്കുഭാഗത്തെ കെട്ടിടത്തിന്റെ മരപ്പടികള്‍ കയറി വേണം പുതിയ ആര്‍ട്ട് ഡെക്കോ.
പക്ഷേ, പഴയ അന്തരീക്ഷമല്ല. നഗരം പഴയതിന്റെ നൂറിരട്ടി തിരക്കുകളിലാണ്. ഈ തിരക്കുകളുടെ ശബ്ദവും ബഹളവും കടമുറിയിലേക്ക് അതിക്രമിച്ചു കയറും. കാര്‍ഡുകള്‍ ധാരാളം ഇപ്പോഴുമുണ്ടെങ്കിലും കൊച്ചുസമ്മാനങ്ങളൊന്നും കാര്യമായി കാണാനില്ല.
ആര്‍ട്ട് ഡെക്കോ സ്ഥലം മാറിയതറിയാതെയാണ് ഞാന്‍ കഴിഞ്ഞ മാസം സുഹൃത്തിനായി വിവാഹവാര്‍ഷിക ആശംസാ കാര്‍ഡ് വാങ്ങാന്‍ പഴയ പടവുകളിറങ്ങിച്ചെന്നത്. വാതിലിനു പുറത്ത് വലതുവശത്തായി കാര്‍ഡ് ഷോപ്പ് സ്ഥലംമാറിയതായി രണ്ടുവരി അറിയിപ്പ് ഒട്ടിച്ചിട്ടുണ്ട്. അത് വായിച്ചുതീരുമ്പോഴേക്കും വാതിലില്‍ അവിടുത്തെ ചേച്ചി പ്രത്യക്ഷപ്പെടുകയും കട മാറ്റിയ വിവരം അറിയിക്കുകയും ചെയ്തു. ഭക്ഷണത്തിനായി അടച്ച പുതിയ കട അവര്‍ തന്നെ വന്നു തുറന്നു തരുകയും ചെയ്തു.
ഡിഗ്രി കാളേജിലെ ആഘോഷങ്ങളും ഒറ്റയക്കും കൂട്ടായും ആര്‍ട്ട് ഡെക്കോയില്‍ വന്നതും പോയതുമൊക്കെ അപ്പോള്‍ ഓര്‍ത്തു. എം.ഡി, ശ്രീകൃഷ്ണ, എല്‍.എഫ്, വിവേകാനന്ദ, ഐ.സി.എ, വ്യാസ എന്നീ കോളേജുകളിലും മേഖലയിലെ സ്‌കൂളുകളിലും ഓഫിസുകളിലുമെല്ലാം ആര്‍ട്ട് ഡെക്കോയ്ക്ക് ആരാധകരുണ്ട്.
ഓര്‍മകള്‍ വെട്ടിയൊട്ടിച്ച ഒരു ആശംസാ കാര്‍ഡ്, സ്‌നേഹപൂര്‍വം ആര്‍ട്ട് ഡെക്കോയ്ക്ക് സമര്‍പ്പിക്കുന്നു.

Thursday, April 28, 2011

ജനികമാറ്റം വരുത്തിയ വിളകള്‍ക്ക് എളുപ്പവഴിയൊരുങ്ങുന്നു

ജനിതകമാറ്റം വരുത്തിയ വഴുതനയ്ക്ക് അനുമതി നല്‍കണോ എന്ന കാര്യത്തില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കീടങ്ങളോട് മികച്ച പ്രതിരോധശേഷി കാണിക്കുന്നതെന്നും മികച്ച വിളവുനല്‍കുന്നതെന്നും അവകാശപ്പെട്ടാണ് ബഹുരാഷ്ട്ര കമ്പനിയുടെ നേതൃത്വത്തില്‍ ബി.ടി (ബാസിലസ് തുറിന്‍ജിയന്‍സിസ്) വഴുതന വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ശ്രമം നടന്നത്. എന്നാല്‍, ശാസ്ത്രജ്ഞരും കര്‍ഷകരും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുമടങ്ങുന്ന സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം ബി.ടി വഴുതനയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയായിരുന്നു.
ഇപ്പോഴിതാ, ജനിതകമാറ്റം വരുത്തിയ വിളകള്‍ രംഗത്തിറക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതെന്ന് ആശങ്കയുയര്‍ത്തുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നു. ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ബ്രായ്) ബില്ലാണ് പാര്‍ലമെന്റില്‍ എത്താന്‍ പോവുന്നത്. കാര്യമായ ചര്‍ച്ചകളോ പൊതുസമൂഹവുമായുള്ള കൂടിയാലോചനകളോ ഇല്ലാതെയാണ് ബില്ല് കൊണ്ടുവന്നതെന്നും രാജ്യത്തിന്റെ പാരിസ്ഥിതിക- കാര്‍ഷിക രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിയമനിര്‍മാണമാണ് നടക്കാന്‍ പോവുന്നതെന്നും പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. മന്ത്രിസഭ പാസാക്കിയ ബില്ലില്‍ ഭേദഗതി വരുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

സാമൂഹിക ഇടപെടല്‍ അവസാനിക്കും
ജനിതകമാറ്റം വരുത്തിയ വിളകള്‍ വിപണിയില്‍ അവതരിപ്പിക്കും മുമ്പ് ഗൗരവതരമായ ചര്‍ച്ചകളാണ് മിക്കരാജ്യങ്ങളിലും നടക്കുന്നത്. ബി.ടി വഴുതനയുടെ കാര്യത്തില്‍ ഇന്ത്യയിലും ഇതു നടന്നു. 10 സംസ്ഥാനങ്ങളാണ് ബി.ടി വഴുതന വിപണിയിലിറക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതേ വിഷയത്തില്‍ രാജ്യത്തുടനീളം ചര്‍ച്ചായോഗങ്ങളും വിശകലനങ്ങളും നടക്കുകയും ചെയ്തു. എന്നാല്‍, പുതിയ ബില്ല് വരുന്നതോടെ പൊതുചര്‍ച്ചകളുടെ സാധ്യത അവസാനിക്കും.ജനികമാറ്റം വരുത്തിയ (ജനിറ്റിക്കലി മോഡിഫൈഡ്-ജനിറ്റിക്കലി എന്‍ജിനീയേഡ്: ജി.എംജി.ഇ) വിളകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഏകജാലകസംവിധാനമായി ബ്രായ് മാറുകയും ചെയ്യും. ബില്ലിലെ ഏറ്റവും അപകടകരമായ വ്യവസ്ഥയായി ചൂണ്ടിക്കാണിക്കെപ്പെടുന്നത്, അനുമതി നല്‍കാന്‍ പോവുന്ന വിളയുടെ സാധ്യതയും അപകടവും ഏറ്റവും നന്നായി അറിയുക അത് വികസിപ്പിച്ചെടുത്ത കമ്പനിക്കാണ് എന്ന ബില്ലിലെ അനുമാനമാണ്.

ബില്ലിലെ വ്യവസ്ഥകളില്‍ ആശങ്ക
ഹരിതവിപ്ലവത്തിന് വന്‍തോതില്‍ കീടനാശിനകളും രാസവളങ്ങളും ഉപയോഗിച്ചത് പില്‍ക്കാലത്ത് കാര്‍ഷിക-പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കി എന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുപോലെ, രാജ്യം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിക്ക് ജനിറ്റിക്കലി മോഡിഫൈഡ്-ജനിറ്റിക്കലി എന്‍ജിനീയേഡ് (ജി.എം-ജി.ഇ) വിളകളാണ് പരിഹാരം എന്ന വാദഗതി ഉന്നയിക്കുന്നവര്‍ക്ക് പിന്നീട് ഖേദിക്കേണ്ടിവരുമെന്നാണ് ഗ്രിന്‍പീസ് പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിനെ സമ്പുഷ്ടമാക്കുകയും ജൈവരീതികള്‍ അവലംബിക്കുകയും ചെയ്യുക വഴി സുസ്ഥിര കാര്‍ഷിക വികസനമാണ് വേണ്ടതെന്നും അവര്‍ പറയുന്നു. അധ്യക്ഷനും രണ്ട് അംഗങ്ങളുമടങ്ങുന്ന ബ്രായ് ആയിരിക്കും ജി.എം വിളകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഉന്നതാധികാരസമിതി. മൂന്നു പേരും ജൈവശാസ്ത്രരംഗത്തെയോ ആരോഗ്യരംഗത്തെയോ ശാസ്ത്രജ്ഞരായിരിക്കും. പൊതുജനങ്ങളുടെ പ്രതിനിധിയായി ആരും അതോറിറ്റിയിലുണ്ടാവില്ല. ജനാധിപത്യപമായ ഇടപെടലുകള്‍ക്കുള്ള സാധ്യത അങ്ങനെ ഇല്ലാതാവുന്നുവെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ബ്രായ് ഇതു പരിഗണിക്കുന്നില്ല. സ്വാഭാവികമായും പ്രാദേശികമായ പ്രശ്‌നങ്ങളും അനന്തരഫലങ്ങളും സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഗണന ലഭിക്കാതെ പോവുകയും ചെയ്യും.
ശാസ്ത്ര-സാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴില്‍ ബ്രായ് സ്ഥാപിക്കുന്നത് താല്‍പ്പര്യസംഘര്‍ഷത്തിനു കാരണമാവുമെന്നാണ് മറ്റൊരു പ്രധാന ആരോപണം. ഈ മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്‌നോളജി വകുപ്പിന് ജി.ഇ വിളകളെ പ്രോല്‍സഹിപ്പിക്കുക എന്ന ചുമതലയാണുള്ളത്. പല ജി.ഇ വിള ഗവേഷണങ്ങള്‍ക്കും ഫണ്ട് നല്‍കുന്നതും വിദേശഫണ്ടുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതും ബയോടെക്‌നോളജി വകുപ്പാണ്.

വിവരങ്ങള്‍ പുറത്തുവിടണം
ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ജി.എ വിളകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ വിശദാംശങ്ങളെല്ലാം വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ലെന്നും ഇത് ബി.ടി വഴുതനയ്ക്ക് തടയിട്ടതു പോലെ പൊതുജന ഇടപെടലിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട് ബില്ലില്‍ നിന്ന് അപകടകരമായ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നും തയ്യാറാക്കുന്ന ബില്ല് പരസ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി ഗ്രീന്‍പീസ് ദേശീയ ഉപദോശക സമിതി അധ്യക്ഷയായ സോണിയാഗാന്ധിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.

നൗപാദയുടെ ജൈവവൈവിധ്യത്തിന് മരണമണി മുഴങ്ങുന്നു

മനുഷ്യന്റെ അബദ്ധസഞ്ചാരത്തില്‍ ഒരു സുപ്രധാന ജൈവവൈവിധ്യ കേന്ദ്രത്തിനു കൂടി മരണമണി മുഴങ്ങിയിരിക്കുന്നു. ആയിരക്കണക്കിനു ഈ നാട്ടുകാരും മറുനാട്ടുകാരുമായ പക്ഷികളുടെ ഇഷ്ടസങ്കേതവും അപൂര്‍വ ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതവുമായ ആന്ധ്രപ്രദേശിലെ നൗപാദ ഗ്രാമത്തിലെ ചതുപ്പുനിലങ്ങളാണ് നിലനില്‍പ്പിനെ മറന്നുള്ള വികസനത്തില്‍ ഭീഷണി നേരിടുന്നത്. നൗപദയിലെ ചതുപ്പുനിലങ്ങളോടു ചേര്‍ന്ന് സ്വകാര്യകമ്പനി സ്ഥാപിക്കുന്ന ഊര്‍ജോല്‍പ്പാദന നിലയമാണ് ഒരിക്കലും കരകയറാനാവാത്ത ദുരവസ്ഥയിലേക്ക് നൗപദയെയും പരിസരപ്രദേശങ്ങളെയും തള്ളിയിടുന്നത്.

പക്ഷികളുടെ പറുദീസ
ശ്രീകകുളം ജില്ലയിലാണ് രാജ്യത്തെ സുപ്രധാന ജൈവവൈവിധ്യ സങ്കേതങ്ങളിലൊന്ന് എന്ന് ബോംബെ നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്)യുടെ സുപ്രധാന പക്ഷി മേഖല (ഐ.ബി.എ) പരിപാടി വഴി വിലയിരുത്തിയ നൗപദ സ്ഥിതി ചെയ്യുന്നത്. മേഖലയില്‍ മാത്രം കണ്ടുവരുന്നതും വിരുന്നെത്തുന്നതുമായ ആയിരക്കണക്കിനു പക്ഷികളുടെ അഭയസ്ഥാനമാണിത്. 15 മുതല്‍ 20 വരെ ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ള നൗപാദ തെളിനീലപുരം പെലിക്കന്‍ സങ്കേതത്തില്‍ നിന്ന് അഞ്ചു കി.മീ മാത്രം ദൂരെയാണ്. തദ്ദേശീയ പക്ഷിവര്‍ഗങ്ങളുടെ കേന്ദ്രമാണ് തെളിനീലപുരം.
ശാന്ത ബൊമ്മലി മണ്ഡലത്തിലെ കകറപള്ളിയിലാണ് നൗപദ. ഇതിനു തൊട്ടടുത്താണ് ഈസ്റ്റ് കോസ്റ്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഭവന്‍പാടു താപവൈദ്യുത നിലയം സ്ഥാപിക്കാനൊരുങ്ങുന്നത്. 2009 ഫെബ്രുവരി 11ന് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചു. രണ്ട് ഘട്ടങ്ങിലായി 2640 മെഗാവാട്ട് ശേഷിയുള്ള നിലയം നിര്‍മിക്കാനാണ് പദ്ധതി.

നിയമവാഴ്ച ചോദ്യംചെയ്യപ്പെടുന്നു
കടുത്ത നിയമലംഘനമാണ് കമ്പനി നടത്തുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു. അനുമതി ലഭിക്കുന്നതിനു മുമ്പേ കമ്പനി മണ്ണുവാരലുള്‍പ്പെടെയുള്ള ജോലികള്‍ ആരംഭിച്ചു. പല തരത്തിലുള്ള ജോലികളും പുരോഗമിച്ചതോടെ നൗപദയിലെ തെളിനീര്‍ കറുത്തിരുണ്ടു. ബി.എന്‍.എച്ച്.എസ് നടത്തിയ പഠനത്തില്‍ തണ്ണീര്‍ത്തടത്തിലെ ജലം അപകടകരമാം വിധം മലിനീകരിക്കപ്പെട്ടു കഴിഞ്ഞതായി വ്യക്തമാവുകയും ചെയ്തു. 2009 ഫെബ്രുവരിയിലെ ഇ.ആര്‍.സി ജേണലിലും കമ്പനിയുടെ പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി. ചതുപ്പുനിലത്തിലേക്കൊഴുകുകയായിരുന്ന തെളഇനീര്‍ച്ചാലുകള്‍ നിര്‍മാണസ്ഥലത്തെ മലിനജലം ഒഴുക്കിക്കളയാനായി വഴിതിരിച്ചുവിട്ടു. ഇതിനായി ഒരു ഡൈവേര്‍ഷന്‍ കനാലും ഇവര്‍ നിര്‍മിച്ചു. ഉപ്പിന്റെ നേരിയ സാന്നിധ്യമുള്ള നൗപാദ ചതുപ്പുനിലത്തില്‍ തെളിനീര്‍ ഒഴുകിയെത്തേണ്ടത് സുപ്രധാനമായിരുന്നു. മേഖലയുടെ ജൈവവൈവിധ്യസംരക്ഷണത്തില്‍ ഈ നീര്‍ച്ചാലുകള്‍ സുപ്രധാനമായ പങ്കാണ് വഹിച്ചിരുന്നത്. വിവിധയിനം മല്‍സ്യങ്ങളുടെയും ഉരകങ്ങളുടെയും മറ്റ് സൂക്ഷമവും അതിസൂക്ഷമവുമായ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ഇത് അത്യമന്താപേക്ഷിതമാണ്. എന്നാല്‍, മലിനജലം ഒഴുകിപ്പരന്നതോടെ ഇവ മാത്രമല്ല, ഇവയെ ഭക്ഷിച്ചു കഴിഞ്ഞിരുന്ന പക്ഷികളുടെയും നില പരുങ്ങലിലായി. പ്രദേശത്തെ ഉപ്പിന്റെ സാന്നിധ്യം നിലനിര്‍ത്തിപ്പോന്ന നീര്‍ച്ചാലുകള്‍ അപ്രത്യക്ഷമായിത്തുടങ്ങിയപ്പോള്‍ നൗപാദയിലെയും പരിസരത്തെയും ജൈവവൈവിധ്യഘടന തകര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ചതുപ്പിലെ ഉപ്പിന്റെ അളവ് അപകടകരമായ അളവില്‍ ഉരുകയാണ്.

വനംമന്ത്രാലയത്തിന്റെ നിലപാട്
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ പരിശോധനസമിതി (ഇ.എ.സി) യാവട്ടെ, മാസങ്ങള്‍ നിരവധിയെടുത്താണ് പ്രശനം പഠിച്ചത്. നിരവധി തവം ഇവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇ.എ.സി പ്രശ്‌നത്തെ സമീപിച്ചതെങ്ങനെയെന്ന് ഇവരുടെ രണ്ടു യോഗങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. 2008 ഡിസംബറില്‍ ചേര്‍ന്ന ഇ.എ.സിയുടെ 36ാമത് യോഗത്തില്‍, വംശനാശഭിഷണി നേരിടുന്ന പക്ഷിവര്‍ഗങ്ങള്‍ കൂടുകെട്ടാനും മുട്ടയിടാനും ആശ്രയിക്കുന്ന വളരെ പ്രധാനപ്പെട്ട സങ്കേതമായാണ് നൗപാദയെ വിലയിരുത്തിയത്. സംരക്ഷണവും സൂക്ഷമപരിപാലനവും ആവശ്യമുള്ള അതുല്യമായ പാരിസ്ഥിക അസ്തിത്വം എന്നും വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍, പദ്ധതിക്ക് അനുമതി നിഷേധിക്കാന്‍ ഇ.എ.സി ഒരുക്കമല്ലായിരുന്നു. ചതുപ്പുനിലത്തില്‍ നിന്ന് പദ്ധതി ഒരല്‍പ്പം അകലേക്കു മാറ്റി കമ്പനിക്ക് പുതിയ പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാമെന്ന് ഇ.എ.സി തന്നെ നിര്‍ദേശിച്ചു. അങ്ങനെ 2450 ഏക്കര്‍ സ്ഥലമെന്നത് കമ്പനി 1995 ഏക്കറായി ചുരുക്കി. പദ്ധതിയുടെ വടക്കുഭാഗത്ത് 500 ഏക്കര്‍ ചതുപ്പുനിലം ഒഴിവാക്കിയെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍, നേരത്തേ ഇ.എ.സി നിര്‍ദേശിച്ചതു പോലെ ആദ്യത്തേതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും പുതിയ പദ്ധതി പ്രദേശത്തിനുണ്ടായില്ല. ഇ.എ.സിയാവട്ടെ അവരുടെ 40ാം യോഗത്തില്‍ പദ്ധതി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജലവും വൈവിധ്യവും തകര്‍ക്കുന്ന പദ്ധതിയുമായി മുമ്പോട്ടുപോയ കമ്പനി തന്നെ ഒരു പരിസ്ഥിതി സംരക്ഷണ സെല്ലും സ്ഥാപിച്ചുവെന്നതാണ് രസകരം. പാരിസ്ഥികാനുമതി നല്‍കുന്ന കത്തില്‍ നേരത്തേയുള്ള കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി, നൗപാദ നിലവിലോ ഭാവിയിലെ ദേശാടനപ്പക്ഷികളുടെ വഴിയല്ലെന്നും വലിയ പക്ഷികള്‍ ഈ പ്രദേശം ഉപയോഗിക്കുന്നില്ലെന്നും പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഇന്ത്യാടുഗതര്‍.കോം വെളിപ്പെടുത്തുന്നു.

ആശങ്ക നീങ്ങുമോ?
പ്രശ്‌നമറിഞ്ഞ ദേശീയ വന്യജീവി ബോര്‍ഡ് സ്ഥലത്തേക്ക് വിദഗ്ധസംഘത്തെ അയച്ചതോടെ ഇ.എ.സി പല നിര്‍ണായകവിവരങ്ങളും മറച്ചുവച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നു കണ്ടെത്തി. പ്രദേശത്തുകൂടി ചുരുങ്ങിയത് ദേശാടനപ്പക്ഷികളുടെ 10 പാതകളെങ്കിലും കടന്നുപോവുന്നുണ്ടെന്നും ജൈവവൈവിധ്യത്തിന് അപകടം സംഭവിക്കാന്‍ പോവുകയാണെന്നും ബോര്‍ഡിന്റെ സംഘം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ചൂണ്ടിക്കാട്ടലുകള്‍ക്ക് അനുമതിയെ വെല്ലുവിളിക്കാനായില്ല.
ഇപ്പോള്‍ ദേശീയ പരിസ്ഥിതി അപ്പേലറ്റ് അതോറിറ്റി (എന്‍.ഇ.എ.എ)യില്‍ പാരിസ്ഥിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇ.എ.എസ് ശര്‍മ. ഈ വര്‍ഷം മാര്‍ച്ച് 18ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭാഗികമായി എന്‍.ഇ.എ.എ സ്റ്റേ ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എന്തായിരിക്കുമെന്നതിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. നേരത്തേ ദേശീയ വന്യജീവി ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അതോറിറ്റി ഉത്തരവായി ഇറക്കുകയും ചെയ്തു. എന്നാല്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ പ്രദേശങ്ങളിലൊന്നിനെ കാലതാമസം കൂടാതെ സംരക്ഷിക്കുന്നതിനു പകരം പുതിയ വിദഗ്ധ സമിതിയെക്കൂടി നിയോഗിക്കുകയാണ് വനംപരിസ്ഥിതി മന്ത്രാലയം ചെയ്തത്.

Monday, April 25, 2011

ജനീവയില്‍ കാണാന്‍ പോവുന്ന പൂരം

ഒന്നാംക്ലാസ്സിലെ പ്രവേശനപ്രായപരിധി ആറു വയസ്സാക്കുന്നതിനെപ്പറ്റി രാസവളം മന്ത്രാലയത്തിന് എന്താണ് പറയാനുള്ളത്? എന്തൊരു പരിഹാസ്യമായ ചോദ്യം! ഇതിനേക്കാല്‍ പരിഹാസ്യവും പൈശാചികവുമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കുറിച്ച് കൃഷിമന്ത്രാലയത്തിനു മാത്രം എന്തു പറയാനുണ്ട് എന്ന ചോദ്യം. പ്രകൃതിയും മനുഷ്യനും ഏറ്റുവാങ്ങുന്ന സമാനതകളില്ലാത്ത ദുരിതത്തിന് അറുതി വരുത്തുകയാണോ, പകരം വയ്ക്കാന്‍ മറ്റൊരു കീടനാശിനി ഇല്ലാത്തതിന്റെ പേരില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കുകയാണോ വേണ്ടത് എന്ന ലളിതമായ ചോദ്യമാണ് ഇതിനു പകരം ഉയരേണ്ടിയിരുന്നത്.
നിരന്തര ജൈവ മലിനീകാരികള്‍(പി.ഒ.പി.എസ്)ക്കെതിരായ സ്റ്റോക്‌ഹോം കണ്‍വന്‍ഷനിലെ കക്ഷികളുടെ അഞ്ചാം യോഗം 25ന് ജനീവയില്‍ ചേരുകയാണ്. ഇതിനു മുമ്പുള്ള യോഗത്തിലെ നിലപാട് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം അഞ്ചാംസമ്മേളനത്തിലും സ്വീകരിക്കുന്നതെങ്കില്‍ മുഖമമര്‍ത്തി കരയുകയല്ലാതെ കാസര്‍കോട്ടെയും പാലക്കാട്ടെയും അമ്മമാര്‍ക്കു മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. സ്വിറ്റ്‌സര്‍ലന്റില്‍ ജനീവ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സെന്ററിലെ സമ്മേളനവേദിയില്‍ ഉപവിഷ്ടരാവുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുടെ കാതില്‍ എന്താണ് പറയേണ്ടതെന്നു മൂളിക്കൊടുക്കാന്‍ കമ്പനി പ്രതിനിധികള്‍ കൂടെയുണ്ടാവുമോ എന്നറിയില്ല. അത്തരം പ്രോംറ്റര്‍മാര്‍ ഇല്ലെങ്കിലും നമ്മുടെ നികുതിപ്പണവും കമ്പനിക്കാരുടെ ലാഭവിഹിതവും വാങ്ങി ജീവിക്കുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ പങ്ക് പൂര്‍വാധികം ഭംഗിയായി നിര്‍വഹിക്കുമെന്നു തന്നെ ഉറപ്പിക്കാം.
12 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് തീരുമാനിച്ചു. 81 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി മുന്നോട്ടുപോയി. അവയേക്കാളൊക്കെ നിരോധനം ആവശ്യമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യയില്‍ ഇതു നിരോധിക്കണമെന്ന അഭിപ്രായം നമ്മുടെ സര്‍ക്കാരിനില്ല. രാജ്യത്തെ കാര്‍ഷിക രംഗത്ത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയായി എന്‍ഡോസള്‍ഫാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരം വയ്ക്കാവുന്ന കീടനാശിനി വികസിപ്പിക്കുന്നതിനെ കുറിച്ചോ, വ്യാവസായിക വിപ്ലവത്തിന്റെ ഇളംതലമുറക്കാരനായി വന്ന അതിരുവിട്ട രാസകീടനാശിനി പ്രയോഗം അവസാനിപ്പിക്കുന്നതിനെ കുറിച്ചോ ചര്‍ച്ചയൊന്നും കേള്‍ക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങളില്‍ കാര്‍ഷിക വ്യവസ്ഥ വെല്ലുവിളി നേരിട്ടോ എന്ന പരമപ്രധാനമായ അന്വേഷണത്തിനും പ്രസക്തിയുണ്ട്.
കീടനാശിനിയുടെ മാരകദൂഷ്യഫലങ്ങള്‍ വ്യകമാക്കുന്ന നിരവധി റിപോര്‍ട്ടുകള്‍ അവഗണിക്കപ്പെട്ടു കിടക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനമാണ് ഏറ്റവും അവസാനം പുറത്തുവന്നിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ആണ്‍കുട്ടികളിലെ പ്രത്യുല്‍പ്പാദന ശേഷി കുറയ്ക്കുന്നതായുള്ള കണ്ടെത്തല്‍ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. തൂക്കക്കുറവ്, ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയില്ലായ്മ, ഉയരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലെ കുട്ടികളിലുണ്ടെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പഠനം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് 10,000ഓളം പേരെ പരിശോധിച്ച് നടത്തിയ പഠനവും മറ്റു പഠനങ്ങളെപ്പോലെ അവഗണിക്കപ്പെടുമെന്നു കരുതുന്നതില്‍ തെറ്റില്ല.
കേന്ദ്ര ആരോഗ്യമന്ത്രാലയം യുക്തമായ സമീപം സ്വീകരിച്ചിരുന്നെങ്കില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ആശങ്കകള്‍ ഇത്രയ്ക്ക് കനത്തതാവില്ലായിരുന്നു. എന്നാല്‍, ഉത്തരവാദിത്തത്തെ ചൊല്ലി അതീവഗുരുതരമായ ഈ പ്രശ്‌നം ആരോഗ്യമന്ത്രാലയവും വനം-പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ തട്ടിക്കളിച്ചു. ഏറ്റവുമവസാനം കൃഷിമന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നു ചൂണ്ടിക്കാട്ടി വനം-പരിസ്ഥിതി മന്ത്രാലയം കൈകഴുകി. മുമ്പ് പരിസ്ഥിതി പ്രശ്‌നങ്ങളില്‍ അഭിനന്ദനാര്‍ഹമായ നിലപാടുകള്‍ സ്വീകരിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേശ് ഇക്കാര്യത്തില്‍ ജനവികാരം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നത് സമാനതകളില്ലാത്ത പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാക്കും എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആണവോര്‍ജ ബോര്‍ഡാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് എന്ന ജയറാംരമേശിന്റെ മറുപടി ഇതിനോട് കൂട്ടിവായിക്കണം.
ഹാനികരമെന്നു റിപോര്‍ട്ട് ലഭിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാം എന്നാണ് ജയറാം രമേശിന്റെ അവസാന നിലപാട്. അത്യന്തം അപകടകാരിയാണ് എന്‍ഡോസള്‍ഫാന്‍ എന്നു തെളിയിക്കാന്‍ പുതിയ പഠനത്തിന്റെ ആവശ്യമുണ്ടെന്ന് സാമാന്യയുക്തിയുള്ളവര്‍ക്കു തോന്നാനിടയില്ല. പലപ്പോഴായി നടത്തിയ വിശദമായ പഠനങ്ങളുടെ 15 റിപോര്‍ട്ടുകള്‍ പൊടിതട്ടിയെടുത്താല്‍ മാത്രം മതി. എന്നാല്‍, മനുഷ്യനെയും പരിസ്ഥിതിയെയും സംബന്ധിച്ച പഠനങ്ങള്‍ക്ക് കൃഷിശാസ്ത്രജ്ഞരെ അയച്ച് മരിച്ചുജീവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്.
നിരോധിക്കേണ്ട തരത്തില്‍ ഹാനികരമല്ല എന്‍ഡോസള്‍ഫാന്‍ എന്നാണ് കൃഷിമന്ത്രാലയവും കേന്ദ്രസര്‍ക്കാരും ആദ്യം പറഞ്ഞിരുന്നത്. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നടത്തിയ പഠനങ്ങള്‍ ഈ വാദത്തിന്റെ മുനയൊടിച്ചു. പല വിദേശരാജ്യങ്ങളും സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍ യോഗങ്ങൡ തെളിവായി സമര്‍പ്പിച്ച രേഖകളില്‍ കാസര്‍കോട്ടെയും കര്‍ണാടകയിലെയും ദുരിതങ്ങളുമുണ്ടായിരുന്നു എന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു ഫ്രീഹിറ്റ് സിക്‌സറിക്കാന്‍ പവാറിനു കഴിയില്ല. ഇപ്പോള്‍ കേന്ദ്രം പറയുന്നത് എല്ലാ സംസ്ഥാനങ്ങളും നിരോധനം ആവശ്യപ്പെട്ടിട്ടില്ല എന്നാണ്. കേരളവും കര്‍ണാടകവും മാത്രം ആവശ്യപ്പെട്ടാല്‍ നിരോധിക്കാനാവില്ല എന്ന നിലപാടിന്റെ ജനാധിപത്യപരമായ യുക്തി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യപ്രശ്‌നം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതാവട്ടെ സത്യവിരുദ്ധവുമാണ്. മറ്റു സംസ്ഥാനങ്ങളിലും പാരിസ്ഥിതിക ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ ബോധവാന്‍മാരല്ലാത്തതും അതതു സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് പഠനം നടത്തി രേഖയാക്കത്തതു മൂലമാണ് ഇത് ദേശീയ ശ്രദ്ധില്‍ പെടാതെ പോവുന്നത്. ഇത്തരം പഠനങ്ങള്‍ക്ക് പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നത് ആശാവഹമാണ്.
തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സ്വയം ബോധവാന്‍മാരാവാനും അതിനു വേണ്ട പ്രതിവിധി തേടാനും മിനക്കെടരുത് എന്നാണ കേരളവും കര്‍ണാടകവും മാത്രം നിരോധനമാവശ്യപ്പെടുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ നെറ്റിചുളിക്കലില്‍ നിന്നു വ്യക്തമാവുന്നത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നു തിരിച്ച സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടത് മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ഇല്ലാതെയായിരുന്നു. രണ്ടുപേരും തിരഞ്ഞെടുപ്പു പരിപാടികളുടെ ക്ഷീണത്തിലാണെന്നാണ് പാര്‍ട്ടികളുടെ വിശദീകരണം. അവസാനം സംഘത്തിന്റെ നേതൃത്വം ആരോഗ്യമന്ത്രി പി കെ ശ്രീമതിയില്‍ വന്നുചേര്‍ന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് നിരോധനത്തെ കുറിച്ചുള്ള ഉറപ്പൊന്നും ലഭിച്ചില്ലെന്ന് ശ്രീമതി കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കൃഷിമന്ത്രി ശരദ് പവാറിനെ പിന്തുണച്ചു സംസാരിക്കുക മാത്രമാണത്രേ ആസൂത്രണ വിദഗ്ധനായ ഡോ.മന്‍മോഹന്‍ സിങ് ചെയ്തത്. ഐ.സി.എം.ആറിന്റെ പഠനറിപോര്‍ട്ട് വരട്ടെ എന്നാണ് പ്രധാനമന്ത്രിയുടെ സുചിന്തിതമായ നിലപാട്.
ഈ കൂടിക്കാഴ്ചയ്‌ക്കൊപ്പം പുറത്തുവന്ന അത്ര സുഖകരമല്ലാത്ത മറ്റൊരു വിവരമുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഗൗരവതരമാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കുന്നത് സര്‍വകക്ഷിസംഘത്തെ കണ്ടപ്പോഴാണ് എന്നതാണ് അത്. സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു പാടു ചോദ്യങ്ങളുണ്ട്. 2002ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച എ കെ ആന്റണി കേന്ദ്രമന്ത്രിസഭയിലെ പ്രമുഖസ്ഥാനത്തിരുന്നിട്ടും പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചില്ലേ? വയലാര്‍ രവിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇ അഹമ്മദും കെ സി വേണുഗോപാലും പ്രശ്‌നത്തെപ്പറ്റി ആരോടും സംസാരിച്ചില്ലേ? പ്രശ്‌നം ശരത് പവാറിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമമെന്നു കരുതുന്നതില്‍ എന്താണ് തെറ്റ്? യു.ഡി.എഫ് യോഗം കഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി അറിയിച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിക്കു കിട്ടിയോ എന്നു പ്രധാനമന്ത്രിയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കുന്നത് നന്ന്.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പങ്കിനെ കുറിച്ച് വിശദമായ വിശകലനം ജനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധനവും ഇരകളുടെ കാര്യക്ഷമമായ പുനരധിവാസവുമാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്‍ഡോസള്‍ഫാന്റെ ഉപയോഗം, പ്ലാന്റേഷന്‍ കോര്‍പറേഷനെക്കൊണ്ട് ഈ കീടനാശിനി തെളിപ്പിച്ചവര്‍ ആരൊക്കെ, കാല്‍നൂറ്റാണ്ടോളം സ്വീകരിച്ച നിലപാട്, അധികാരശ്രേണിയില്‍ തുടരാന്‍ കീടനാശിനിക്കമ്പനികള്‍ക്കു വേണ്ടി എടുത്ത പണി, സംസ്ഥാനങ്ങളിലും ദേശീയ തലത്തിലുമുള്ള നേതൃത്വത്തെ തൃപ്തിപ്പെടുത്താവന്‍ ജനതാല്‍പ്പര്യം അവഗണിച്ചത് - അങ്ങനെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും ഇക്കാര്യത്തിലുള്ള സമീപനങ്ങള്‍ ജനകീയ പരിശോധനയ്ക്കു വിധേയമാവട്ടെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തിലുള്ള വിഷയമായി പോലും എന്‍ഡോസള്‍ഫാന്‍ ഉയര്‍ന്നു വന്നില്ല. റിയാലിറ്റി ഷോ പോലെ പെര്‍ഫോമന്‍സിനു മാര്‍ക്ക കൂടുതല്‍ കിട്ടുന്ന പ്രചാരണ, വിവാദ കോലാഹലങ്ങളിലായിരുന്നു ജനപിന്തുണയുള്ള നേതാക്കള്‍ക്കു പോലും താല്‍പ്പര്യം.
ഈ മാസം 25 എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി കേരളം ആചരിക്കുകയാണ്. അതിനു തലേ ദിവസം തന്നെ ജനീവയിലെ സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്‍ വേദിയില്‍ നമ്മുടെ പ്രതിനിധികള്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും. നമ്മുടെ സര്‍ക്കാരില്‍ നമുക്ക് പ്രതീക്ഷ വേണ്ട. സമ്മേളനവേദിയില്‍ സ്വീകരിക്കേണ്ട നിലപാട് പവാറും രമേശും മന്‍മോഹനും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, മറ്റു രാജ്യങ്ങളുടെ നിലപാടില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ വെളിച്ചം കാണുന്നു. അവര്‍ ശക്തമായ നിലപാടെടുത്ത് സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് തീരുമാനമുണ്ടായാല്‍ അവരുടെ കാരുണ്യത്തില്‍ നമ്മുടെ നാടും രക്ഷപ്പെടും.
സ്റ്റോക്‌ഹോം സമ്മേളനം കടലാസ് പോലും ഉപയോഗിക്കാതെ പരിസ്ഥിതിസൗഹൃദമാക്കാനുള്ള സൂക്ഷ്മത സംഘാടകര്‍ കാണിക്കുന്നു. പകരം കംപ്യൂട്ടര്‍ സ്റ്റിക്കുകളാണ് പ്രതിനിധികള്‍ക്കു നല്‍കുക. ഈ കരുതലിന്റെ നൂറിലൊരംശമെങ്കിലും നമ്മുടെ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്.

Sunday, April 17, 2011

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, നിങ്ങളുടെ പേരോ ട്വന്റി ട്വന്റി?!

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ ഹിറ്റ് സിനിമയാണ് ട്വന്റി ട്വന്റി. പ്രമുഖരെല്ലാം ഉണ്ടായിരുന്ന സിനിമ പക്ഷേ കണ്ടിരിക്കാവുന്ന ഒന്നായിരുന്നു. താരങ്ങള്‍ക്കു വേണ്ടി കഥാപാത്രങ്ങളുണ്ടാക്കുക എന്ന അനാരോഗ്യകരമായ പ്രവണത തെളിഞ്ഞുകാണാമെങ്കിലും ഒരു ലോജിക് ഉള്ള സിനിമയെന്ന് ട്വന്റി ട്വന്റിയെ വിശേഷിപ്പിക്കാം.
എന്നാല്‍, ഇതാ വന്നിരിക്കുന്നു മറ്റൊരു സിനിമ! ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നാണ് അതിന്റെ പേര്. 65 രൂപ കൊടുത്ത് തിയേറ്ററില്‍ പോയി പടം കണ്ടത് ആലോചിച്ച് എനിക്ക് ഇപ്പോഴും ഒരു മനസ്സമാധാനം കിട്ടുന്നില്ല.
എന്റര്‍ടെയിനര്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ് ഇത്തരം സിനിമകളെങ്കിലും അത് ആസ്വാദകരെ എന്റര്‍ടെയ്ന്‍ ചെയ്‌തോ എന്നത് പരമപ്രധാനമായ ചോദ്യമാണ്. ജോഷിയാണ് സംവിധായകന്‍. വര്‍ണശബളമായ (ഇടി)പടങ്ങള്‍ സംഭാവന ചെയ്തയാളാണ് അദ്ദേഹം. ട്വന്റി ട്വന്റി ടീം തന്നെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെയും ശില്‍പ്പികള്‍. സിബി കെ തോമസ്, ഉദയകൃഷ്ണ തിരക്കഥയെഴുതിയ സിനിമയില്‍ മോഹന്‍ലാല്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവരാണ് മറ്റ പ്രധാന താരങ്ങള്‍.
ഓരോ കഥാപാത്രത്തിന്റെയും സംഭാഷണത്തില്‍ നിഴലിക്കുന്ന കൃത്രിമത്വം പ്രേക്ഷകനു പെട്ടെന്നു തിരിച്ചറിയാം. ദിലീപും (ജോജി എന്ന കഥാപാത്രം) ചിലയിടങ്ങളില്‍ കനിഹയുമാണ് ഇതിനൊരു അപവാദം. ഈ പിഴവ് സംഭാഷണമെഴുതുന്നതില്‍ തുടങ്ങി, സംവിധാനത്തില്‍ തൊട്ട് താരങ്ങളുടെ അശ്രദ്ധ വരെ ചെന്നു നില്‍ക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. ജഗതി തരക്കേടില്ലാത്തെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. സത്യം പറയാമല്ലോ. ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ വില്ലേജ് ഓഫിസര്‍ മാത്രമാണ് സിനിമയിലെ ആകെ ആശ്വാസം. ജഗതി വളരെ കുറച്ചു സമയത്തേക്കേ സിനിമയിലുള്ളൂ.
ഓരോ താരത്തിനും വേണ്ടി കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നു എന്നതല്ല, അത് ഏച്ചുകെട്ടിയ പോലെ മുഴച്ചു നില്‍ക്കുന്നു എന്നതാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ പ്രധാനപോരായ്മ. ലക്ഷ്മി റായിക്ക് എന്താണ് ഈ സിനിമയില്‍ പങ്ക്? മീനാക്ഷി (കാവ്യാമാധവന്‍) തന്റെ പ്രിയപ്പെട്ടവനായ ജോജി (ദിലീപ്)യെ വിളിക്കാന്‍ മോഹന്‍ലാലിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്നു. അതു കിട്ടാതാവുമ്പോള്‍ മീനാക്ഷി മോഹന്‍ലാലിന്റെ ഗുണ്ടാസ്വഭാവത്തെ കുറ്റം പറയുന്നു. അപ്പോള്‍ മോഹന്‍ലാല്‍ ഓര്‍മകളിലേക്ക് വഴുതി വീഴുന്നു. അങ്ങനെ രണ്ടു പാട്ടുകളില്‍ മാത്രം ആടാനും പാടാനുമായി ലക്ഷ്മി റായ് വരുന്നു, പോവുന്നു. ഇത് ഒരു ഉദാഹരണം മാത്രം. റഷീദ് റഹ്്മാന്‍ (ബാബു ആന്റണി) ഇത്തരത്തിലുള്ള മറ്റൊരു കഥാപാത്രം. സുരേഷ് ഗോപിയും മോഹന്‍ലാലുമൊക്കെ ഇത്രയും ലാഘവത്തോടെ ഈ പ്രായത്തില്‍ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതു ശരിയല്ല. ശരത് കുമാര്‍ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവവും മറ്റൊന്നല്ല.
സിനിമയിലെ ഹാസ്യം കണ്ടാല്‍ ചങ്കു കലങ്ങിപ്പോവും. സുരാജ് വെഞ്ഞാറമൂടിന്റെ പതിവു ഞഞ്ഞാപിഞ്ഞാ തമാശ തന്നെ ഇതിലും. സുരാജിന്റെ തമാശ സീനുകള്‍ വന്നപ്പോള്‍ ഞാന്‍ തിയേറ്ററിലെ മറ്റു പ്രേക്ഷകരുടെ പ്രതികരണം ശ്രദ്ധിച്ചു. ഭൂരിഭാഗം പേരും ഹൊ! എന്ന ഭാവത്തിലായിരുന്നു.
സ്ത്രീകഥാപാത്രങ്ങളെ സിനിമയുടെ നിറം കൂട്ടാന്‍ വേണ്ടി മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. സിനിമ മാര്‍ക്കറ്റ് ചെയ്യുന്നതും ഈ ഘടകം വച്ചാണ്. രണ്ടു ഗാനങ്ങള്‍ (മോഹം കൊണ്ടാല്‍ ഇന്നേതു പെണ്ണും, കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍) മാത്രം വച്ചാണ് സിനിമയുടെ പരസ്യങ്ങള്‍ എന്നത് സിനിമയ്ക്ക് എത്ര കാമ്പുണ്ട് എന്നതിന്റെ വ്യക്തമായ സൂചകമാണ്.
തമിഴ് സിനിമ പതുക്കെ കൈയൊഴിയുന്ന സംഘട്ടനരംഗങ്ങളിലെ അതിമാനുഷികത്വം ജോഷിയും കൂട്ടരും സമൃദ്ധമായി പ്രയോഗിച്ചിരിക്കുന്നു. കഥയുമായി വിദൂരബന്ധം പോലുമില്ലാത്ത കഥാപാത്രവുമായി ശരത് കുമാര്‍ രംഗത്തെത്തുന്നു, അടിക്കുന്നു, ഇടിക്കുന്നു, വെടിവയ്ക്കുന്നു, പോവുന്നു.
ചുരുക്കത്തില്‍ പോസ്റ്ററില്‍ പറഞ്ഞ പോലെ; കാണികള്‍ ഒന്നടങ്കം പറയുന്നു- ഇതാണ് സനിമ.
എന്നാല്‍, സിനിമയിലെ സംഗീതസംവിധാനം മികച്ച രീതിയില്‍ നിര്‍വഹിച്ചതില്‍ ദീപക് ദേവിന് ആശ്വസിക്കാം. ശ്രദ്ധിക്കപ്പെടുന്ന പാട്ടുകളാണ് മൂന്നെണ്ണവും. ഇതില്‍ രണ്ടു പാട്ടുകള്‍ പ്രേക്ഷകര്‍ മൂളിപ്പാട്ടായി കൊണ്ടു നടക്കുകയും ചെയ്യുന്നു. കൈതപ്രത്തിന്റെ വരികള്‍ മോശമായിട്ടില്ല. എ വി അനൂപും മഹാ സുബൈറുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കണ്ണും കണ്ണും എന്നു തുടങ്ങുന്ന ശങ്കര്‍ മഹാദേവനും ശ്വേതയും ചേര്‍ന്നു പാടിയിരിക്കുന്നു. കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍ എന്ന പഞ്ച് സോങ് ശങ്കറിനൊപ്പം പാടിയിരിക്കുന്നത് റിമിടോമിയാണ്. ഹിറ്റ് ഗാനമായ മിഴികളില്‍ നാണത്തിന് നിഖില്‍, രഞ്ജിത്ത്, റിമി എന്നിവര്‍ ശബ്ദം നല്‍കിയിരിക്കുന്നു. സയ്യാവേ എന്ന കംപോസര്‍ വേര്‍ഷന്‍ സോങ് ശങ്കറും ശ്വേതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
പിന്നാലെ ചൈനാ ടൗണ്‍ വരുന്നുണ്ട്. മറ്റൊരു സ്റ്റേജ് ഷോ ആണെന്നാണ് കേള്‍ക്കുന്നത്. സുകുമാരനെയും സോമനെയും നസീറിനെയുമൊക്കെ ഒരുമിച്ചുകൂട്ടി ഇതുപോലെയുള്ള സിനിമകള്‍ പിടിക്കുന്ന കീഴ്‌വഴക്കം പണ്ടുണ്ടായിരുന്നെന്നും ആ സമ്പ്രദായം പൊളിഞ്ഞുതുടങ്ങിയപ്പോഴാണ് വലിയ സാധ്യതകളുമായി മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വന്നതെന്നും കമല്‍ പറഞ്ഞതോര്‍ക്കുന്നു. ഈ പോക്ക് എന്തായാലും മലയാള സിനിമയ്ക്ക് ഗുണകരമാവുമെന്ന എനിക്ക് തോന്നുന്നില്ല.

Thursday, January 6, 2011

ആണവമാലിന്യത്തിന്റെ ദുരന്തങ്ങള്‍

രത്‌നഗിരി നല്‍കുന്ന അപായസിഗ്നല്‍‍- 2

ലോകത്തെ ഏറ്റവും വലിയ ആണവ ഓപറേറ്ററാണ്‌ ഫ്രഞ്ച്‌ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അറീവ. സ്വന്തം രാജ്യത്ത്‌ എതിര്‍പ്പു നേരിടുന്ന സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ക്കു കച്ചവടം ചെയ്‌തു കാശുണ്ടാക്കുകയും അതുവഴി ആണവസംസ്‌കരണത്തിന്‌ അത്തരം രാജ്യങ്ങളെ എന്നന്നേക്കുമായി തങ്ങളുടെ ആശ്രിതരാക്കുകയും ചെയ്യുക എന്ന തന്ത്രമാണു ഫ്രാന്‍സ്‌ ഇപ്പോള്‍ പയറ്റുന്നത്‌. ഈ കച്ചവടത്തെ മുന്നില്‍നിന്നു നയിക്കുന്നത്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നികൊളാസ്‌ സര്‍കോസി തന്നെയാണ്‌. ഒരിക്കല്‍ വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ സര്‍കോസിയെ വിശേഷിപ്പിച്ചത്‌ ആക്രമണകാരിയായ സെയില്‍സ്‌മാന്‍ എന്നാണ്‌. പണം നല്‍കാന്‍ തയ്യാറുള്ള ഏതു രാജ്യത്തിനും ആണവ സാങ്കേതികവിദ്യ വില്‍ക്കുകയാണ്‌ ഇപ്പോള്‍ ഫ്രാന്‍സ്‌ ചെയ്യുന്നത്‌.
ഇത്തരം വില്‍പ്പന നടക്കുന്നത്‌ സമാധാനാവശ്യത്തിനുള്ള ആണവോര്‍ജ സഹകരണം എന്ന പേരിലാണ്‌. എന്നാല്‍, നിരായുധീകരണ ഊര്‍ജാവശ്യം എന്ന പേരിലുള്ള ഈ കച്ചവടങ്ങള്‍ ഫ്രാന്‍സിനകത്തും പുറത്തും അറീവയ്‌ക്കുള്ള കറുത്ത ചരിത്രത്തെ വിസ്‌മരിച്ചാണു നടക്കുന്നത്‌. ഉപേക്ഷിക്കപ്പെട്ട 210 യുറേനിയം ഖനികളാണു ഫ്രാന്‍സിലുള്ളത്‌. ഇവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന വികിരണമുള്ള മണ്ണും പാറയും (ടെയിലിങ്‌സ്‌) തലമുറകള്‍ക്കു ഭീഷണിയായി തുടരുകയാണ്‌. എന്നാല്‍, ഫ്രാന്‍സിലെ പല സ്‌കൂളുകളിലും ഗ്രൗണ്ട്‌ നിര്‍മാണത്തിനും പ്രധാനെപ്പട്ട സ്ഥലങ്ങളില്‍ പാര്‍ക്കിങ്‌ ഏരിയകള്‍ നിര്‍മിക്കുന്നതിനും ടെയിലിങ്‌സ്‌ ഉപയോഗിച്ചുവരുന്നതായി സന്നദ്ധസംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്‌.
ഫ്രാന്‍സിലെ റിയാക്‌റ്ററുകളുടെ പരിസരങ്ങളിലും അല്ലാത്തിടത്തുമൊക്കെ ആണവമാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്‌. അമേരിക്കയിലേതുള്‍പ്പെടെ യുറേനിയം ഖനന കോര്‍പറേഷനുകളൊന്നും ഖനിപ്രദേശത്തും നിലയത്തിലും നടക്കുന്ന മലിനീകരണത്തിനും ഇതു വൃത്തിയാക്കുന്നതിനും ബാധ്യസ്ഥരല്ല. നിയമംവഴിയും സര്‍ക്കാരുകളുടെ ഒത്താശ വഴിയും കോര്‍പറേഷനുകള്‍ ഇതില്‍നിന്നു രക്ഷപ്പെടുകയാണു പതിവ്‌. പലപ്പോഴും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഒരു സൂചനാ ബോര്‍ഡ്‌ പോലും വയ്‌ക്കാതെ, ഭാവിയില്‍ വരാന്‍ സാധ്യതയുള്ള എല്ലാ പഴികളില്‍നിന്നും തന്ത്രപരമായി രക്ഷപ്പെടുകയാണു ചെയ്യുന്നത്‌.
അറീവാ കമ്പനിയുടെ ഏറ്റവും വലിയ സവിശേഷതയായി സി.ഇ.ഒ ആന്‍ ലോവെര്‍ഗോണ്‍ പറയുന്നത്‌, ഇടപാടുകളിലെയും പ്രവര്‍ത്തനത്തിലെയും സുതാര്യതയാണ്‌. ഈ വാദം 2008 ജൂലൈയില്‍ ട്രൈകാസ്റ്റിന്‍ നിലയത്തിലുണ്ടായ വികിരണച്ചോര്‍ച്ചയോടെ പൊളിഞ്ഞു. രണ്ടു നദികളാണ്‌ അന്നു മലിനീകരിക്കപ്പെട്ടത്‌. എന്നാല്‍, ചോര്‍ച്ചയുണ്ടായി 14 മണിക്കൂര്‍ അറീവ ഇക്കാര്യം മറച്ചുവച്ചു. പ്രതിരോധ നടപടികള്‍ തക്കസമയത്തു സ്വീകരിക്കാന്‍ ഇതുമൂലം കഴിയാതെ പോയി. നദികളിലും പരിസരപ്രദേശങ്ങളിലുമുള്ള ജലത്തില്‍ കുളിക്കുന്നത്‌ സര്‍ക്കാര്‍ നിരോധിച്ചു. അണുവികിരണമുണ്ടായ സ്ഥലത്തെ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോവാതിരിക്കുകയും ട്രൈകാസ്‌റ്റിനിലെ പൈന്‍ കര്‍ഷകര്‍ ദുരിതക്കയത്തിലാവുകയും ചെയ്‌തു. തുടര്‍ച്ചയായി മൂന്ന്‌ അപകടങ്ങളുണ്ടായതോടെ ഫ്രഞ്ച്‌ സര്‍ക്കാര്‍, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 58 നിലയങ്ങളില്‍ അടിയന്തരമായി പരിശോധനകള്‍ നടത്തി.
ഫ്രാന്‍സിലെ ഏറ്റവും `അപകടക്ഷമമായ' ആണവകേന്ദ്രം നോര്‍മാണ്ടി തീരത്തുള്ള ലാ ഹേഗിലെ വമ്പന്‍ ആണവ പുനസംസ്‌കരണനിലയമാണ്‌. സത്യത്തില്‍, ആണവമേഖലയില്‍ പുനസംസ്‌കരണം എന്ന വാക്ക്‌ ഉപയോഗിക്കാമോ എന്നതുസംബന്ധിച്ചു ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്‌. ലാ ഹേഗില്‍ രാജ്യത്തിനകത്തും പുറത്തും നിന്നെത്തുന്ന പാതി സമ്പുഷ്ടീകരിക്കപ്പെട്ട ഇന്ധനമാണു പുനസംസ്‌കരിക്കുന്നത്‌. പുതിയ റിയാക്‌റ്റര്‍ ഇന്ധനമായി ഉപയോഗിക്കാന്‍ ഇവിടെ പ്ലൂട്ടോണിയവും യുറേനിയവും രാസപ്രക്രിയ വഴി വേര്‍തിരിക്കുന്നു. യുറേനിയവും പ്ലൂട്ടോണിയവും മിശ്രിതമാക്കി എം.ഒ.എക്‌സ്‌ എന്ന ഇന്ധനമുണ്ടാക്കുന്നു. എന്നാല്‍, ഫ്രാന്‍സില്‍ 20 നിലയങ്ങള്‍ മാത്രമേ ഈ ഇന്ധനം ഉപയോഗിക്കുന്നുള്ളൂ.
ഇത്തരം നിലയങ്ങളില്‍നിന്നുണ്ടാവുന്ന ആണവ അവശിഷ്ടങ്ങളാവട്ടെ, പുനസംസ്‌കരിക്കാനും കഴിയില്ല. ഫിഷന്‍ പ്രക്രിയയില്‍ എല്ലാ നിലയങ്ങളും പ്ലൂട്ടോണിയം പുറന്തള്ളുന്നു. ഇത്‌ 40 അണുബോംബിനോളം അപകടകരമാണ്‌. 80 ടണ്‍ അധിക പ്ലൂട്ടോണിയമാണ്‌ ലാ ഹേഗില്‍ കെട്ടിക്കിടക്കുന്നത്‌. ഇതില്‍ 30 ടണ്‍, ഇറക്കുമതി ചെയ്‌ത അര്‍ധ സമ്പുഷ്ടീകൃത ഇന്ധനങ്ങള്‍ വഴിയുണ്ടായതാണ്‌. അപകടം മണത്ത പല രാജ്യങ്ങളും ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കി. യുറേനിയവും വേണ്ടവിധം പുനസംസ്‌കരണം ചെയ്യുന്നില്ല. ഫ്രഞ്ച്‌ റിയാക്‌റ്ററുകളില്‍ ഉപയോഗിക്കപ്പെട്ട 95 ശതമാനം യുറേനിയവും മറ്റു പദാര്‍ഥങ്ങളുമായി ചേര്‍ന്നു യുറേനിയം-238 ആയി അപകടാവസ്ഥയില്‍ തുടരുകയാണ്‌. പുനസംസ്‌കരണം വന്‍തോതില്‍ ദ്രവീകൃത അണുവികിരണ അവശിഷ്ടങ്ങളാണു സൃഷ്‌ടിക്കുന്നത്‌. ഇതു കടലിലേക്കും അന്തരീക്ഷത്തിലേക്കും വിടുകയാണ്‌ അറീവ ചെയ്യുന്നത്‌. ഇംഗ്ലീഷ്‌ ചാനലിലേക്ക്‌ 100 ദശലക്ഷം ഗാലണ്‍ ദ്രവീകൃതമാലിന്യങ്ങളാണു ലാ ഹേഗില്‍നിന്നു തള്ളുന്നത്‌. ബ്രേം, ജെന്റ്‌ സര്‍വകലാശാലകള്‍ നടത്തിയ പഠനത്തില്‍, ക്രിപ്‌റ്റണ്‍-85 ഉള്‍പ്പെടെ സജീവ വികിരണമുള്ള ഘടകങ്ങള്‍ കടലിലും ആകാശത്തും കണ്ടെത്തിയിട്ടുണ്ട്‌. ലാ ഹേഗില്‍ വ്യാപകമാവുന്ന രക്താര്‍ബുദം അറീവയുടെ സങ്കേതികവിദ്യയുടെ അപകടമാണു വ്യക്തമാക്കുന്നത്‌. മേഖലയിലെ ബീച്ചുകള്‍ അടയ്‌ക്കുകയും മല്‍സ്യബന്ധനം നിരോധിക്കുകയും ചെയ്‌തിരിക്കുകയാണിപ്പോള്‍.
സത്യത്തില്‍ ഫ്രാന്‍സിനു മുമ്പിലുള്ള ഏറ്റവും വലിയ പ്രശ്‌നം, കുന്നുകുന്നായി കൂടിക്കൊണ്ടിരിക്കുന്ന ആണവാവശിഷ്ടങ്ങള്‍ എങ്ങനെ ഒഴിവാക്കണം എന്നറിയാത്തതാണ്‌. വികിരണ ശുദ്ധീകരണ ഏജന്‍സിയായ ആന്‍ഡ്ര ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയിലാണിപ്പോള്‍.
ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ ഊര്‍ജപ്രതിസന്ധിക്ക്‌ ഒരേയൊരു പോംവഴിയായി ചൂണ്ടിക്കാട്ടുന്ന ആണവനിലയങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ വന്‍ കൂട്ടായ്‌മയാണു രൂപപ്പെടുന്നത്‌. 815 സംഘടനകള്‍ ആണവോര്‍ജം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭരംഗത്താണ്‌. 60 ശതമാനം ഫ്രഞ്ചുകാരും ഇനി ആണവനിലയം വേണ്ട എന്ന നിലപാടിലാണ്‌. അമേരിക്കയിലും ഫ്രാന്‍സില്‍ത്തന്നെയും എതിര്‍പ്പു നേരിടുന്ന ആണവ സാങ്കേതികവിദ്യയാണ്‌ ഇന്ത്യ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്‌.
അറീവയുടെ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത രണ്ട്‌ അധ്യായങ്ങളാണ്‌ നൈജറിലും ഗബോണിലും കമ്പനി സ്ഥാപിച്ച നിലയങ്ങളും അവയുണ്ടാക്കിയ പാരിസ്ഥിതിക സാമൂഹികപ്രശ്‌നങ്ങളും. അറീവയുടെ ആദ്യരൂപമായ കൊഗേമയാണു നിലയങ്ങള്‍ സ്ഥാപിച്ചത്‌. 40 വര്‍ഷത്തോളം യുറേനിയം ഖനനം നടത്തിയ ഈ രാജ്യങ്ങളിലെ പ്രദേശങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത ആരോഗ്യപ്രശ്‌നങ്ങളുടെ പിടിയിലാണ്‌. ഫ്രഞ്ച്‌ അഭിഭാഷകരുടെ സംഘടനയായ ഷെര്‍പ, നൈജറിലും ഗബോണിലും അറീവ നടത്തിയ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ അന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. നൈജറില്‍ സഹാറാ മരുഭൂമിയിലെ ആര്‍ലിതിലും അകോകാനിലുമാണ്‌ കമ്പനി ഖനനവും സംസ്‌കരണവും നടത്തിയത്‌. ഇവിടെയെല്ലാം ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത തരത്തില്‍ മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന മേഖലയില്‍ ആകെയുള്ള ജലാശയങ്ങളെല്ലാം വികിരണശേഷിയുള്ള ഘടകങ്ങളെക്കൊണ്ടു നിറഞ്ഞു. പാഴ്‌വസ്‌തുക്കളായും മറ്റും വിറ്റഴിച്ച വികിരണശേഷിയുള്ള പദാര്‍ഥങ്ങള്‍ മറ്റൊരു ഭീഷണിയായി മാറിയിരിക്കുകയാണ്‌. പലതും വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നിര്‍മാണത്തിനു വിദേശകമ്പനികള്‍ തന്നെ ഉപയോഗിച്ചു. അവ ആഫ്രിക്കന്‍രാജ്യങ്ങളില്‍ വിറ്റഴിച്ചു. ഗബോണ്‍ ആവട്ടെ, വികിരണപ്രശ്‌നങ്ങള്‍ കൊണ്ട്‌ ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുകയാണ്‌. അറീവ ആര്‍ലിതിലും അകോകാനിലും നിര്‍മിച്ച ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പ്രദേശത്തു വികിരണവുമായി ബന്ധപ്പെട്ട്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല എന്നു സ്ഥാപിക്കാനുള്ള തിടുക്കത്തിലായിരുന്നു. അതീവ ക്ഷീണിതരായി കാണപ്പെട്ട രോഗികളോട്‌ അവര്‍ക്ക്‌ എയ്‌ഡ്‌സാണെന്നും മലേറിയയാണെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയാണ്‌ ആശുപത്രികള്‍ ചെയ്‌തത്‌. മനുഷ്യാവകാശപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി അഗാദെസിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഒരിക്കലും തിരിച്ചുവരാനാവാത്തവിധം അണുവികിരണജന്യരോഗങ്ങള്‍ തങ്ങളെ പിടികൂടിയ വിവരം ജനങ്ങള്‍ അറിയുന്നത്‌. രോഗങ്ങള്‍ കണ്ടെത്തിയില്ല എന്നതല്ല, നിയമപരമായി സുരക്ഷിതസ്ഥാനത്തേക്കു ജനങ്ങളെ മാറ്റുന്നതിനു ഡോക്ടര്‍മാരുടെ ക്ലീന്‍ ചിറ്റ്‌ തടസ്സമായപ്പോള്‍ ആയിരങ്ങള്‍ രോഗബാധിതരായി എന്നതാണ്‌ ആശുപത്രികളുടെ ഈ നിലപാടിന്റെ അപകടം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അറീവ ഇപ്പോഴും തുടരുന്ന നിലപാട്‌ നൈജറിലെ രണ്ടു സ്ഥലങ്ങളിലും വികിരണപ്രശ്‌നമില്ല എന്നതാണ്‌. അകോകാനിലെ അറീവയുടെ ആശുപത്രിക്കു പുറത്തുള്ള കല്ലില്‍പ്പോലും സാധാരണനിലയിലേതിനേക്കാള്‍ നൂറുമടങ്ങ്‌ അണുവികിരണമുണ്ടെന്ന കണ്ടെത്തല്‍ ലോകമെമ്പാടുമുള്ള ആണവവിരുദ്ധ പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണു കേട്ടത്‌. എന്നാല്‍, താരതമ്യേന ദരിദ്രരാജ്യമായ നൈജറിനെ സ്വാധീനിച്ച്‌ 2012ല്‍ പ്രവര്‍ത്തനമാരംഭിക്കാവുന്ന തരത്തില്‍ ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ യുറേനിയം നിലയം ഇമൗറാറെന്നില്‍ നിര്‍മിക്കുകയാണ്‌ അറീവയിപ്പോള്‍. നൈജറിന്റെ ദൗര്‍ബല്യം മുതലെടുത്ത്‌ ആണവപദ്ധതികളുമായി മുന്നോട്ടുപോവുന്നതില്‍ ഇന്ത്യന്‍ കമ്പനികളുമുണ്ട്‌. ചൈന, കാനഡ, യു.എസ്‌ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവയാണു മറ്റു കമ്പനികള്‍.
അറീവയെ അമേരിക്കയിലെത്തിക്കുന്നതിനെതിരേ ആ രാജ്യത്തു പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്‌. എന്നാല്‍, ആണവമേഖലയിലെ വര്‍ഷങ്ങള്‍ നീണ്ട ഒറ്റപ്പെടല്‍ അവസാനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കടന്നുവരാന്‍ അറീവയ്‌ക്ക്‌ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. നികൊളാസ്‌ സര്‍കോസിയാവട്ടെ, തുറന്നുകിട്ടിയ വിപണിയുടെ ആവേശത്തില്‍ ഇന്ത്യയെ ഇത്രയും കാലം ഒറ്റപ്പെടുത്തിയതു ശരിയായില്ലെന്നു പ്രസ്‌താവിച്ച്‌ ഇന്ത്യന്‍ ഭരണാധികാരികളെ കൈയിലെടുക്കുകയും ചെയ്‌തു.
യു.എസില്‍ സൗത്ത്‌ കാരലിനയിലെ ഡ്യൂക്‌ എനര്‍ജിയുടെ കതാവ്‌ബ നിലയത്തിലെ പങ്കാളിയാണ്‌ അറീവ. സുരക്ഷിതത്വഭീഷണിയെ തുടര്‍ന്ന്‌ ഇത്‌ അടച്ചുപൂട്ടി. എം.ഒ.എക്‌സ്‌ ഇന്ധനം ഉപയോഗിക്കുന്ന ഫ്രാന്‍സിലെ ഒരു നിലയം പൂട്ടിയത്‌ അതു ഭൂകമ്പമേഖലയില്‍ വരുന്നതിനാലാണ്‌. അറീവയുടേത്‌ അമേരിക്ക കണ്ടതില്‍ വച്ച്‌ ഏറ്റവും ചെലവേറിയ സാങ്കേതികവിദ്യയാണെന്ന്‌ ആ രാജ്യത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ മൂന്ന്‌ അനുഭവങ്ങളും ജൈതാപൂരിന്റെ കാര്യത്തില്‍ അവഗണിക്കപ്പെട്ടു. ശേഷി തെളിയിക്കപ്പെടാത്തതോ വിവിധരംഗത്തുള്ളവര്‍ വിമര്‍ശിച്ചതോ ആയ ഇവല്യൂഷനറി പവര്‍ റിയാക്‌റ്റര്‍ (ഇ.പി.ആര്‍) എന്നു പേരുള്ള യൂറോപ്യന്‍ പ്രഷറൈസ്‌ഡ്‌ റിയാക്‌റ്ററുകളാണ്‌ അറീവയുടെ ഇപ്പോഴത്തെ തുറുപ്പുചീട്ട്‌. ഇതുതന്നെയാണ്‌ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ പോവുന്നതും.
ഫിന്‍ലന്റിലെ ഓല്‍കിലുവോത്തോയിലും ഫ്രാന്‍സിലെ ഫ്‌ളാമന്‍വില്ലെയിലും അറീവ സ്ഥാപിക്കുന്ന ഇ.പി.ആറുകള്‍ ഇപ്പോള്‍ തന്നെ തകരാറിലായിരിക്കുകയാണ്‌. ഫിന്‍ലന്റിലുണ്ടായ തകരാര്‍ തക്കസമയത്തു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ആ രാജ്യത്തിന്റെ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി എഴുതിച്ചേര്‍ക്കേണ്ടിവരുമായിരുന്നു. ഈ പദ്ധതിയിലെ പങ്കാളിയായ സീമെന്‍സ്‌ അറീവയെ വിട്ടുപോയി. ഫ്രാന്‍സിലും അപകടകരമായ രീതിയിലുണ്ടായ വികിരണത്തെ തുടര്‍ന്നു നിലയം അടച്ചു. ഇതൊക്കെ നടക്കുന്നതിനിടയ്‌ക്കു ഫ്രഞ്ച്‌ വൈദ്യുത കമ്പനിയായ ഇ.ഡി.എഫിന്റെ രേഖകള്‍ പുറത്തായത്‌ ഇ.പി.ആറുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചു കൂടുതല്‍ ആശങ്കകളുണ്ടാക്കി. ജോണ്‍ ലാര്‍ജ്‌ എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍ നടത്തിയ പഠനത്തില്‍, ഇ.പി.ആറുകള്‍ തകര്‍ച്ചയ്‌ക്കും ആക്രമണങ്ങള്‍ക്കും എളുപ്പത്തില്‍ വിധേയമാവുമെന്നു മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍, ആണവരംഗത്തെ ഒറ്റപ്പെടലിനു പരിഹാരമെന്ന കോണ്‍ഗ്രസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദത്തില്‍ വീണുപോയി എന്നു കരുതേണ്ടിയിരിക്കുന്നു. രത്‌നഗിരിയിലെ ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിച്ചാല്‍ തുടര്‍ച്ചയായി ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതു നമ്മുടെ രാജ്യം നോക്കിനില്‍ക്കേണ്ടിവരും. വികസിതരാജ്യമായിട്ടു കൂടി ഫ്രാന്‍സ്‌ അനുഭവിക്കുന്ന ആണവപ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്തും വന്നാല്‍ അന്നു മറുപടി പറയാനും നഷ്ടപരിഹാരം തരാനും ആരുമുണ്ടായെന്നു വരില്ല. ഭോപാല്‍ എന്ന മറന്നുപോവാത്ത പാഠം നമ്മുടെ മുന്നിലുണ്ട്‌.
(അവസാനിച്ചു.)

രത്‌നഗിരി നല്‍കുന്ന അപായസിഗ്നല്‍

അന്താരാഷ്ട്ര ആണവ വ്യാപാരരംഗത്തേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവിനു പ്രായോഗികമായി ആദ്യത്തെ അംഗീകാരം നല്‍കിയ രാജ്യമാണു ഫ്രാന്‍സ്‌. ഇന്ത്യയില്‍ ആണവ റിയാക്‌റ്ററുകള്‍ സ്ഥാപിക്കുന്ന കോടിക്കണക്കിനു രൂപയുടെ കരാറിലാണു ഫ്രഞ്ച്‌ കമ്പനിയായ അറീവ ഒപ്പുവച്ചിരിക്കുന്നത്‌. പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നുണ്ടായ ഉപരോധനടപടികളുടെ ഭാഗമായാണു 34 വര്‍ഷത്തേക്ക്‌ അന്താരാഷ്ട്ര ആണവ വ്യാപാരരംഗത്ത്‌ ഇന്ത്യക്ക്‌ വിലക്കു വന്നത്‌. 2007 നവംബറിലാണ്‌ ഇന്ത്യയിലെ ആണവവിപണിയില്‍ ഫ്രഞ്ച്‌ കമ്പനികളുടെ കടന്നുവരവ്‌ എളുപ്പമാക്കാനുള്ള നടപടികള്‍ക്കു ഫ്രഞ്ച്‌ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കിയത്‌. 2009 സപ്‌തംബറില്‍ ഇരുരാജ്യങ്ങളും സിവില്‍ ആണവ സഹകരണ കരാര്‍ ഒപ്പുവച്ചു. തുടര്‍ന്ന്‌ ഇന്തോ-ഫ്രഞ്ച്‌ ആണവകരാര്‍ നിലവില്‍വരുകയും ചെയ്‌തു. ഇതിന്റെ തുടര്‍ച്ചയാണ്‌ ഈ മാസമാദ്യം നടന്ന പ്രസിഡന്റ്‌ നികൊളാസ്‌ സര്‍കോസിയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെ ഇന്ത്യയും ഫ്രഞ്ച്‌ കമ്പനിയായ അറീവയും തമ്മില്‍ ഒപ്പുവച്ച കരാര്‍.
ആണവ ഇടപാടുകള്‍ക്കായുള്ള ചട്ടക്കൂട്‌ സംബന്ധിച്ച പൊതുകരാറും ആണവോര്‍ജ സഹകരണം സംബന്ധിച്ച നാലു മറ്റു കരാറുകളുമാണു സര്‍കോസിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ചിരിക്കുന്നത്‌. മഹാരാഷ്ട്രയില്‍ രത്‌നഗിരി ജില്ലയിലെ ജൈതാപൂരില്‍ ആണവ റിയാക്‌റ്ററുകള്‍ സ്ഥാപിക്കുന്നതിന്‌ അറീവയുമായി ഒപ്പുവച്ച കരാറാണ്‌ ഇവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്‌. ഇതോടൊപ്പം ആണവ ഗവേഷണം, ആണവസുരക്ഷ, ആണവാവശിഷ്ട പരിപാലനം എന്നീ മേഖലകളില്‍ കൂടുതല്‍ കരാറുകള്‍ തയ്യാറായിവരുകയുമാണ്‌.
രത്‌നഗിരിയില്‍ സ്ഥാപിക്കാന്‍ പോവുന്നത്‌ സുരക്ഷിതമല്ലാത്തതും പ്രവര്‍ത്തനം പരിശോധിച്ച്‌ ഉറപ്പുവരുത്താത്തതുമായ റിയാക്‌റ്ററുകളാണെന്ന ആരോപണമുയര്‍ന്നിരിക്കുകയാണ്‌. അറീവയുടെ റിയാക്‌റ്ററുകള്‍ക്കെതിരേ യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രതിഷേധം രത്‌നഗിരിയിലെ ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജൈതാപൂര്‍ ഭൂകമ്പമേഖലാ പ്രദേശമായതിനാല്‍ ഒരു ചെറിയ അശ്രദ്ധപോലും വന്‍ ദുരന്തത്തിനു കാരണമാവുമെന്നു ജനങ്ങളും പരിസ്ഥിതിപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. കൊങ്കണ്‍ ബച്ചാവോ സമിതിപോലുള്ള ജനകീയ പ്രതിരോധസംഘങ്ങള്‍ മേഖലയില്‍ അതിവേഗം കരുത്താര്‍ജിക്കുകയാണ്‌.
അറീവയും ഇന്ത്യയുടെ ആണവോര്‍ജ കോര്‍പറേഷനു(എന്‍.പി.സി.ഐ.എല്‍)മാണ്‌ രത്‌നഗിരിയില്‍ റിയാക്‌റ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള രൂപരേഖാ കരാറില്‍ ഒപ്പുവച്ചത്‌. 10,000 മെഗാവാട്ട്‌ ഊര്‍ജോല്‍പ്പാദനമാണു പദ്ധതിയുടെ ലക്ഷ്യം. അന്തിമലക്ഷ്യം 33,000 വാട്ടാണെന്നും പറയുന്നു. താമസിയാതെ 1650 മെഗാവാട്ട്‌ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാണു പദ്ധതിയിടുന്നത്‌. എന്നാല്‍, സര്‍ക്കാര്‍ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നും ഈ അളവില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കുറഞ്ഞത്‌ ഒമ്പതുവര്‍ഷമെങ്കിലും എടുക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2500 കോടി ഡോളര്‍ (1,12,000 കോടിയോളം രൂപ) ചെലവില്‍ 1650 മെഗാവാട്ട്‌ വീതം ശേഷിയുള്ള ആറു നിലയങ്ങളാണു സ്ഥാപിക്കാന്‍ പോവുന്നത്‌. ഇതില്‍ രണ്ടു നിലയങ്ങളാണ്‌ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. വമ്പന്‍ പദ്ധതി വരുന്നതോടെ രത്‌നഗിരി മാത്രമല്ല അനുബന്ധപ്രദേശങ്ങളും മുംബൈ നഗരവും കൊങ്കണ്‍ തീരം തന്നെയും ഭീഷണിയുടെ നിഴലിലാവുമെന്ന്‌ ആശങ്ക പരന്നുകഴിഞ്ഞു.
പരിസ്ഥിതി ദുര്‍ബലപ്രദേശമെന്നു വിലയിരുത്തപ്പെട്ട രത്‌നഗിരി മേഖലയിലാണു ജൈതാപൂര്‍ ആണവനിലയം വരുന്നത്‌; അതും സുരക്ഷയെക്കുറിച്ച്‌ ഒരുറപ്പുമില്ലാതെ. ആണവനിലയത്തിനു വനം-പരിസ്ഥിതിമന്ത്രാലയം സോപാധിക അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പരിസ്ഥിതിനാശവും ജനങ്ങളുടെ അരക്ഷിതാവസ്ഥയും സംബന്ധിച്ച ആശങ്കകള്‍ മേഖലയിലെങ്ങും പടര്‍ന്നിരിക്കുകയാണ്‌. പാരിസ്ഥിതിക അനുമതി നല്‍കിയതു വേണ്ടത്ര പഠനങ്ങള്‍ നടത്താതെയും ദീര്‍ഘകാല പരിണതികള്‍ കണക്കിലെടുക്കാതെയുമാണെന്നു പ്രഫ. മാധവ്‌ ഗാഡ്‌ഗിലിനെപ്പോലുള്ള പ്രമുഖരായ പരിസ്ഥിതി നിരീക്ഷകര്‍ പറയുന്നു.
കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ രാജവ്യാപക പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ തയ്യാറാക്കിയ വ്യവസായ സാധ്യതകള്‍ക്കുള്ള സൂചനാ ഭൂപടം പരിശോധിച്ചാല്‍ രത്‌നഗിരി അത്രയൊന്നും പരിസ്ഥിതിപ്രാധാന്യമില്ലാത്ത മേഖലയാണെന്നു തോന്നും. രത്‌നഗിരിയിലെ സംരക്ഷിതവനവും കണ്ടല്‍ക്കാടുകളും മാത്രമാണ്‌ ഈ ഭൂപടം പരിഗണിച്ചിരിക്കുന്നത്‌. ചരിത്രപരമായ പല കാരണങ്ങള്‍കൊണ്ടു രത്‌നഗിരിയില്‍ സംരക്ഷിതവനമായി പ്രഖ്യാപിച്ച പ്രദേശം വളരെ കുറവാണ്‌. എന്നാല്‍, ജൈവവൈവിധ്യം കൊണ്ടു സമ്പന്നമായ രത്‌നഗിരി മേഖലയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വനപ്രദേശങ്ങളാണു കൂടുതല്‍. ജില്ലയുടെ 2.5 ശതമാനം മാത്രമേ ഇവരുടെ കണക്കില്‍ വനമായിട്ടുള്ളൂ. സ്വകാര്യവനങ്ങള്‍ കൂടി ചേര്‍ത്താല്‍ ഇതു 40 ശതമാനത്തോളമാവും. കൊങ്കണ്‍ പീഠഭൂമി ജൈവവൈവിധ്യത്തിന്റെ കേദാരമാണ്‌. ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥകളാണു പീഠഭൂമിയിലെങ്ങും. ഈ ഘടകങ്ങളൊന്നും പാരിസ്ഥിതികാഘാത പഠനങ്ങളില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനു പുറമെ, മാങ്ങ, മല്‍സ്യം, പുഷ്‌പം എന്നിവയാണു മേഖലയിലെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ എന്ന കാര്യവും ഇവയ്‌ക്കു പുതിയ പദ്ധതി വരുന്നതോടെ ഉണ്ടാവാന്‍ പോവുന്ന പ്രശ്‌നങ്ങളും അവഗണിക്കപ്പെട്ടു.
അതിശക്തിയുള്ള ആണവനിലയം വരുന്നതിനു മറ്റൊരു വശംകൂടിയുണ്ട്‌. കൊങ്കണ്‍ മേഖലയ്‌ക്ക്‌ ആകെ വേണ്ടിവരുന്നതിന്റെ എത്രയോ ഇരട്ടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോടെ ഇതു `കയറ്റുമതി' ചെയ്യാന്‍ ഹൈടെന്‍ഷന്‍ വിതരണശൃംഖലകള്‍ സ്ഥാപിക്കുമെന്നുറപ്പാണ്‌. പശ്ചിമഘട്ടത്തിലെങ്ങുമായി ഇതു നീണ്ടുനിവര്‍ന്നും ചുറ്റിപ്പിണഞ്ഞും കിടക്കും. ഈ ലൈനുകള്‍ക്കു താഴെയും ചുറ്റിലുമായി വളരുന്ന വൃക്ഷങ്ങള്‍ക്കും ചെയ്യാവുന്ന കൃഷികള്‍ക്കും നിയന്ത്രണം വരുന്നതോടെ വനങ്ങള്‍ക്കും കശുമാവ്‌, മാവ്‌ തുടങ്ങിയ കാര്‍ഷികവിളകള്‍ക്കും ക്രമേണ മരണമണി മുഴങ്ങുകയും ചെയ്യും. നിലയം സ്ഥാപിക്കാന്‍ ഉേദ്ദശിക്കുന്ന സ്ഥലത്തിനു ചുറ്റും ഇത്തരം കൃഷിയിടങ്ങളുണ്ടെന്നതു നിസ്സാരമായി കാണരുതെന്നു കാര്‍ഷികവിദഗ്‌ധര്‍ പറയുന്നു.
ഊര്‍ജാവശ്യവും പദ്ധതിയുടെ ആവശ്യകതയും സംബന്ധിച്ചു ശാസ്‌ത്രീയവും സത്യസന്ധവുമായ കണക്കുകള്‍ ആവശ്യമാണെന്നു കൊങ്കണ്‍ ബച്ചാവോ ആന്ദോളന്‍ പറയുന്നു. ഊര്‍ജാവശ്യത്തിന്‌ ആണവ സാങ്കേതികവിദ്യയാണ്‌ ആദ്യത്തെ അഭയമെന്നതു തെറ്റായ നയരൂപീകരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആണവനിലയത്തില്‍നിന്നുള്ള പ്രധാന പ്രശ്‌നം അണുവികിരണമാണ്‌. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും സമാനതകളില്ലാത്ത ദുരിതം സമ്മാനിച്ച്‌ ആയിരക്കണക്കിനു വര്‍ഷം അണുവികിരണം തുടര്‍ന്നുകൊണ്ടേയിരിക്കും. നിലയത്തില്‍നിന്നുണ്ടാവുന്ന ആണവ അവശിഷ്ടങ്ങള്‍, അസംസ്‌കൃത സ്രോതസ്സുകള്‍, ഇവയുടെ ശേഖരണം എന്നിവയും പ്രശ്‌നങ്ങളാണ്‌. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാല്‍ ഒരു വലിയ ഭൂവിഭാഗത്തിന്റെ ചരിത്രം തന്നെ മാഞ്ഞുപോവുകയും ചെയ്യും.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 35 ഉപാധികളാണു പാരിസ്ഥിതികാനുമതിക്കായി മുന്നോട്ടുവച്ചത്‌. ഇതില്‍ 23 എണ്ണം സുവ്യക്തവുമാണ്‌. എന്നാല്‍, പാരിസ്ഥിതികാഘാത പഠനത്തെ സാമ്പത്തികവും തന്ത്രപരവുമായ ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന മന്ത്രി ജയറാം രമേശിന്റെ പ്രസ്‌താവന, പഠനത്തിന്റെയും അനുമതിയുടെയും സാധുതയില്ലായ്‌മയെയാണു സൂചിപ്പിക്കുന്നതെന്ന്‌ പരിസ്ഥിതിപ്രവര്‍ത്തകരും രത്‌നഗിരിയിലെ സാമൂഹികപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടുതന്നെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
മറ്റെല്ലാ പദ്ധതികള്‍ക്കുമെന്നപോലെ ജൈതാപൂര്‍ ആണവനിലയത്തിനും വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നു. പദ്ധതിക്കു സോപാധിക അനുമതി നല്‍കിയശേഷം പരിസ്ഥിതിമന്ത്രി ജയറാം രമേശ്‌ ഇപ്പോള്‍ പറയുന്നത്‌, ആണവ സുരക്ഷിതത്വം ആണവോര്‍ജ നിയന്ത്രണ ബോര്‍ഡി(എ.ഇ.ആര്‍.ബി)നാണെന്നാണ്‌. എല്ലാ തലത്തിലും പദ്ധതിയെക്കുറിച്ചു വിശദമായ പഠനം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌. പരിസ്ഥിതി, സാങ്കേതികവിദ്യ, അണുവികിരണം, ശേഖരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സത്യസന്ധമായ പഠനമാണ്‌ ആവശ്യം. എ.ഇ.ആര്‍.ബി നടപടിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുക കൂടി ചെയ്യുന്നതോടെ ഇത്തരം ആശങ്കകള്‍ക്ക്‌ അല്‍പ്പം ആശ്വാസമാവും.
അറീവയുടെ പരിസ്ഥിതി, ആരോഗ്യ, വികസന, സാമ്പത്തികചരിത്രം മറന്നാണു കമ്പനിക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ ചുവപ്പുപരവതാനി വിരിക്കുന്നതെന്ന്‌ രത്‌നഗിരിക്കൊപ്പം രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സിന്റെ ഊര്‍ജാവശ്യങ്ങളുടെ 80 ശതമാനവും ആണവപദ്ധതികളില്‍നിന്നാണെന്ന വാദം മുന്നോട്ടുവച്ചാണ്‌ അമേരിക്കയില്‍ ചില ആണവ ഏജന്റുമാര്‍ അറീവയെ അങ്ങോട്ടു ക്ഷണിച്ചത്‌. ഇതില്‍ അമേരിക്കയിലെ പ്രമുഖ റിപബ്ലിക്കന്‍ നേതാക്കളും ഉള്‍പ്പെടുന്നു. എന്നാല്‍, ഇതു വെറും പ്രചാരണം മാത്രമാണെന്ന്‌ അമേരിക്കയിലെ സന്നദ്ധസംഘടനകള്‍ കണക്കുകളുദ്ധരിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. ഫ്രാന്‍സിന്റെ ആണവശേഷിയെക്കുറിച്ചുള്ള ചര്‍ച്ച അമേരിക്കയില്‍ സജീവമാവാനുള്ള കാരണം, അമേരിക്കയില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ അറീവയെ കൊണ്ടുവരാനുള്ള നീക്കമാണ്‌. ആഫ്രിക്കന്‍രാജ്യങ്ങളില്‍ അറീവയും അനുബന്ധസ്ഥാപനങ്ങളും വിതച്ച തീരാദുരിതങ്ങളുടെ ചരിത്രം വിസ്‌മരിക്കരുതെന്ന സന്ദേശമാണ്‌ അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തകര്‍ അവിടത്തെ പൊതുസമൂഹത്തിനു മുന്നില്‍വച്ചത്‌. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അപകടാവസ്ഥയും സാങ്കേതികവിദ്യയുടെ ഉയര്‍ന്ന ചെലവും ഇതിനു പുറമെ. ഒരുപറ്റം മാധ്യമപ്രവര്‍ത്തകരും അറീവയുടെ റിയാക്‌റ്ററുകള്‍ യു.എസിലെത്തിക്കുന്നതിനു വേണ്ടി പണിയെടുത്തു.
ലോകത്തെ ഏറ്റവും വലിയ ആണവ ഓപറേറ്ററാണ്‌ ഫ്രഞ്ച്‌ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അറീവ. സ്വന്തം രാജ്യത്ത്‌ എതിര്‍പ്പു നേരിടുന്ന സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ക്കു കച്ചവടം ചെയ്‌തു കാശുണ്ടാക്കുകയും അതുവഴി ആണവസംസ്‌കരണത്തിന്‌ അത്തരം രാജ്യങ്ങളെ എന്നന്നേക്കുമായി തങ്ങളുടെ ആശ്രിതരാക്കുകയും ചെയ്യുക എന്ന തന്ത്രമാണു ഫ്രാന്‍സ്‌ ഇപ്പോള്‍ പയറ്റുന്നത്‌. ഈ കച്ചവടത്തെ മുന്നില്‍നിന്നു നയിക്കുന്നത്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നികൊളാസ്‌ സര്‍കോസി തന്നെയാണ്‌. ഒരിക്കല്‍ വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ സര്‍കോസിയെ വിശേഷിപ്പിച്ചത്‌ ആക്രമണകാരിയായ സെയില്‍സ്‌മാന്‍ എന്നാണ്‌. പണം നല്‍കാന്‍ തയ്യാറുള്ള ഏതു രാജ്യത്തിനും ആണവ സാങ്കേതികവിദ്യ വില്‍ക്കുകയാണ്‌ ഇപ്പോള്‍ ഫ്രാന്‍സ്‌ ചെയ്യുന്നത്‌.
ഇത്തരം വില്‍പ്പന നടക്കുന്നത്‌ സമാധാനാവശ്യത്തിനുള്ള ആണവോര്‍ജ സഹകരണം എന്ന പേരിലാണ്‌. എന്നാല്‍, നിരായുധീകരണ ഊര്‍ജാവശ്യം എന്ന പേരിലുള്ള ഈ കച്ചവടങ്ങള്‍ ഫ്രാന്‍സിനകത്തും പുറത്തും അറീവയ്‌ക്കുള്ള കറുത്ത ചരിത്രത്തെ വിസ്‌മരിച്ചാണു നടക്കുന്നത്‌. ഉപേക്ഷിക്കപ്പെട്ട 210 യുറേനിയം ഖനികളാണു ഫ്രാന്‍സിലുള്ളത്‌. ഇവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന വികിരണമുള്ള മണ്ണും പാറയും (ടെയിലിങ്‌സ്‌) തലമുറകള്‍ക്കു ഭീഷണിയായി തുടരുകയാണ്‌. എന്നാല്‍, ഫ്രാന്‍സിലെ പല സ്‌കൂളുകളിലും ഗ്രൗണ്ട്‌ നിര്‍മാണത്തിനും പ്രധാനെപ്പട്ട സ്ഥലങ്ങളില്‍ പാര്‍ക്കിങ്‌ ഏരിയകള്‍ നിര്‍മിക്കുന്നതിനും ടെയിലിങ്‌സ്‌ ഉപയോഗിച്ചുവരുന്നതായി സന്നദ്ധസംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്‌.
(അവസാനിക്കുന്നില്ല.)