Friday, December 17, 2010

കര്‍ണാടക: അഴിമതിയുടെ താമരക്കുളങ്ങള്‍

അധികാരത്തിന്റെ തൂക്കമൊപ്പിക്കാനായി വിയര്‍ത്തു പണിയെടുക്കുമ്പോഴും ഓരോ ദിവസവും അഴിമതിയുടെ മാലിന്യത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണു ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി. സര്‍ക്കാര്‍. രൂപീകരിച്ച അന്നുതന്നെ കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിനെ കഷ്ടകാലവും തേടിയെത്തി. സംസ്ഥാനത്തെ ഖനിരാജാക്കന്മാര്‍ക്കു ചെയ്‌തുകൊടുത്ത സേവനങ്ങളാണ്‌ ആദ്യം പുറത്തുവന്ന അഴിമതിയെങ്കില്‍, ഇപ്പോള്‍ കേള്‍ക്കുന്ന ഓരോ വാര്‍ത്തയും യെദ്യൂരപ്പക്കെതിരായ അഴിമതിയാരോപണങ്ങളാണ്‌. കേന്ദ്രം ഭരിച്ച ദേശീയപാര്‍ട്ടി സ്വന്തം മുഖ്യമന്ത്രിയുടെ താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ നിശ്ശബ്‌ദരാവുന്നതിന്റെ കാരണമെന്തെന്ന ചോദ്യത്തെ നേരിടാനാവാതെ ചക്രശ്വാസം വലിക്കുകയാണ്‌. പ്രതിപക്ഷമായ ജെ.ഡി.എസ്‌, രേഖകള്‍ സഹിതം അഴിമതിയാരോപണങ്ങള്‍ പുറത്തുവിടുകയും ലോകായുക്ത അന്വേഷണം തുടങ്ങുകയും ചെയ്‌തിട്ടും ബി.ജെ.പി സര്‍ക്കാരിന്‌ ഇനിയും കൃത്യമായ മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല.
ദക്ഷിണേന്ത്യയിലൊരിടത്തു താമര വിരിയിക്കുകയെന്നതിനു പിന്നില്‍ ഏറെക്കാലത്തെ ആസൂത്രണമുണ്ടായിരുന്നു. കന്നഡദേശത്തു സ്വാധീനം ഉറപ്പിച്ചാല്‍ കേരളത്തിലും ആന്ധ്രപ്രദേശിലും സാധ്യതകള്‍ തുറക്കാന്‍ കഴിയുമെന്നായിരിക്കാം കണക്കുകൂട്ടല്‍. എന്നാല്‍, ബി.ജെ.പി. ഭരണം കര്‍ണാടകയിലെ സാമൂഹികഘടനയില്‍ വിള്ളലുകളുണ്ടാക്കുകയും സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന വിവിധ വിഭാഗങ്ങളെ ശത്രുക്കളാക്കി മാറ്റുകയുമാണുണ്ടായത്‌. അയല്‍സംസ്ഥാനങ്ങളിലെ സമാധാനാന്തരീക്ഷത്തിനു പോലും ഭീഷണിയാവുന്ന തരത്തിലാണ്‌ ഇതിന്റെ പരിണതി.

അധികാരം: ഒരു ഞാണിന്‍മേല്‍ക്കളി
ജെ.ഡി.എസും ബി.ജെ.പിയും ഒരുമിച്ചു ഭരിച്ചിരുന്ന കര്‍ണാടകയില്‍, പ്രായോഗികരാഷ്ട്രീയത്തിന്റെ പതിനെട്ടടവുകളും അറിയാവുന്ന ജെ.ഡി.എസ്‌. കോണ്‍ഗ്രസുമായാണു പിന്നീടു സഖ്യത്തിലായത്‌. ഓരോ ദിവസവും യെദ്യൂരപ്പ കണക്കുതികയ്‌ക്കാനുള്ള ശ്രമത്തിലായിരുന്നു. ആദ്യം ബെല്ലാരിസഹോദരന്മാര്‍ എന്നറിയപ്പെടുന്ന ജനാര്‍ദന്‍ റെഡ്ഡിയും കരുണാകര്‍ റെഡ്ഡിയുമാണ്‌ യെഡ്ഡിയെ മുള്‍മുനയില്‍ നിറുത്തിയത്‌. ബെല്ലാരിയില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരേ പരക്കെ ആക്ഷേപമുയരുകയും ലോകായുക്ത ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ അയിരുകയറ്റുമതി നിരോധിച്ചു. ബെല്ലാരിബ്രദേഴ്‌സ്‌ യെഡ്ഡിയുമായി ഇടയുന്നത്‌ അവിടംമുതലാണ്‌.
എന്നാല്‍, റെഡ്ഡിമാരുടെ പണത്തൂക്കത്തിനു മുന്നില്‍ ഒരു കൂട്ടം നിയമസഭാസാമാജികര്‍ അവരുടെ രഹസ്യപാളയത്തിലെത്തി. സര്‍ക്കാരിനെ വീഴ്‌ത്തുമെന്നു ഭീഷണി മുഴക്കി. എം.എല്‍.എമാരെ ഒപ്പം നിര്‍ത്താനും തിരിച്ചുപിടിക്കാനും കോടികള്‍ മറിഞ്ഞു. ഇരുമ്പയിര്‌ കയറ്റുമതി നിരോധനം ഹൈക്കോടതി ശരിവച്ചതോടെയാണു റെഡ്ഡി സഹോദരന്മാര്‍ തല്‍ക്കാലം മുട്ടുമടക്കിയത്‌. അധികം താമസിയാതെ വീണ്ടുമുണ്ടായി പ്രതിസന്ധി. ഇത്തവണ റെഡ്ഡിമാര്‍ യെദ്യൂരപ്പയ്‌ക്കു പിന്തുണയുമായെത്തി. ഈ വടംവലികളും ഞാണിന്‍മേല്‍ക്കളികളും അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു.
ഇപ്പോഴത്തെ ഭരണപ്രതിസന്ധിയുടെ കാരണവും മറ്റൊന്നല്ല. 20ഓളം ഭരണകക്ഷി എം.എല്‍.എമാര്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. 11 ബി.ജെ.പി. എം.എല്‍.എമാരും ആറു സ്വതന്ത്രരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു സ്‌പീക്കര്‍ക്കു കത്തു നല്‍കി. കോടികള്‍ കണ്ടു പേടിക്കേണ്ട എന്നുകരുതി കേരളത്തിലും ഗോവയിലും മുംബൈയിലുമായി തങ്ങി. തൊട്ടുപിന്നാലെ യെദ്യൂരപ്പയെ സഹായിക്കാന്‍ ഈ അംഗങ്ങളെ സ്‌പീക്കര്‍ കെ.ജി. ബൊപ്പയ്യ അയോഗ്യരാക്കി. പിന്നാലെ നടന്ന നാടകീയമായ വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ജയിച്ചതായി പ്രഖ്യാപനമുണ്ടായി. എന്നാല്‍, ശബ്ദവോട്ടോടെ നടന്ന വോട്ടെടുപ്പും അതിനു തൊട്ടുമുമ്പു നടന്ന അയോഗ്യരാക്കല്‍ നടപടിയും സഭാനടപടികളെ മലിനപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ എച്ച്‌.എല്‍. ഭരദ്വാജ്‌ രാഷ്ട്രപതിഭരണത്തിനു ശുപാര്‍ശ ചെയ്‌തു. തൊട്ടുപിന്നാലെ മലക്കംമറിഞ്ഞ ഗവര്‍ണര്‍ രണ്ടാംവിശ്വാസവോട്ടിനു യെദ്യൂരപ്പയ്‌ക്ക്‌ അവസരം നല്‍കി. ഇതിനിടെ, അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവരുടെ ഹരജി പരിഗണനയിലിരിക്കുമ്പോള്‍ നടന്ന രണ്ടാം വിശ്വാസവോട്ടെടുപ്പിലും യെദ്യൂരപ്പ ജയിച്ചു. ഇതിനുശേഷം കോടതി 11 ബി.ജെ.പി. എം.എല്‍.എമാരുടെ അയോഗ്യത ശരിവയ്‌ക്കുകയും ചെയ്‌തു. അങ്ങനെ തുടര്‍ച്ചയായ മൂന്നു പ്രതിസന്ധികളിലും ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി. സര്‍ക്കാര്‍ കഷ്ടിച്ചു കരകയറി.
ഇതിനായി സംസ്ഥാനത്തു മറിഞ്ഞതു കോടികളാണ്‌. ആരൊക്കെയാണു ബി.ജെ.പിയെ കരകയറ്റാന്‍ സഹായിച്ചതെന്നും വാഗ്‌ദാനം ചെയ്യപ്പെട്ട തുക എത്രയെന്നും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എം.എല്‍.എമാര്‍ക്കനുകൂലമായി കോടതിവിധി വന്നിരുന്നെങ്കിലുള്ള അവസ്ഥ ഇതിനേക്കാള്‍ രസകരമായിരിക്കും. ഇത്തരമൊരു സാധ്യത മുന്നില്‍ക്കണ്ട്‌ ജെ.ഡി.എസ്‌-കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാനും ബി.ജെ.പി. പണം വാരിയെറിഞ്ഞിട്ടുണ്ടായിരുന്നു. മൂന്ന്‌ എം.എല്‍.എമാര്‍ ഇതില്‍ വീഴുകയും ചെയ്‌തു.

സര്‍വത്ര അഴിമതി
രണ്ടരവര്‍ഷം കൊണ്ട്‌ ഒരു ഭരണകൂടത്തിന്‌ എത്ര അഴിമതി നടത്താനാവുമെന്ന്‌ കര്‍ണാടക സര്‍ക്കാര്‍ കാട്ടിത്തന്നു. എല്ലാ ക്രമക്കേടുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഉന്നതരാണ്‌്‌. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനു സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്‌തു. ഭൂമിയിലാണു കര്‍ണാടകസര്‍ക്കാരിന്റെ സ്‌പെഷ്യലൈസേഷന്‍. അവസാനം പുറത്തുവന്നതും മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഭൂമി ക്രമക്കേടാണ്‌.
കര്‍ണാടകയിലെ കളികള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നതു ഖനി അഴിമതിയാണ്‌. ഖനിരാജാക്കന്മാരായ റെഡ്ഡി സഹോദരന്മാര്‍ സര്‍ക്കാരിലുണ്ട്‌ എന്നതിനാല്‍ തന്നെ ഇവര്‍ നടത്തിയ ഇടപെടലുകള്‍ എളുപ്പത്തില്‍ മാധ്യമങ്ങളും കര്‍ണാടക ലോകായുക്തയും ശ്രദ്ധിച്ചു.
ആയിരക്കണക്കിനു കോടി രൂപയുടെ പൊതുസ്വത്താണു സംസ്ഥാനത്തു നിന്നു കടന്നത്‌. തിരഞ്ഞെടുപ്പുപ്രചാരണത്തിനു നിയമവിരുദ്ധ ഖനനത്തിന്റെ ലാഭത്തില്‍ നിന്നൊരു ഭാഗം ലഭിക്കുന്നുവെന്നതിനാല്‍ ഇക്കാര്യത്തില്‍ കണ്ണടയ്‌ക്കുകയായിരുന്നു ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സൗകര്യം. ലോകായുക്ത ഇടപെടുകയും സര്‍ക്കാരിനോടു നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. അഴിമതിക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി ലോകായുക്ത സന്തോഷ്‌ ഹെഗ്‌ഡെ രാജിവച്ചു. റെഡ്ഡി സഹോദരന്മാരുടെ ശക്തികേന്ദ്രമായ ബെല്ലാരിയിലേക്കു കോണ്‍ഗ്രസ്‌ പദയാത്ര നടത്തുക കൂടി ചെയ്‌തതോടെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ 10 തുറമുഖങ്ങളില്‍ നിന്ന്‌ ഇരുമ്പയിര്‌ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചു. അയിരിനു ചരക്കുനീക്ക അനുമതി നല്‍കുന്നതു നിര്‍ത്തി. എന്നാല്‍, അയിരുകടത്തിലും അനധികൃത ഖനനത്തിലും കാര്യമായ മാറ്റമുണ്ടായില്ല എന്നതാണു സത്യം. റെഡ്ഡിമാരുടെ അഴിമതി പുറത്തായി എന്നു പറയുന്നുണ്ടെങ്കിലും വമ്പന്‍ മഞ്ഞുമലയുടെ തലപ്പു മാത്രമേ പുറത്തുവന്നിട്ടൂള്ളൂ എന്നാണു സംസ്ഥാനത്തെ ഖനനവ്യവസായികള്‍ പറയുന്നത്‌. നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയില്‍, താന്‍ വകുപ്പു കൈകാര്യം ചെയ്‌ത അഞ്ചുമാസത്തിനുള്ളില്‍ മാത്രം 34 ലക്ഷം മെട്രിക്‌ ടണ്‍ ഇരുമ്പയിരാണ്‌ അനധികൃതമായി കടത്തിയത്‌ എന്നു യെദ്യൂരപ്പ കുറ്റസമ്മതം നടത്തി.
സര്‍ക്കാര്‍ നടത്തിയ പ്രധാന ഭൂമിത്തട്ടിപ്പാണു ബാംഗ്ലൂര്‍ വികസ അതോറിറ്റി (ബി.ഡി.എ.) കുംഭകോണം. യെദ്യൂരപ്പയുടെ ആണ്‍മക്കള്‍ക്കും പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ക്കും സര്‍ക്കാര്‍ഭൂമി ഡീനോട്ടിഫൈ ചെയ്‌തു കൊടുക്കുകയായിരുന്നു. 2004ലാണു റാചനഹള്ളിയിലെ ഭൂമിക്കുമേല്‍ അവസാന നോട്ടിഫിക്കേഷന്‍ ഇറങ്ങുന്നത്‌. എന്നാല്‍, മുഖ്യമന്ത്രിയുടെ കുടുംബം ഇതിനകം തന്നെ ബി.ഡി.എയില്‍ നിന്നു ഭൂമി സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന്‌, ഇതേ ഭൂമി ഡീനോട്ടിഫൈ ചെയ്യുകയുണ്ടായി. നിലവിലുള്ള എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചായിരുന്നു ഇത്‌. ബാംഗ്ലൂരിനടുത്ത നഗര്‍ഭാവിയിലെ ബി.ഡി.എ. ഭൂമി ഡീനോട്ടിഫൈ ചെയ്‌തുകൊടുത്തതിലും യെദ്യൂരപ്പ ആരോപണവിധേയനാണ്‌.
2009ല്‍ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്ര എം.പി തനിക്കു ബാംഗ്ലൂരില്‍ ഭൂമിയില്ലെന്ന കള്ളസത്യവാങ്‌മൂലം സമര്‍പ്പിച്ച്‌ സര്‍ക്കാര്‍ഭൂമി സ്വന്തമാക്കി. മക്കള്‍ക്കും മരുമക്കള്‍ക്കും പുറമെ അടുപ്പക്കാര്‍ക്കും കിട്ടി ജി കാറ്റഗറിയില്‍പ്പെട്ട കണ്ണായ ഭൂമി.
കര്‍ണാടക വ്യവസായ മേഖലാ വികസനബോര്‍ഡ്‌ (കെ.ഐ.എ.ഡി.ബി.) ഭൂമിതട്ടിപ്പാണു മറ്റൊരു അഴിമതി. ഒക്ടോബറില്‍ ലോകായുക്ത കൈയോടെ പിടിച്ച കേസാണിത്‌. കേസില്‍ കരുത്തനായ ഐ.ടി. മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡുവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായ ലോകായുക്ത കേസ്‌ നടപടികള്‍ പുരോഗമിക്കുകയാണ്‌. ബി.ജെ.പിയുടെ കോര്‍പറേഷന്‍ അംഗമായ കട്ട ജഗദീഷും കേസില്‍ അറസ്റ്റിലായി. ബാംഗ്ലൂര്‍ വിമാനത്താവളത്തിനടുത്തു പ്രത്യേക സാമ്പത്തികമേഖല(സെസ്‌)യ്‌ക്കായി ഏറ്റെടുത്ത 300 ഏക്കര്‍ ഭൂമിയില്‍ നിന്നു കട്ടനായിഡുവിന്റെ കുടുംബം 13 ഏക്കര്‍ ചുളുവിലയ്‌ക്കു സ്വന്തമാക്കുകയായിരുന്നു. ഭാവിയില്‍ ഭൂമി ഏറ്റെടുക്കുന്നതു മുന്‍കൂട്ടി അറിഞ്ഞു പരമാവധി ലാഭം കൊയ്യാനുള്ള പരിപാടിയായിരുന്നു നായിഡുവിന്റേത്‌. ഭൂമികൈമാറ്റത്തിനു പുറമെ സെസില്‍ വരാനിരുന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയും കട്ടനായിഡുവിന്റെ കുടുംബവുമായുള്ള ബന്ധവും ലോകായുക്ത അന്വേഷിച്ചുവരുകയാണ്‌. ഇതുമായി ബന്ധപ്പെട്ടു നാലു വകുപ്പുകളനുസരിച്ചുള്ള പോലിസ്‌ അന്വേഷണം പുരോഗമിക്കുന്നു. നായിഡു കഴിഞ്ഞയാഴ്‌ച രാജിവച്ചു.
കര്‍ണാടക സര്‍ക്കാര്‍ 2010 ജൂണില്‍ നടത്തിയ ആഗോള നിക്ഷേപകസംഗമത്തിനു മുന്നോടിയായി ഒരുലക്ഷം ഏക്കര്‍ ഭൂമി ഉള്‍പ്പെടുത്തി ഭൂബാങ്ക്‌ രൂപീകരിക്കാന്‍ നിശ്ചയിച്ചു. സംഗമത്തിനു മുമ്പുതന്നെ 49,136 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. സാധാരണ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ കെ.ഐ.എ.ഡി.ബി. ഭൂമി ഏറ്റെടുക്കാറുള്ളൂ. അതും ഏതെങ്കിലും പദ്ധതികള്‍ വന്നശേഷം. എന്നാല്‍, ഇവിടെ ഒരു പൈസ നിക്ഷേപം വരും മുമ്പ്‌ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഒരു റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയെ പോലെയായിരുന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനം.

പ്രളയബാധിതരുടെ പേരിലും കൊള്ള
വടക്കന്‍ കര്‍ണാടകയിലെ പ്രളയബാധിതരെ സഹായിക്കാനെന്ന പേരില്‍ യെദ്യൂരപ്പ 2009 ഒക്ടോബറില്‍ ഒരു റോഡ്‌ഷോ സംഘടിപ്പിച്ചു. കോടികള്‍ ഒഴുകിയെത്തി. എന്നാല്‍, പ്രളയബാധിതരുടെ ക്ഷേമത്തിന്‌ ആ പണം എത്തിയില്ല. എത്ര തുക പിരിച്ചെടുത്തുവെന്നോ അത്‌ എവിടെയാണെന്നോ ആര്‍ക്കും പിടിയില്ല. ഇതോടെ, താഴ്‌ന്ന പ്രദേശങ്ങളിലെ 220 ഗ്രാമങ്ങളില്‍ നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി മുളയില്‍ത്തന്നെ കരിഞ്ഞുപോയി. പൊതു- സ്വകാര്യപങ്കാളിത്തത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നടക്കേണ്ടിയിരുന്ന പദ്ധതി പാളിയതോടെ ഈ മഴക്കാലത്തും ദുരിതങ്ങള്‍ തുടരുകയാണ്‌. ഇതിനുപുറമെ, ഇവിടെയും കരാറുകളിലും ടെന്‍ഡര്‍ നടപടകളിലും കൃത്രിമം നടന്നു.
ഇനിയുമുണ്ട്‌ ചെറുതും വലുതുമായ അധികാര ദുര്‍വിനിയോഗത്തിന്റെയും തട്ടിപ്പുകളുടെയും കഥകള്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരെ നിയമിച്ചതില്‍ നടന്ന ക്രമക്കേടുകളെ തുടര്‍ന്ന്‌ മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി രാമചന്ദ്രഗൗഡയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. രാജിവയ്‌ക്കുക മാത്രമായിരുന്നു ഗൗഡയ്‌ക്കു മുമ്പിലുള്ള പോംവഴി. അതിനുമുമ്പ്‌ ഭൂമികുംഭകോണത്തില്‍പ്പെട്ട ഭവനമന്ത്രി എസ്‌.എന്‍. കൃഷ്‌ണഷെട്ടിയും രാജിവച്ചു പുറത്തുപോയി.

പാര്‍ട്ടിയുടെ കീഴടങ്ങല്‍
യെദ്യൂരപ്പ സര്‍ക്കാരിന്റെ പേരില്‍ ഉയര്‍ന്നതു കേവലം ആരോപണങ്ങള്‍ മാത്രമായിരുന്നില്ല. രേഖകള്‍ സഹിതമാണു ജെ.ഡി.എസ്‌. പല തട്ടിപ്പുകളുടെയും കഥ പുറത്തുകൊണ്ടുവന്നത്‌. ലോകായുക്ത കണ്ണടയ്‌ക്കാതിരുന്നപ്പോള്‍ തട്ടിപ്പുകള്‍ പിടിക്കപ്പെടുകയും ചെയ്‌്‌തു. എന്നാല്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ അഴിമതിയുടെ പേരില്‍ ബഹളംവയ്‌ക്കുകയും പാര്‍ലമെന്റ്‌ തടസ്സപ്പെടുത്തുകയും ചെയ്‌ത ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനു മുഖമടച്ചു കിട്ടിയ അടിയായിരുന്നു യെദ്യൂരപ്പയുടെ നിലപാട്‌. അഴിമതിയാരോപണങ്ങള്‍ തുടരുകയും സര്‍ക്കാര്‍ വീണ്ടും വിമതശല്യത്തില്‍ പെടുകയും ചെയ്‌തപ്പോള്‍ യെഡ്ഡിയെ ബി.ജെ.പി. ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. യെദ്യൂരപ്പ വഴങ്ങിയില്ല, ഡല്‍ഹിയിലേക്കില്ലെന്നു ശാഠ്യം പിടിച്ചു. ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ യെദ്യൂരപ്പ ഡല്‍ഹിയിലെത്തി. രാജിവയ്‌ക്കില്ലെന്ന ഉറച്ച തീരുമാനം യെഡ്ഡി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇതോടെ യെദ്യൂരപ്പയുടെ രാജിവാര്‍ത്ത പ്രതീക്ഷിച്ചു കാത്തുനിന്ന മാധ്യമപ്പട ഇളിഭ്യരായി. യെദ്യൂരപ്പയെ മാറ്റിയാല്‍, അഴിമതിയുടെ ചളിപുരളാത്ത പകരക്കാരന്‍ ആരാണ്‌ എന്നതു മറ്റൊരു പ്രശ്‌നം. മുമ്പു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്‌മണ്‍ കൈക്കൂലി വാങ്ങുന്നത്‌ ടെഹല്‍കയുടെ ഒളികാമറാ നീക്കത്തില്‍പ്പെട്ട അനുഭവം പാര്‍ട്ടിക്കുള്ളപ്പോള്‍ എന്തിന്‌ ഒരു മുഖ്യമന്ത്രിയോടു രാജിയാവശ്യപ്പെടണം എന്നതു വേറെ ചോദ്യം.

എല്ലാ കൈകളും ഒരുപോലെ
യെഡ്ഡി മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം ഒന്നിനൊന്നു കേമന്മാരാണ്‌. അനധികൃത ഖനനത്തിന്റെ അമരക്കാരനും ടൂറിസം-ഭൗതികസാഹചര്യ മന്ത്രിയുമായ ഇളയ റെഡ്ഡി (ജനാര്‍ദ്ദന്‍ റെഡ്ഡി)യും കുപ്രസിദ്ധനായ മൂത്ത റെഡ്ഡി (കരുണാകര്‍ റെഡ്ഡി)യും, റെഡ്ഡിമാരുടെ സ്വന്തക്കാരനും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുകയും ചെയ്യുന്ന ബി. ശ്രീരാമുലു, റോഡ്‌റേജ്‌ കേസിലുള്‍പ്പെടുകയും വ്യവസായിയെ പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്‌ത ബി.എന്‍. ബച്ഛെ ഗൗഡ എന്നിവരും അവരില്‍ പ്രധാനികളാണ്‌. അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്റ്‌ ചെയ്യുകയും ലോകായുക്തയുടെ രാജിക്കു വഴിയൊരുക്കുകയും ചെയ്‌ത തുറമുഖ-പരിസ്ഥിതിമന്ത്രി കൃഷ്‌ണ ജെ. പാലമര്‍, നഴ്‌സ്‌ നല്‍കിയ പീഡനക്കേസില്‍ പ്രതിയായിട്ടും മന്ത്രിസ്ഥാനം ലഭിക്കുകയും റെഡ്ഡിമാരുടെ വിമതനീക്കത്തിനു പിന്തുണ നല്‍കുകയും ചെയ്‌ത എം.പി. രേണുകാചാര്യ എന്നിവരും സര്‍ക്കാരിലുണ്ട്‌.
കട്ട സുബ്രഹ്മണ്യ നായിഡു, എസ്‌.എന്‍. കൃഷ്‌ണ ഷെട്ടി എന്നിവരാണു ഭൂമിതട്ടിപ്പില്‍ തട്ടി പുറത്തായ മന്ത്രിമാര്‍. ഭൂമികുംഭകോണത്തില്‍ 500 കോടി സ്വന്തമാക്കി എന്നാരോപിച്ചു ജെ.ഡി.എസ്‌. സി.ഡി. പുറത്തുവിട്ട വ്യവസായമന്ത്രി മുരുകേഷ്‌ ആര്‍. നിരാനി, ബലാല്‍സംഗക്കേസിനെ തുടര്‍ന്നു പുറത്തുപോവേണ്ടിവന്ന ഭക്ഷ്യമന്ത്രി ഹലപ്പ, നിയമനക്രമക്കേടില്‍ തട്ടി രാജിവച്ച രാമചന്ദ്രഗൗഡ, ബാങ്കിങ്‌ ക്രമക്കേടില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന ഡി. സുധാകര്‍ എന്നിങ്ങനെ പോവുന്നു ബി.ജെ.പി. സര്‍ക്കാരിലെ അഴിമതിവീരന്മാരുടെ പട്ടിക.

ഭരണം നടക്കാത്ത സംസ്ഥാനം
മന്ത്രിമാരല്ല നാടു ഭരിക്കുന്നത്‌ എന്നതാണു കന്നഡദേശത്തെ ദയനീയമായ അവസ്ഥ. സംഘപരിവാര ശക്തികള്‍ സംസ്ഥാനത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും ധ്രുവീകരണത്തിന്റെ വിഷം കുത്തിവച്ചു കൊണ്ടിരിക്കുകയാണ്‌. സദാചാരപോലിസിന്റെ റോളില്‍ ശ്രീരാമസേനയുള്‍പ്പെടെയുള്ള സംഘടനകള്‍ വിലസുന്നു. ഇവര്‍ ഉള്‍പ്പെടുന്ന സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. രജിസ്റ്റര്‍ ചെയ്‌തവയില്‍ അന്വേഷണം നടക്കുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വന്തം കാര്യം നോക്കാനുള്ള അലച്ചിലിലായപ്പോള്‍ വികസനപദ്ധതികളുടെ പൂര്‍ത്തീകരണത്തിനും നടത്തിപ്പിനും ആളില്ലാതായി. എന്നാല്‍, ദക്ഷിണേന്ത്യയില്‍ ആദ്യ സംഘ്‌ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുമ്പോള്‍ പരിവാരത്തിനുണ്ടായിരുന്ന പദ്ധതികള്‍ക്കു മുടക്കമൊന്നും വന്നിട്ടില്ല. മദനി കേസും മാധ്യമപ്രവര്‍ത്തക ഷാഹിനയ്‌ക്കെതിരായ കള്ളക്കേസുമൊക്ക മലയാളികളറിയുന്ന ഉദാഹരണങ്ങളാണ്‌.

Sunday, November 28, 2010

നിതീഷിന്റെ രാഷ്ട്രീയപാടവം

ലാലുപ്രസാദ് യാദവ് തരംഗത്തിന്റെയും കാലത്തിനു മാറ്റം വരുത്തി ബിഹാര്‍ എന്ന പിന്നാക്ക സംസ്ഥാനത്തെ മുഖ്യമന്ത്രിയാവാന്‍ നിതീഷ് കുമാറിനെ സഹായിച്ചത് രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലെ വൈദഗ്ധ്യമാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ മോമ്പൊടിയായി വികസന കാഴ്ചപ്പാടും മതേതര പ്രതിച്ഛായയും അദ്ദേഹത്തെ തുടര്‍ച്ചയായ രണ്ടാംതവണയും മുഖ്യമന്ത്രിപദത്തില്‍ എത്തിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തും വിധം ആനുകൂല്യങ്ങള്‍ നല്‍കിയത് ഈ നേട്ടത്തിന് മികച്ച എന്‍ജിനിയീര്‍ കൂടിയായ ഈ 59കാരനെ സഹായിച്ചു.
എല്ലാവര്‍ക്കും സമീപിക്കാവുന്ന, ആളുകളിലേക്കിറങ്ങിച്ചെല്ലുന്ന നേതാവ്. കുര്‍ത്തയും പൈജാമയുമണിഞ്ഞ് നര വന്നു തുടങ്ങിയ കുറ്റിമീശയും താടിയുമുള്ള സൗമ്യസ്വഭാവക്കാരന്‍- ഇതാണ് ജെ.ഡി.യു അധ്യക്ഷന്‍ കൂടിയായ നിതീഷ് കുമാര്‍.
പുതിയ ജയത്തോടെ ലാലുവിന്റെ ആര്‍.ജെ.ഡി വീണ്ടും ക്ഷയിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടിരിക്കുന്നത്. ഭരണവിരുദ്ധ വികാരം എന്ന സാധ്യതയുള്ള പ്രശ്‌നത്തെ വിജയകരമായി നിതീഷിനു മറികടക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം.
70കളിലെ ജയപ്രകാശ് നാരായണിന്റെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ സൃഷ്ടിയാണ് നിതീഷ്. രാം മനോഹ്യര്‍ ലോഹ്യയാണ് നിതീഷിന്റെ മാര്‍ഗദര്‍ശി. 15 വര്‍ഷം നീണ്ട ലാലു-റാബ്‌റി ഭരണത്തിനെതിരായ എന്‍.ഡി.എയുടെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത് നിതീഷ് കുമാറാണ്. തിരഞ്ഞെടുപ്പു വിജയങ്ങളും ഭാഗ്യവും ആദ്യം മടിച്ചു നിന്നെങ്കിലും തളരാത്ത നേതാവായി അദ്ദേഹം ബി.ജെ.പി-ജെ.ഡി.യു സഖ്യത്തെ നയിക്കുകയായിരുന്നു.
ജാതിരാഷ്ട്രീയത്തിന് പേരു കേട്ട ബിഹാറില്‍ ഈ വിഷയം ഉന്നയിക്കാതെയാണ് നിതീഷ് പ്രചാരണം നടത്തിയത്. പകരം പുതിയ ബിഹാര്‍ എന്ന പേരില്‍ വികസന കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ദലിതുകളുടെയും പാവപ്പെട്ട മുസ്്‌ലിംകളുടെയും കേന്ദ്രങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ അതു കൊണ്ടു തന്നെ നിതീഷിനായി. വര്‍ഗീയ നിലപാടുള്ള ബി.ജെ.പിയുമായി സഖ്യ തുടരുമ്പോള്‍ തന്നെ ഒ.ബി.സിക്കാര്‍ക്കും ദലിത് മുസ്്‌ലിംകള്‍ക്കും ജോലി സംവരണം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1990ല്‍ വി പി സിങിന്റെ ദേശീയ മുന്നണി സര്‍ക്കാരില്‍ കേന്ദ്ര കൃഷി സഹമന്ത്രിയായി. ഇതേ വര്‍ഷം തന്നെയാണ് ലാലുപ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ അന്ന് ആ ജനതാദളിലുണ്ടായിരുന്ന നിതീഷ് സുപ്രധാന പങ്ക് വഹിച്ചത്. പിന്നീട് ലാലുവിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് നിതീഷും ഫെര്‍ണാണ്ടസും 12 എം.പിമാരും കൂട്ടരും പാര്‍ട്ടി വിട്ട് സമതാ പാര്‍ട്ടിയുണ്ടാക്കി.
1998ല്‍ എന്‍.ഡി.എ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നിതീഷായിരുന്നു റെയില്‍വേ മന്ത്രി. അടുത്ത വര്‍ഷം പശ്ചിമബംഗാളിലുണ്ടായ ട്രെയിനപകടത്തെ തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. താമസിയാതെ നടന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ 2000 വരെയും പിന്നീട് 2001 വരെയും കൃഷിമന്ത്രിയായി. 2001-2004 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നു.
ഇതിനിടയ്ക്ക് ഏഴു ദിവസത്തെ മുഖ്യമന്ത്രിയാവാനും അപൂര്‍വഭാഗ്യം ലഭിച്ചു. 2000 മാര്‍ച്ച് 3നായിരുന്നു. ഇത് എന്‍.ഡി.എക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ പുറത്തുപോവേണ്ടിയും വന്നു. പിന്നീട് ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് സമദാ പാര്‍ട്ടി, ജെ.ഡി.യുവില്‍ ലയിച്ചു. എന്നാല്‍, ഇപ്പോഴാവട്ടെ, ഇതേ ജെ.ഡി.യു ബി.ജെ.പിയോടൊപ്പം രണ്ടാംതവണയും അധികാരത്തിലെത്തിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും നിതീഷിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കം പാളുകയായിരുന്നു. മുസ്്‌ലിംകളുടെ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുകയും ചെയ്തു.
ബിഹാര്‍ കോളജ് ഓഫ് എന്‍ജിനീയറിങില്‍ പഠിക്കുമ്പോളാണ് ജയപ്രകാശ് നാരായണിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവായി നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലെത്തുന്നത്. നിയമസഭാ സീറ്റുകളില്‍ രണ്ടു തവണയും ലോക്‌സഭയിലേക്ക് ഒരു തവണയും ഭാഗ്യം പരീക്ഷച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ 1985ല്‍ എം.എല്‍.എ ആയ ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Sunday, November 21, 2010

ഇറോം ശര്‍മിളയുടെ സഹനസമരത്തിന് പത്താണ്ട്


















ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സമാധാനപരമായി യുദ്ധം ചെയ്യുന്ന ഇറോം ശര്‍മിളയുടെ നിരാഹാര സമരം നവംബര്‍ ഒന്നിന് 10 വര്‍ഷം പിന്നിട്ടു. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നു വിശേഷിപ്പിക്കപ്പെടുന്ന 38 വയസ്സുകാരിയായ ശര്‍മിള സായുധസേനാ പ്രത്യേകാധികാര നിയമ(അഫ്‌സ്പ)ത്തിനെതിരേ 2000ല്‍ തുടങ്ങിയ നിരാഹാര സമരമാണ് 10 വര്‍ഷം പിന്നിട്ടിരിക്കുന്നത്.
കശ്മീരിലുള്‍പ്പെടെ അഫ്‌സ്പ പിന്‍വലിക്കണമെന്ന മുറവിളികള്‍ ശക്തമായിരിക്കെയാണ് നിരവധി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും സര്‍ക്കാരിന്റെ നിസ്സംഗഭാവത്തെ ഇച്ഛാശക്തികൊണ്ടു നേരിട്ടും അവര്‍ സമരത്തിന്റെ ഒരു ദശകം പൂര്‍ത്തിയാക്കിയത്.
എന്നാല്‍, മണിപ്പൂര്‍ സര്‍ക്കാര്‍ അഫ്‌സ്പ സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ 20ന് തീരുമാനമെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇബോബി സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ഇതോടെ ഈ ഡിസംബര്‍ മുതല്‍ അടുത്ത വര്‍ഷം ഡിസംബര്‍ വരെ സംസ്ഥാനത്ത് അഫ്‌സ്പ തുടരുമെന്ന് ഉറപ്പായി.
2000 നവംബര്‍ 2ന് ഇംഫാല്‍ നഗരമധ്യത്തില്‍ ഒരു യുവതിയുള്‍പ്പെടെ 10 സാധാരണക്കാരെ ഏറ്റുമുട്ടലിലെന്ന് അവകാശപ്പെട്ട് സേനാവിഭാഗമായ അസം റൈഫിള്‍സ് വധിച്ചതിനെ തുടര്‍ന്ന് ഇറോം ശര്‍മിള സമരം തുടങ്ങുകയായിരുന്നു. അന്നു തൊട്ട് ഒരു തരം ഭക്ഷണവും കഴിക്കാന്‍ സമ്മതിക്കാതിരുന്ന അവരെ ഇംഫാലിലെ ജെ.എന്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇപ്പോഴും ആരോഗ്യനില അതീവഗുരുതരമായി, ലവണജലത്തിന്റെ സഹായത്തോടെയാണ് ശര്‍മിള ജീവന്‍ നിലനിര്‍ത്തുന്നത്. ഇടയ്ക്കിടെ അവരെ മോചിപ്പിക്കുമെങ്കിലും ഉടന്‍ തന്നെ വീണ്ടു അറസ്റ്റ് ചെയ്യുകയും ആശുപത്രിയില്‍ തന്നെ തടവിലിടുകയുമാണ് ചെയ്യുന്നത്. ജയിലായി പ്രഖ്യാപിക്കപ്പെട്ട ആശുപത്രി മുറിക്കകത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അവരിപ്പോള്‍.

ശര്‍മിളയുടെ സമരത്തെ തുടര്‍ന്ന് അഫ്‌സപയ്‌ക്കെതിരേ ശക്തമായ വികാരമാണ് അസമിലുണ്ടായത്. തുടര്‍ന്ന് ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റര്‍ ഇംഫാലില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. 2004ല്‍ നിയമം കുറേക്കൂടി മാനുഷികമാക്കുന്നതിനെയും ബദല്‍ നിയമത്തെയും കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ബി പി ജഗ്്ജീവന്‍ റെഡ്ഡി കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കമ്മീഷന്റെ 147 പേജ് വരുന്ന റിപോര്‍ട്ടില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല.

Thursday, November 11, 2010

അത് ആദര്‍ശല്ല; ചരിത്രം നാണിക്കുന്ന അഴിമതിയുടെ ആഘോഷമാണ്



















രാജ്യത്തിന്റെ വാണിജ്യസ്ഥലത്ത് ആദര്‍ശ് ഹൗസിങ് സൊസൈറ്റി തട്ടിപ്പ് നടന്നതിനും വര്‍ഷങ്ങള്‍ നീണ്ട തട്ടിപ്പിനു കൂട്ടുനിന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടിയതിനും കാലം സാക്ഷി. സൈന്യത്തിന്റെ സുപ്രധാന ഓഫിസുകള്‍ക്ക് തൊട്ടടുത്ത് സുരക്ഷാ മാനദണ്ഡങ്ങളും കെട്ടിടനിര്‍മാണച്ചട്ടങ്ങളും കാറ്റില്‍ പറത്തി ഫ്‌ളാറ്റ് സമുച്ചയം പണിതതില്‍ സൈന്യത്തിന്റെ വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി അധികാരദുര്‍വിനിയോഗം നടത്തിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയനേതക്കളുടെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും പിന്തുണ ഇവര്‍ക്ക് യഥേഷ്ടം ലഭിക്കുകയും ചെയ്തു.
പശ്ചിമ നാവികസേനാ കമാന്‍ഡ്, ഫ്‌ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സഞ്ജീവ് ഭാസിന്‍ അടുത്തിടെ നാവികസേനാ മേധാവിക്ക് എഴുതിയ കത്തുകള്‍ ഉള്‍പ്പെടെ രേഖകള്‍ സൈന്യത്തിന്റെ ഭൂമി അന്യായമായി കൈമാറുകയായിരുന്നെന്നും യുദ്ധത്തില്‍ രക്തസാക്ഷിയാവരുടെ വിധവകളുടെയും വിരമിച്ച് സൈനിക ഉദ്യോഗസ്ഥരുടെയും പേരില്‍ രൂപീകരിച്ച ആദര്‍ശ് ഹൗസിങ് സൊസൈറ്റി യഥാര്‍ത്ഥത്തില്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധമില്ലാത്തതാണെന്നതിന് വ്യക്തമായ തെളിവുകളാണ് നല്‍കുന്നത്. പാര്‍ലമെന്റില്‍ 2003ല്‍ ഉന്നയിക്കപ്പെട്ട ഇതു സംബന്ധിച്ച സുപ്രധാന ചോദ്യത്തിന് സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തെറ്റായ മറുപടിയാണ് നല്‍കിയത്.
അഴിമതിക്കു കൂട്ടുനിന്ന എല്ലാ സൈനിക ഓഫിസര്‍മാര്‍ക്കും അഴിമതി തടയാന്‍ ശ്രമിച്ചവര്‍ക്കും ആദര്‍ശില്‍ ഫ്‌ളാറ്റുകളുണ്ടെന്നത് ആഴത്തില്‍ നടന്ന ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. സമുച്ചയത്തില്‍ ഫഌറ്റുകളുള്ളവരുടെ വിവരങ്ങള്‍ ആദര്‍ശ് സൊസൈറ്റി നല്‍കുന്നില്ലെന്ന് അഡ്മിറല്‍ ഭാസിന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം ആറുനിലകള്‍ നിര്‍മിക്കാന്‍ മാത്രം അനുമതിയുണ്ടായിരുന്ന ഫഌറ്റില്‍ ഇപ്പോള്‍ 31 നിലകളാണുള്ളത്. തീരദേശ നിയന്ത്രണ നിയമം ലംഘിച്ചു നിര്‍മിച്ച് ഫ്‌ളാറ്റ് തൊട്ടടുത്തുള്ള സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കും വരാനിരിക്കുന്ന ഹെലിപ്പാഡിനും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച് സൈന്യം വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
1996 മുതല്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമിയാണ് സൈന്യവുമായി ഒരു ബന്ധവുമില്ലാത്തെ ഭൂമിയാക്കി ഒരു സൊസൈറ്റിക്ക് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ കൈമാറിയത്. ഭൂമി സൈന്യത്തിന്റേതാണോ എന്നതാണ് ആദര്‍ശ് വിവാദത്തിന്റെ പ്രധാനവിഷയം. കാലാകാലങ്ങളില്‍ സൈന്യത്തിലെ ചെറുതു മുതല്‍ ഉന്നതസ്ഥാനങ്ങളില്‍ വരെ ഇരുന്നവരൊക്കെ ഈ ചോദ്യത്തിന് അല്ല എന്ന ഉത്തരം നല്‍കാനാണ് തിടുക്കം കാണിച്ചത്. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേക്ക്് വേണ്ടി സൈന്യത്തിന്റെ ഭൂമി 1950കളില്‍ ഏറ്റെടുത്തപ്പോള്‍ പകരം നല്‍കിയ ഭൂമിയിലാണ് ഫ്‌ളാറ്റ് പണിതിരിക്കുന്നത്. 1958ഡിസംബറില്‍ പ്രതിരോധമന്ത്രാലയം ജോയിന്റ് സെക്രട്ടറി എഴുതിയ കത്തില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഈ കൈമാറ്റം സംബന്ധിച്ച രേഖകള്‍ മഹാരാഷ്ട്രാ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഓഫിസുകളില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം 1999ല്‍ കൊളാബയിലെ വിവാദഭൂമി സൈന്യം ആദര്‍ശ് സൊസൈറ്റിക്ക് കൈമാറുന്നതോടെയാണ് ഫ്‌ളാറ്റ് കുംഭകോണത്തിന്റെ കഥ തുടങ്ങുന്നത്. ഭൂമികൈമാറ്റവും നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും, രണ്ട് മുന്‍ സൈനികമേധാവികളുള്‍പ്പെടെ ഇപ്പോള്‍ സമുച്ചയത്തില്‍ ഫഌറ്റുകളുണ്ട്. ഇതനു പുറമെ കോണ്‍ഗ്രസ്, എന്‍.സി.പി, ബി.ജെ.പി നേതാക്കള്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ ഫഌറ്റുകള്‍ നല്‍കി.
1973ല്‍ ബസ് ഡിപ്പോക്കായി സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലം നല്‍കിയെങ്കിലും 1980ല്‍ ഇതു തിരിച്ചുപിടിച്ചു. മിതിലിനു പുറത്ത് റോഡിനായി 200 അടി സ്ഥലം ഒഴിച്ചിട്ടു. ഈ സ്ഥലത്ത് ആളുകള്‍ കൈയേറ്റം തുടങ്ങിയപ്പോള്‍ ഇവിടെ മരങ്ങള്‍ വച്ചുപിടിപ്പിച്ചതും ഒരു പാര്‍ക്ക് ആയി സ്ഥലം സംരക്ഷിച്ചതും സൈനിക അധികൃതരായിരുന്നു. അതേ സമയം, കരാര്‍ പ്രകാരം സൈന്യത്തിന് സ്ഥലം രേഖാമൂലം സംസ്ഥാനം കൈമാറിയിട്ടില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
1996ല്‍ മേജര്‍ ജനറല്‍ കരിയപ്പയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
2000ല്‍ 200 മീറ്റര്‍ റോഡിന് പകരം 60 മീറ്റര്‍ റോഡ് മതി എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബാക്കി സ്ഥലത്ത് പരേഡ് ഗ്രൗണ്ട്, ഹെലിപ്പാഡ്, പുന്തോട്ടം, ബെസ്റ്റ് ബസ് ഡിപോ, താമസമേഖല എന്നിവയാക്കി മാറ്റാനും തീരുമാനമായി. ഈ താമസമേഖലയിലേക്കാണ് ആദര്‍ശിന്റെ വരവ്. സൈനികരുടെ ഒരു സൊസൈറ്റി സ്ഥലത്തിന് അപേക്ഷ സമര്‍പ്പിച്ചതായും സ്ഥലം സംരക്ഷിച്ചത് സൈന്യമാണെങ്കിലും ഉടമസ്ഥത സര്‍ക്കാരിന്റേതാണെന്നും കാണിച്ച് ബോംബെ കലക്ടര്‍ 2000ല്‍ സൈനിക അധികാരിയായ മഹാരാഷ്ട്രാ-ഗുജറാത്ത് മേഖലാ ജി.ഒ.സിക്ക് കത്തുനല്‍കി. സ്ഥലമനുവദിക്കുന്നതിന് എന്‍.ഒ.സി നല്‍കണമെന്നും കത്തിലുണ്ട്.
കത്തു കാത്തിരുന്നതു പോലെ തൊട്ടടുത്ത ദിവസം തന്നെ ജി.ഒ.സി സൈനിക സ്വത്തുകളുടെ ചുമതലയുള്ള ഡി.ഇ.ഒയോടെ റിപോര്‍ട്ട് തേടി. അതേ ദിവസം തന്നെ ഡി.ഇ.ഒ നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞത്. ഭൂമി ഒരിക്കലും സൈന്യത്തിന്റേതല്ല എന്നാണ്. അടുത്ത ദിവസം കേണല്‍ എസ് എസ് ജോഗ്, സൈനിക ഉദ്യോഗസ്ഥര്‍ക്കും വിധവകള്‍ക്കും ഭൂമി അനുവദിക്കാമെന്ന് കലക്ടര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇക്കാര്യം ഡപ്യൂട്ടി ജി.ഒ.സിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായി രേഖകളില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. എന്‍.ഒ.സി നല്‍കിയില്ലെന്നാണ് രേഖയില്‍ എഴുതിയിരുക്കുന്നത്. കലക്ടറാവട്ടെ ഭൂമി സൈന്യത്തിന്റെ കസ്റ്റഡിയിലാണ് എന്ന് ഭൂമി അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ എഴുതി. ഇതു സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. 15 വര്‍ഷം തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ താമസിച്ചവരെയേ സൊസൈറ്റിയില്‍ അംഗങ്ങളാക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ നിര്‍ദേശം ലംഘിച്ചാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഫ്‌ളാറ്റ്് കൈവശം വച്ചിരിക്കുന്നത്.













2003ല്‍ പാര്‍ലമെന്റില്‍ വന്ന ചോദ്യത്തിന് ഉത്തരമായി റിപോര്‍ട്ട് നല്‍കുമ്പോള്‍ സ്ഥലം സൈന്യത്തിന്റേതല്ല എന്ന റിപോര്‍ട്ട് നല്‍കാന്‍ വിവിധതലത്തിലെ ഉദ്യോഗസ്ഥര്‍ സജീവമായി ഇടപെട്ടു. അന്ന് സൈനിക മേധാവിയായിരുന്ന ജനറല്‍ വിജി ഇപ്പോള്‍ ആദര്‍ശില്‍ഫ്‌ളാറ്റുണ്ട്.
2004ല്‍ വീണ മൈത്രേയ (ഡയറകര്‍ ഡി.ഇ.ഒ) ദക്ഷിണ സൈനിക കമാന്‍ഡിന് എഴുതിയ കത്തില്‍ ഭൂമി സൈന്യത്തിന്റേതാണെന്ന് അസന്നദിഗ്ധമായി വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ തുടങ്ങുകയായിരുന്നു. വീണയുടെ വാദം തെറ്റാണെന്നു തെളിയിക്കാന്‍ അടിസ്ഥാനരഹതിവും കൃത്രിമവുമായ കാര്യങ്ങളാണ് കമാന്‍ഡ് സൈനിക ആസ്ഥാനത്തിനു നല്‍കിയത്. എന്നാല്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ആദര്‍ശില്‍ അംഗങ്ങളാവുന്നത് ഈ കത്തോടെ വെളിച്ചത്തു വന്നു.
ആദര്‍ശ് ലാഭക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണെന്നും ഇതിന് സൈന്യവുമായി ബന്ധമില്ലെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുംബൈ ഡി.ഇ.ഒ സൗരവ് റേ 2003ല്‍ ജി.ഒ.സിക്ക് കത്തെഴുതിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

(വിവരങ്ങള്‍ക്കു കടപ്പാട്: ഇക്കണോമിക് ടൈംസ്, ചിത്രങ്ങള്‍: ഇന്ത്യാ ടുഡേ, ദ ഹിന്ദു)

എന്‍ഡോസള്‍ഫാന്‍: ഒരു ജനാധിപത്യസര്‍ക്കാര്‍ പറ്റിച്ച പണി






ജങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ജനാധിപത്യവ്യവസ്ഥതയിലുള്ളത് എന്നാണ് വയ്പ്. എന്നാല്‍, ഈ ധാരണയെ മാറ്റിമറിക്കുന്ന സംഭവങ്ങളാണ് രാജ്യത്തു നടക്കുന്നത്. വ്യാവസായിക പാരിസ്ഥിക ദുരന്തങ്ങള്‍ നടന്നക്കുമ്പോള്‍ അതാതു കാലത്തെ സര്‍ക്കാരുകള്‍ ശുഷ്‌കാന്തി കാണിച്ചത് ദുരിതങ്ങള്‍ക്കു കാരണക്കാരായവരെ രക്ഷിക്കാനും ജനങ്ങളുടെ പോരാട്ടത്തെ സമര്‍ത്ഥമായി വഞ്ചിക്കാനുമാണെന്നതിന് ചരിത്രം സാക്ഷിയാണ്.
ജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കിയാണ് ജനാധിപത്യം എന്ന ഭരണവ്യവസ്ഥിതി നിലവില്‍ വന്നത്. ആയിരങ്ങളുടെ ജീവനും നൂറ്റാണ്ടുകള്‍ പിന്നിട്ട പോരാട്ടങ്ങളുമുണ്ട് അതിന്റെ വികാസപരിണാമങ്ങളില്‍. എല്ലാ ശബ്ദങ്ങളുമുള്‍ക്കൊള്ളുന്നതാണ് ജനാധിപത്യത്തിന്റെ ഭംഗി എന്നാണ് ജനങ്ങളുടെ മുന്നേറ്റങ്ങളിലെല്ലാം മുഴങ്ങിക്കേട്ടത്. ഇന്ത്യയില്‍ ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയകക്ഷികള്‍ മുന്നോട്ടുവയ്ക്കുന്ന പ്രചാരണങ്ങള്‍ ആ പാര്‍ട്ടികളുടെ അതുവരെയുള്ള പ്രവര്‍ത്തന വൈകല്യങ്ങളെ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നതായിരിക്കും. ബഹളമയവും വര്‍ണശബളവുമായ പ്രചാരണങ്ങള്‍ വഴി അടിസ്ഥാനപരമായ കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടികള്‍ക്ക് ഏറിയോ കുറഞ്ഞോ കഴിയാറുമുണ്ട്.
സ്വന്തം സര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരേ ആഭ്യന്തരമായി ജനങ്ങള്‍ സംഘടിക്കുകയും ഈ സംഘാടനത്തെ സര്‍ക്കാരുകള്‍ നേരിടുകയും ചെയ്തതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. എന്നാല്‍, സ്വന്തം ജനങ്ങളെ രാജ്യത്തിനു പുറത്തുവച്ച് ചരിത്രം നാണിക്കുന്ന രീതിയില്‍ വഞ്ചിക്കുന്ന സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ വളരെ കുറവായിരിക്കും. ഇത്തരമൊരു ചതിയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങളുടെയും വ്യവസായപ്രതിനിധികളുടെയും സാമൂഹ്യ-സന്നദ്ധപ്രവര്‍ത്തകരുടെയും കൂടിയാലോചനകള്‍ക്കൊടുവില്‍ 2001ല്‍ രൂപംകൊണ്ട സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍ ഓണ്‍ പെഴ്‌സിസ്റ്റന്റ് പൊള്യൂറ്റന്റ്‌സ് (സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍) ലോകമെങ്ങുമുള്ള അപകടകാരിയായ രാസവിഷങ്ങളുടെ ഉപയോഗത്തിന് നിരീക്ഷണവും നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്താനുള്ള വേദിയാണ്. ഈ വേദിയില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയെ കമ്പനികള്‍ക്കു വേണ്ടി അവരുടെ നിര്‍ദേശമനുസരിച്ച് വിട്ടുവീഴ്ചയേതുമില്ലാതെ പിന്തുണയ്ക്കുകയാണ് നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ചെയ്തത്. കേരള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ക്കിടയിലാണ് കണ്‍വന്‍ഷന്‍ യോഗം നടന്നത്.
















1995ല്‍ ഐക്യരാഷ്്ട്ര പരിസ്ഥിതി പരിപാടി (യു.എന്‍.ഇ.പി) നടത്തിയ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍ നിലവില്‍ വന്നത്. അന്തരീക്ഷത്തില്‍ത്തന്നെ നിലനില്‍ക്കുന്ന, ഭക്ഷ്യശൃംഖലയിലൂടെ ജൈവകുമിഞ്ഞുകൂടുന്ന, അന്തരീക്ഷത്തെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുന്ന നിരന്തര ഓര്‍ഗാനിക് മലിനീകാരികള്‍ക്കെതിരായ ആഗോളനീക്കത്തിനാണ് യു.എന്‍.ഇപി ആഹ്വാനം ചെയ്തത്. ഈ ഒരൊറ്റ വാചകവും കാസര്‍കോട്ടെ ഏതെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരയുടെ മുഖവും ഒത്തുനോക്കിയാല്‍ മതി, എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട കീടനാശിനിയാണെന്നു മനസ്സിലാക്കാന്‍. പരിസ്ഥിതി-സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം സംസ്ഥാനസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം തടഞ്ഞിട്ടുണ്ടെന്ന കാര്യം മറ്റു രാജ്യങ്ങളിലെ പ്രതിനിധികള്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജനീവയില്‍ നടന്ന സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കഠിനപരിശ്രമം നടത്തി കേരളത്തില്‍ നിന്നുള്ള തെളിവുകള്‍ കൂടി ശേഖരിച്ചാണ് പല രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ എത്തിയത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തു നിന്നുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനികള്‍ കേരളത്തിന്റെ നിരോധനം കാര്യമാക്കേണ്ടെന്നും ആവശ്യമെങ്കില്‍ അത് കേന്ദ്രം പിന്‍വലിക്കുമെന്നുമാണ് സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഓരോ ഘട്ടത്തിലും സംഘടനകളും മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും എന്‍ഡോസള്‍ഫാനെതിരായ തെളിവുകള്‍ നിരത്തിയപ്പോള്‍, ഈ വാദഗതികളെ എതിര്‍ക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ കൈമെയ് മറന്ന് പോരാടുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ എന്താണ് പറയേണ്ടത് എന്ന് ചെവിയില്‍ മന്ത്രിച്ചുകൊടുത്തിരുന്നത് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായിരുന്നുവെന്ന നിരീക്ഷകനായി പങ്കെടുത്ത സി ജയകുമാറിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി ജയകുമാറുള്‍പ്പെടെയുള്ളവരോട് ചോദിച്ചത് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഗതികേടിനെപ്പറ്റിയാണ്.
രക്ഷിതാക്കളുടെ മുമ്പില്‍ വച്ചു മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ സങ്കടമാണ് കാസര്‍കോട്ടുകാരും പാലക്കാട്ടെ ഗോവിന്ദപുരം, മുതലമട പ്രദേശവാസികളും അനുഭവിച്ചത്. നാട് ഈ ഞെട്ടലിലാണ്ടിരിക്കുമ്പോഴാണ് കാസര്‍കോട്ടെ ഇര കവിത മരണമടയുന്നത്. ബുദ്ധിമാന്ദ്യത്തോടെ ജനിച്ച കവിതയ്ക്ക് മരിക്കുമ്പോള്‍ 23 വയസ്സായിരുന്നെങ്കിലും ആറു വയസ്സുകാരിയുടെ വളര്‍ച്ച പോലുമുണ്ടായിരുന്നില്ല. കവിതയുടെ അച്ഛന്‍ എന്‍ഡോസള്‍ഫാന്‍ ആക്രമണത്തില്‍ അര്‍ബുദം വന്നു മരിച്ചു. സഹോദരന്‍ ദുരിതപൂര്‍ണമായ ജീവിതത്തിലാണ്. നാവ് വായ്ക്കകത്തിടാനാവാതെ ഇത്രയും കാലം ജീവിച്ച കവിതയെ ദൈവം തിരിച്ചുവിളിച്ചതിനു തൊട്ടുമുമ്പാണ് മറ്റൊരു സംഭവമുണ്ടായത്.
എന്‍ഡോസള്‍ഫാന്‍, പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന കേന്ദ്ര കൃഷിസഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവനയായിരുന്നു അത്. കമ്മിറ്റികളും കമ്മിറ്റിക്കു മേല്‍ കമ്മിറ്റികളും പഠിച്ചു പഠിച്ച് സമയം കളഞ്ഞ ഒരു ദുരന്തകഥയാണ് എന്‍ഡോസള്‍ഫാന്‍. കൊച്ചിയിലെയും ഡല്‍ഹിയിലെയും മധ്യവര്‍ഗസമൂഹത്തിന്റെ ഇടയില്‍ ജീവിക്കുമ്പോള്‍ തോമസിന് ഇതൊന്നും ഒരു പ്രശ്‌നമായിക്കൊള്ളണമെന്നില്ല. കൃഷ്ണമൂര്‍ത്തി എന്നു പറയാന്‍ എം.എ വരെ പഠിക്കേണ്ട, നാക്കൊന്നു വടിച്ചാല്‍ മതി എന്നു പറഞ്ഞപോലെ, സമയം കിട്ടുമ്പോള്‍ വെറുതെ കാസര്‍കോട്ടെ പെഡ്രയിലോ ബോവിക്കാനത്തോ വന്ന് കൃഷിസഹമന്ത്രി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൃഷിയൊക്കെയൊന്നു കാണുകയാണു വേണ്ടത്. സര്‍ക്കാര്‍ ഏജന്‍സിയായ എന്‍.ഐ.ഒ.എച്ചിലെ ശാസ്ത്രജ്ഞന്‍ ഹബീബുല്ല സെയ്ദ് എട്ടുവര്‍ഷം മുമ്പു നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്റെ ദൂഷ്യങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടും കുലുങ്ങാത്ത കേന്ദ്രസര്‍ക്കാര്‍ വീണ്ടും പഠനസമിതിയെ നിയോഗിക്കുകയാണ് ഒടുവില്‍ ചെയ്തിരിക്കുന്നത്. കാര്‍ഷികശാസ്ത്ര ഗവേഷണ ബ്യൂറോയുടെയും കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും മേധാവി ഡോ.സി ഡി മായിയാണ് സമിതിയുടെ അധ്യക്ഷന്‍. കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കാണ് സമിതിയില്‍ മുന്‍തൂക്കമെന്നത് പരിസ്ഥിതി സ്‌നേഹികളെ വീണ്ടും ആശങ്കയിലാക്കുന്നു.
ഭോപാല്‍ വിഷവാതകക്കേസില്‍ ഡല്‍ഹിയിലും മധ്യപ്രദേശിലുമായി നടന്ന നാടകങ്ങളും ഇപ്പോഴും തുടരുന്ന കള്ളക്കളികളും കണ്ട് നമ്മുടെ നാട്ടുകാര്‍ക്ക് രാഷ്ട്രീയക്കാരെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഇതേ അവസ്ഥ തന്നെ എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും സംഭവിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല.
നമ്മുടെ നാട്ടില്‍ നിന്ന് തിരഞ്ഞെടുത്ത വിട്ട 20 എം.പിമാരെ നേരില്‍ കാണുമ്പോള്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നു തടഞ്ഞുനിര്‍ത്തി ചോദിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആന്റണിയും വയലാര്‍രവിയും മുല്ലപ്പള്ളിയും അഹമ്മദുമൊക്കെ വന്ന വഴി മറക്കാതിരിക്കുന്നതാണ് അവര്‍ക്കും കേരത്തിന്റെ ചരിത്രത്തിനും നല്ലത്. സംസ്ഥാന സര്‍ക്കാരും വെറുതെയിരിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതുള്‍പ്പെടെ നടപടികള്‍ നല്ലതു തന്നെ. കീടനാശിനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു മാത്രം അധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാനസര്‍ക്കാരും എം.പിമാരും യോജിച്ചു സമ്മര്‍ദ്ദം ചെലുത്തുകയാണു വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് എന്‍ഡോസള്‍ഫാന്‍ ഉ്ല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടണം.
രാജ്യത്തെ ഒറ്റുകൊടുത്തവര്‍ക്ക് എന്താണു ശിക്ഷ? ചാട്ടവാറടിയും നാടുകടത്തലുമാണ് പരിണാമദിശയിലുണ്ടായിരുന്ന ശിക്ഷയെങ്കില്‍ ആധുനികകാലത്ത് രാജഭരണം നടത്തുന്നവര്‍ ഒറ്റുകാരായാല്‍ രാജ്യത്തെ പ്രജകള്‍ എന്താണു ചെയ്യേണ്ടത്?

(ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയ് മാത്യു, ദി ഹിന്ദു)

Friday, October 15, 2010

ഇനി എങ്ങനെയാണ് കോമണ്‍വെല്‍ത്ത്‌ ഗെയിംസ് നടത്തുക?













ഇനി എങ്ങനെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്‌ നടത്തുക? ഒരു വന്‍ കായിക മാമാങ്കത്തിന് വിയര്‍പ്പൊഴുക്കി പണിയെടുത്ത ഇന്ത്യ ഒക്ടോബര്‍ മൂന്നിന് ലോകത്തോടു ചോദിച്ച ചോദ്യമാണിത്. 119 കോടിയലധികം വരുന്ന ജനങ്ങള്‍ പഴയ ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെയാണെന്നായിരുന്നു പലരുടെയും ധാരണ; പ്രത്യേകിച്ച് ആസ്‌ട്രേലിയക്കാരുടെ.

പഴികളും വസ്തുതയും
ഗെയിംസിനു മുമ്പുണ്ടായ സംഭവവികാസങ്ങളെ തരംതിരിച്ചു പറഞ്ഞാല്‍ ഇങ്ങനെ കുറിക്കാം. 1.ഗെയിംസിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി. 2.ഗെയിംസ് സംഘാടനത്തില്‍ അഴിമതി നടന്നു. 3.ഗെയിംസ് വില്ലേജ് താമസ യോഗ്യമല്ലെന്ന് ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങള്‍ക്കും ഗെയിംസ് ഫെഡറേഷനും പരാതി. 4.ഗെയിംസിന്റെ പ്രധാന വേദിയോട് ചേര്‍ന്നുള്ള നടപ്പാലം തകര്‍ന്നുവീണു. 5.പ്രധാനവേദിയുടെ സീലിങില്‍ നിന്ന് അഞ്ചു ടെയിലുകള്‍ അടര്‍ന്നുവീണു.
ഇതില്‍ ആദ്യത്തെ വിഷയം ഇന്ത്യയുടെ നയപരവും ആഭ്യന്തരവുമായ ഒന്നാണ്. പാര്‍ലമെന്റാവട്ടെ, ഇക്കാര്യങ്ങള്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്തു. ഗെയിംസ് നടത്തുന്നതിനാണ് പ്രഥമപരിഗണനയെന്നും ഇതു കഴിഞ്ഞാല്‍ കുറ്റക്കാരായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഈ നിലപാടു തന്നെ ശരിയെന്ന് അംഗീകരിച്ചു.
ഗെയിംസ് സംഘാടനത്തില്‍ അഴിമതി നടന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍ഡമാഡിക്കെതിരെയാണ് പ്രധാന ആരോപണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തന്നെ വേണം എന്ന കാര്യത്തില്‍ ഒരൊറ്റ ഇന്ത്യക്കാരനും സംശയമില്ല.

മാധ്യമങ്ങള്‍ കളിച്ച കളി
ഗെയിംസ് ഗ്രാമത്തെ കുറിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ തട്ടിക്കൂട്ടിയ മസാലക്കഥകള്‍ ഇന്ത്യയിലെ പ്രബുദ്ധരായ മാധ്യമസമൂഹം ഏറ്റുപിടിക്കുകയായിരുന്നു എന്നതാണ് ശരി. ഇന്ത്യയുടെ ജനാധിപത്യ സ്വഭാവമാണ് രാജ്യത്തെ സര്‍ക്കാരിനെപ്പോലും രൂക്ഷമായി വിമര്‍ശിക്കാന്‍ പൗരന്‍മാര്‍ക്കും ജനാധിപത്യത്തിന്റെ നാലാംകാലായ മാധ്യമങ്ങള്‍ക്കും അവസരം നല്‍കുന്നത്. ഗെയിംസ് നന്നാക്കാന്‍ ആരോഗ്യകരമായ കാംപയിന്‍ നടത്തിയ ഇന്ത്യയിലെ മാധ്യമങ്ങളെ ഒരു ഘട്ടത്തില്‍ യൂറോപ്യന്‍-അമേരിക്കന്‍ മാധ്യമങ്ങള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. വിമര്‍ശനവും വിശകലനവും വിട്ട് നാലഞ്ചു ദേശീയവാര്‍ത്താ ചാനലുകള്‍ ഒരുങ്ങിപ്പുറപ്പെട്ടതോടെ മറ്റു ചാനലുകളും തുടര്‍ന്ന് ദിനപത്രങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇക്കാലത്തു മാധ്യമങ്ങള്‍ക്കു നല്‍കിയ സന്ദേശത്തില്‍ ഈ രീതി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് വിശദീകരിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഗെയിംസ് ഗ്രാമത്തില്‍ നിന്നുള്ള വൃത്തികെട്ട ഏതാനും ചിത്രങ്ങള്‍ ബി.ബി.സി പുറത്തുവിട്ടത്. എന്നാല്‍, ഇത് പണിതീര്‍ന്ന് ശുചീകരിച്ച് കൈമാറാത്ത 18 ബ്ലോക്കുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് എന്ന് സുരേഷ് കല്‍മാഡി അറിയിച്ചെങ്കിലും അത് പല മാധ്യമങ്ങളും കണ്ടില്ലെന്ന് നടിച്ചു. ചിത്രങ്ങള്‍ പുറത്തു വന്ന് മൂന്നു ദിവസത്തിനകം ശേഷിക്കുന്ന 18 ബ്ലോക്കുകളും ലോകനിലവാരത്തില്‍ ഡല്‍ഹി സംഘാടകസമിതിയും ഡല്‍ഹി സര്‍ക്കാരും സജ്ജമാക്കി. വിവാദത്തിനിടയില്‍ പെട്ട് വൈകിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആയിരത്തിലധികം ജീവനക്കാരെ അധികമായി നിയമിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഹോംകെയര്‍ പ്രോഫഷണലുകളെ ഇന്ത്യന്‍ ഹോട്ടല്‍ അസോസിയേഷന്റെ പിന്തുണയോടെ മികച്ച താമസസൗകര്യമൊരുക്കാന്‍ നിയോഗിച്ചു. രാവിലെ മുതല്‍ രാത്രി വൈകുംവരെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടു മേല്‍നോട്ടം വഹിച്ചു. കാബിനറ്റ് സെക്രട്ടറി ചന്ദ്രശേഖര്‍ എല്ലാ വിഭാഗങ്ങളെയും ഭംഗിയായി ഏകോപിപ്പിച്ചു.
ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് പറ്റിയത് രണ്ടു തെറ്റുകളാണ്. അതില്‍ ഒന്ന് രാജ്യത്തിന്റെ അഭിമാനപ്രശ്‌നമായ ഗെയിംസ് ഒരുക്കങ്ങളെ (അഴിമതിയെ അല്ല) വിമര്‍ശിക്കുന്നതില്‍ സകല മാധ്യമ മര്യാദകളും കാറ്റില്‍ പറത്തി എന്നതാണ്. രണ്ടാമത്തേത് സര്‍ക്കാരിനെ താഴത്തിക്കെട്ടാനുള്ള ആയുധമായി പ്രതിപക്ഷ സ്വാധീനമുള്ള മാധ്യമങ്ങള്‍ ഗെയിംസ് ഒരുക്കങ്ങളെ ഉപയോഗിച്ചു എന്നതും.

ഇന്ത്യ ഉണര്‍ന്നു
ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങോടെ എല്ലാവരുടെയും വായടഞ്ഞു. വാവിട്ടു കരയുന്ന കുട്ടിക്ക് മുലപ്പാല്‍ നല്‍കിയപ്പോഴുണ്ടാവുന്ന പ്രതീതി. ഒക്ടോബര്‍ നാലിലെ ഉദ്ഘാടനച്ചടങ്ങിനെ ലോകം കൗതുകത്തോടെ കണ്ണിമ വെട്ടാതെ നോക്കിയപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ തിരുത്തി. ഇന്ത്യ ഉണര്‍ന്നു എന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും പത്രങ്ങള്‍ അച്ചുനിരത്തി. മടിച്ചുമടിച്ചാണെങ്കിലും ആസ്‌ത്രേലിയന്‍ പത്രങ്ങളും ഇന്ത്യയെ അംഗീകരിച്ചു. വംശീയവെറിയുടെ തോക്കിന്‍ കുഴല്‍ ചേര്‍ത്തുവച്ച് മെല്‍ബണിലെ തെരുവുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വെടിവച്ചു വീഴ്ത്തിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
ഗെയിംസ് ഗ്രാമത്തെ കുറിച്ച് ഏറ്റവുമധികം പരാതി പറഞ്ഞത് ആസ്‌ട്രേലിയക്കാര്‍ തന്നെയാണ്. നയതന്ത്രമര്യാദയുടെ അതിരുകള്‍ ലംഘിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് ആസ്്്‌ട്രേലിയന്‍ ചീഫ് ഡെ ഷെഫ് പെരി ക്രോസ്‌വൈറ്റ് നടത്തിയത്. എന്നാല്‍, ഇതേ ഗെയിംസ് ഗ്രാമത്തില്‍ താമസിക്കാനെത്തിയ സംഘത്തിന് ഒരു പരാതിയുമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഇപ്പോഴത്തെ നില അറിയാത്തവരാണ് ഇന്ത്യന്‍ ഒരുക്കങ്ങളെ വിമര്‍ശിക്കുന്നതെന്ന മലേസ്യയുടെ നിലപാടാണ് ശരിയെന്ന് ലോകം മനസ്സിലാക്കി. 54 രാജ്യങ്ങളില്‍ നിന്നുള്ള 7000 താരങ്ങള്‍ പങ്കെടുത്ത കായികമേളയ്ക്ക് എന്തു കുറവാണ് ഉണ്ടായത് എന്ന് ഇനി ലോകം പറയട്ടെ.

മര്യാദക്കാരുടെ മര്യാദ
ഗെയിംസിനൊപ്പം ദക്ഷിണേന്ത്യയില്‍ നടന്നിരുന്ന ഇന്ത്യാ-ആസ്്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മല്‍സരം ഇന്ത്യ തൂത്തുവാരിയതോടെ ഓസീസുകാര്‍ക്ക് നിയന്ത്രണം വിട്ടു. ഗെയിംസ് ഗ്രാമത്തിലെ സാധനസാമഗ്രികള്‍ അവര്‍ അടിച്ചു തകര്‍ത്തു. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് പെരി ക്രോസ്‌വൈറ്റ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ ആസ്‌ത്രേലിയന്‍ ഹൈക്കമ്മീഷന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഒരു അത്്‌ലറ്റിനെ തിരികെ അയക്കുകയും ചെയ്തത് എന്താണു നടന്നത് എ്ന്നതിന്റെ സൂചനയാണ്.
പ്രധാനവേദിക്കടുത്തുള്ള നടപ്പാലം തകര്‍ന്ന് തൊഴിലാളികള്‍ക്ക പരിക്കേറ്റത് ദൗര്‍ഭാഗ്യകരമായ സംഭവം തന്നെ. 48 മണിക്കൂര്‍ മാത്രമെടുത്താണ് ഇന്ത്യന്‍ സൈന്യം ഇത് പുനര്‍നിര്‍മിച്ചത്. പ്രധാനവേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ സീലിങില്‍ നിന്ന് അഞ്ചു ടെയിലുകള്‍ അടര്‍ന്നു വീണപ്പോഴേക്കും മേല്‍ക്കൂര തകര്‍ന്നുവെന്നാണ് ഇന്ത്യന്‍ പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്.

ഈ പാട്ടുയരും
ഷൂട്ടിങിലും ഗുസ്തിയിലും അമ്പെയ്ത്തിലും ടെന്നീസിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ മുമ്പെങ്ങുമില്ലാത്തെ പ്രകടനം പുറത്തെടുത്തപ്പോള്‍ 54 രാജ്യങ്ങള്‍ മാത്രമല്ല ഞെട്ടിയത്. അത്‌ലറ്റിക്‌സിലും വന്‍ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. ഉദ്ഘാടനച്ചടങ്ങും സമാപനവും മാത്രമല്ല അതിനിടയിലുണ്ടായതെല്ലാം വിജയകമായ നിമിഷങ്ങളായിരുന്നു. എല്ലാ കളികള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള വേദികള്‍, പരിചയ സമ്പന്നരായ ഒഫീഷ്യലുകള്‍, വിട്ടുവീഴ്ചയില്ലാത്ത ഫോര്‍ ടയര്‍ സുരക്ഷ, മാധ്യമങ്ങള്‍ക്കു നല്‍കിയ സൗകര്യങ്ങള്‍... അങ്ങനെ ഒന്നിനൊന്നു മെച്ചമായിരുന്നു എല്ലാം.
കളി കഴിഞ്ഞു. ഇനി നമുക്ക് കുഴിയെണ്ണാം. പക്ഷേ അതുല്യമായ കഠിനാധ്വാനം കൊണ്ട് ഒരു വികസ്വരരാഷ്ട്രം ചരിത്രത്തില്‍ രചിച്ച താളുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു കുട്ടിക്കുമാവില്ല.

Wednesday, September 1, 2010

കപ്പലപകടം: മുംബൈയെ കാത്തിരിക്കുന്നത് പാരിസ്ഥിതിക ദുരന്തം

മുംബൈ തീരത്തു നിന്നുമാറി അറബിക്കടലിലുണ്ടായ കപ്പലപകടം സുപ്രധാനനഗരങ്ങളിലൊന്നിന്റെ പാരിസ്ഥിതിക ഘടനയെ തകിടം മറിക്കുമെന്ന ഭീതിയിലാണ് രാജ്യം. പാനമ കപ്പലുകളായ എം.എസ്.സി ചിത്ര, എം.വി ഖലീജ-111 എന്നീ കപ്പലുകളാണ് ആഗസ്ത് 17ന് മുംബൈ തുറമുഖത്ത് നിന്ന് അഞ്ചു നോട്ടിക്കല്‍ മൈല്‍ അകലെ കൂട്ടിയിടിച്ചത്. എം.എസ്.സി ചിത്രയുടെ രണ്ട് എണ്ണടാങ്കുകള്‍ പൊട്ടി അവയില്‍ നിന്ന് എണ്ണ കടലില്‍ കലരുകയായിരുന്നു. ഇതിനു പുറമെ കപ്പിലുണ്ടായിരുന്ന കണ്ടയ്‌നറുകളില്‍ ഡീസല്‍ ഓയില്‍, ലൂബ്രിക്കന്റ് ഓയില്‍ പാക്കുകള്‍ എന്നിവയും പൊട്ടിയൊലിച്ചു. എണ്ണച്ചോര്‍ച്ചയുടെ കനത്ത ഭീഷണിക്കു പിന്നാലെ കപ്പലില്‍ വന്‍തോതില്‍ മാരകമായ കീടനാശിനികളുമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സ്ഥലത്ത് ആകാശനിരീക്ഷണം നടത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയരാം രമേശ് പറഞ്ഞത് രാജ്യം കണ്ട ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചാ അപകടം എന്നാണ്. ഗുരുതരമായ അപകടം എന്നാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. എണ്ണച്ചോര്‍ച്ചയെ കുറിച്ച് പ്രധാനമന്ത്രി റിപോര്‍ട്ട് തേടുകയും ചെയ്തു.

കപ്പലിലുണ്ടായിരുന്നത്
1219 കണ്ടെയ്‌നറുകളാണ് എം.എസ്.സി ചിത്രയിലുണ്ടായിരുന്നത്. 300ലധികം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ഇതില്‍ 31 കണ്ടെയ്‌നറുകള്‍ നിറയെ കീടനാശിനികളും മറ്റ് മാരകമായ രാസവസ്തുക്കളുമായിരുന്നു. 36 എണ്ണമാണെന്നും റിപോര്‍ട്ടുണ്ട്. എന്നാല്‍, ഈ കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് വീണിട്ടില്ലെന്നാണ് എം.എസ്.സി ചിത്രയുടെ ഉടമസ്ഥര്‍ അവകാശപ്പെടുന്നത്. ഓറഞ്ചോഫോസ്ഫറസ് കീടനാശിനികള്‍, സോഡിയം ഹൈഡ്രോക്ലോറൈഡ്, പൈര്‍ത്രോയ്ഡ് എന്നിവ ഇതിലുള്‍പ്പെടുന്നു. ഇവ മുംബൈയിലെ പരിസ്ഥിതിയെയും മല്‍സ്യബന്ധനത്തെയും ദീര്‍ഘകാല പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുമെന്നുറപ്പാണ്. 2662 ടണ്‍ ഇന്ധനം, 283 ടണ്‍ ഡീസല്‍, 88040 ലിറ്റര്‍ ലൂബ്രിക്കന്റ് ഓയില്‍ എന്നിവ കപ്പലിലുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ എം.എസ്.സി ചിത്രയുടെ ഉടമസ്ഥര്‍ ഒന്നും വ്യക്തമായി പറയുന്നില്ല എന്ന പ്രശ്‌നം കൂടിയുണ്ട്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന കപ്പലില്‍ എന്താണുള്ളത് എന്ന് അധികൃതര്‍ക്ക് വ്യക്തമായി അറിയില്ലെന്ന് കപ്പലപകടമുണ്ടായപ്പോള്‍ തെളിഞ്ഞു. അപകടമുണ്ടായപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിന് ഇത് വിഷമമുണ്ടാക്കി. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ 100 എണ്ണത്തോളം കണ്ടെടുത്തിട്ടുണ്ട്. കപ്പലിന്റെ ഡെക്കിലുണ്ടായിരുന്ന 512 കണ്ടെയ്‌നറുകളില്‍ 200 എണ്ണത്തില്‍ ഒന്നുമില്ലായിരുന്നുവെന്ന് ചിത്രയുടെ ഉടമസ്ഥര്‍ പറയുന്നു. കണ്ടെയ്‌നറുകളില്‍ നിന്നുള്ള സാധനങ്ങളെല്ലാം മുംബൈയുടെ തീരങ്ങളില്‍ ചെന്നടിയുകയാണിപ്പോള്‍. നവ്കാര്‍ , ബോധിനി ബീച്ചുകളില്‍ വിഷം എന്നയാളപ്പെടുത്തിയ 45 ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്.

തുടര്‍പ്രവര്‍ത്തനങ്ങള്‍
2006ലെ ദേശീയ എണ്ണച്ചോര്‍ച്ചാ അടിയന്തര പദ്ധതി (എന്‍.ഒ.എസ.സി.പി) അനുസരിച്ച് വന്‍ എണ്ണച്ചോര്‍ച്ചകളുണ്ടായാല്‍ നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് കോസ്റ്റ്ഗാര്‍ഡ് ആണ്. ഇക്കാര്യത്തില്‍ അവര്‍ മുന്നിട്ടിറങ്ങിയെങ്കിലും ആവശ്യമായ പിന്തുണ നല്‍കാന്‍ മുംബൈ തുറമുഖ ട്രസ്റ്റിനു കഴിഞ്ഞില്ല എന്നതാണ് കപ്പലപകടം പാരിസ്ഥിതിക ദുരന്തമായി വഴിമാറാന്‍ കാരണമായത്. ശ്രേണി-ഒന്നില്‍പ്പെട്ട അടിയന്തഉപകരണങ്ങള്‍ വാങ്ങി സൂക്ഷിക്കാതിരുന്നതു മൂലം ട്രസ്റ്റിന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എണ്ണച്ചോര്‍ച്ചയുടെ ദൂഷ്യഫലങ്ങള്‍ മറികടക്കാന്‍ രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആറ് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും ഒരു ഹെലികോപ്ടറുകളും ഇപ്പോഴും തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ചരിഞ്ഞുനില്‍ക്കുന്ന കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയായണ്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്കു പരമിതികളുണ്ടെന്ന ധാരണ ശക്തിപ്പെട്ടിട്ടുണ്ട്. ഹോളണ്ട്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരെ സര്‍ക്കാര്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്്. ദുരന്തം അറിഞ്ഞ ഉടന്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ലെന്ന് ജയറാം രമേശ് പറഞ്ഞതു ഇതിനോടു ചേര്‍ത്തുവായിക്കണം.
45 ദിവസമാണ് ശുചീകരണത്തിന് മഹാരാഷ്ട്രാ മലിനീകരണ നിയന്ത്രണബോര്‍ഡ് ആവശ്യപ്പെടുന്ന സമയപരിധി. 10 ദിവസത്തിനകം തന്നെ ഇക്കാര്യത്തില്‍ നിര്‍ണായക പുരോഗതി നേടാനാവുമെന്നും ബോര്‍ഡ് പറഞ്ഞിരുന്നു. അപകടം നടന്ന് 20 ദിവസം പിന്നിട്ടിപ്പോള്‍ ചെറിയ മാറ്റമുണ്ടായെങ്കിലും എണ്ണപ്പാടയും തീരങ്ങളിലടി്ഞ്ഞ എണ്ണയും അപകടഭീഷണി ഉയര്‍ത്തി തുടരുകയാണ്.

ഇല്ലാതെ പോയ സംവിധാനങ്ങള്‍
ചോര്‍ച്ചയുണ്ടായ ഉടനെത്തന്നെ ഓയില്‍ബൂം ഉപയോഗിക്കുകയായിരുന്നെങ്കില്‍ അപകടം ഇത്ര രൂക്ഷമാവുകയില്ലായിരുന്നുവെന്ന് കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടന്ന് എണ്ണ പടരുന്നത് തടയുന്നതൊപ്പം അതു വലിച്ചെടുക്കുക കൂടി ചെയ്യുന്ന ഒഴുകും തടയണയാണ് ഓയില്‍ ബൂമുകള്‍. ഓയില്‍ബൂം, സ്‌കിമ്മര്‍, മോപ്പര്‍ എന്നിവയൊന്നും മുംബൈ തുറമുഖ ട്രസ്റ്റിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. കടലിടുക്കിലുണ്ടായ ചോര്‍ച്ച തടയാനാവാത്തതാണ് എണ്ണ പടര്‍ന്നു പിടിക്കുന്നതില്‍ കലാശിച്ചത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ജെ പി ദാങ്‌ഗെ, പ്രതിരോധസെക്രട്ടറി, ദേശീയ ദുരന്ത നിവാരണസേനാ വൈസ് ചെയര്‍മാന്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇതിന്റെ ഗുണമൊന്നും പ്രവര്‍ത്തനങ്ങളില്‍ കണ്ടില്ല. ഗോവ തീരത്ത് 2000ല്‍ മുങ്ങി, ഇപ്പോഴും പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ അപകടത്തെ ഗൗരവതരമായി സമീപിക്കാന്‍ പരിസ്ഥിതി സംഘടനകളെ പ്രേരിപ്പിക്കുന്നത്. അപകടത്തില്‍പ്പെട്ട് അപകടരമാം വിധം ചരിഞ്ഞു നില്‍ക്കുന്ന കപ്പല്‍ നിവര്‍ത്തിയെടുത്ത് കരയ്‌ക്കെത്തിക്കാനുള്ള പ്രത്യേക കപ്പലുകല്‍ ഇന്ത്യയുടെ കൈവശമില്ല എന്നത് ചിത്രയുടെ കാര്യത്തില്‍ പ്രധാന തടസ്സമാവും. മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമായിരക്കും ഇതിന്റെ ഫലം.

ഒഴുകിപ്പരന്ന് ഗുജറാത്ത് വരെ
അപകടമുണ്ടായ ഉടനെ ഇതു സംബന്ധിച്ച ആദ്യമുന്നറിയിപ്പു ലഭിച്ചത് ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തി (ബാര്‍ക്)നാണ്. കടല്‍വെള്ളം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നാണ് കോസ്റ്റ്്ഗാര്‍ഡ് മുന്നറിയിപ്പു നല്‍കിയത്. കൂട്ടിയിടിയുണ്ടായ ശേഷം രണ്ടു ദിവസത്തിനു ശേഷം ടാങ്കറില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച താനെ നിലക്കുകയായിരുന്നു. എന്നാല്‍ കുറഞ്ഞത് 800 ടണ്ണോളം എണ്ണ കടലില്‍ കലര്‍ന്നു കഴിഞ്ഞു. കണ്ടല്‍ക്കാടുകളും പാറക്കെട്ടുകളും ചതുപ്പുകളും മണല്‍തീരങ്ങളുമൊക്കെയായി വൈവിധ്യപൂര്‍ണമായ സ്ഥലങ്ങളിലാണ് എണ്ണച്ചോര്‍ച്ച പടര്‍ന്നത് എന്നതാണ് മുംബൈ എണ്ണച്ചോര്‍ച്ചയുടെ ഏറ്റവും വലിയ അപകടം. വിഭിന്ന സ്വഭാവമുള്ള സ്ഥലങ്ങളില്‍ എന്ത് തന്ത്രം ഉപയോഗിക്കണമെന്നതായിരുന്നു പ്രശ്‌നം. ചോര്‍ച്ച നേരിടാനുള്ള നടപടികള്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുമ്പോഴേക്കും വേലിയേറ്റവും വേലിയിറക്കവുമായി എണ്ണ വിവിധസ്ഥലങ്ങളിലേക്കു പടര്‍ന്നിരുന്നു. കൊളാബ, എലിഫന്റ, നവി മുംബൈ എന്നിവിടങ്ങളിലാണ് ആദ്യം എണ്ണ പടര്‍ന്നത്. ഇപ്പോഴത് 260 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് എത്തിയിരിക്കുന്നു. ഇവിടെ കടല്‍മല്‍സ്യം ഭക്ഷിക്കരുതെന്ന് രണ്ടു ജില്ലാ ഭരണകൂടങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എണ്ണപ്പാടയും രാസഘടകങ്ങളും ശുദ്ധീകരിക്കുംവരെ മല്‍സ്യബന്ധനം നടത്തരുതെന്ന് സൂറത്ത് ജില്ലാ കലക്ടര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ബീച്ചുകളില്‍ ദുരന്തം
കടല്‍ജീവികളുടെ പ്രജനന കാലത്ത് സുപ്രധാനമായ ആവാസവ്യവസ്ഥയില്‍ എണ്ണയും രാസവസ്തുക്കളും കലര്‍ന്നുവെന്നതാണ് മുംബൈയില്‍ സംഭവിച്ച പ്രധാനദുരന്തമെന്നു പറയാം. കടല്‍ത്തട്ടില്‍ എണ്ണച്ചോര്‍ച്ചയുടെ അവസാദങ്ങള്‍ അടിഞ്ഞാല്‍ ദീര്‍ഘകാലത്തെ പാരിസ്ഥിതികാഘാതമാണ് മുംബൈ തീരത്തെ കാത്തിരിക്കുന്നത്. ചോര്‍ച്ച ആദ്യമായും ഏറ്റവും രൂക്ഷമായും ബാധിച്ചതും നവി മുംബൈയിലെയും എലിഫന്റയിലെയും കണ്ടല്‍ക്കാടുകളെയാണ്. കണ്ടല്‍ച്ചെടികളൊക്കെ വിത്തുമായി എണ്ണപ്പാടയില്‍ കുടുങ്ങി ചെടികളെല്ലാം കൂട്ടത്തോടെ കരിഞ്ഞുപോവുകയായിരുന്നു. പാരിസ്ഥിതിക നഷ്ടം വളരെ വലുതാണെന്നും ഇതിന് ദീര്‍ഘകാലമെടുക്കുമെന്നും മഹാരാഷ്ട്രാ പരിസ്ഥിതി സെക്രട്ടറി വല്‍സാ നായര്‍ പറയുന്നു. മുംബൈയിലെ നരിമാന്‍ പോയിന്റ് മുതല്‍ കഫേ പരേഡ് വരെയും താനെ ജില്ലയിലെ വാഷി മുതല്‍ ആരോലി വരെയും റായ്ഗഡ് ജില്ലയിലെ മണ്ഡോവി മുതല്‍ എലിഫന്റ് വരെയും കട്ടിയില്‍ എണ്ണപ്പാട പരന്നുകിടക്കുകയാണ്. ഇവിടങ്ങളിലെ തീരങ്ങളിലും ടാര്‍ ഗോളങ്ങളും എണ്ണയുടെ രൂക്ഷഗന്ധവും കാണാം. മുംബൈ-റായ്ഗഡ് തീരത്തെ ഗ്രാമങ്ങളില്‍ എട്ടിഞ്ച് കനത്തിലാണ് എണ്ണയുടെ അവസാദങ്ങള്‍ അടിഞ്ഞിരിക്കുന്നതെന്ന് ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നിരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്. റെവാസ്, മാണ്ഡ്‌വ, സസവ്‌നെ, കിഹിം എന്നീ തീരപ്രദേശങ്ങല്‍ 20 കി.മീ നീളത്തില്‍ പൂര്‍ണമായും മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. അലിബാഗിലും കണ്ടലുകളും കടല്‍ജീവികളും കനത്ത ഭീഷണിയാണ് നേരിടുന്നത്. കൂട്ടിയിടിച്ചു ചരിഞ്ഞ കപ്പലില്‍ നിന്നു കടലില്‍ വീണ സാധനങ്ങളാണ് മറ്റൊരു പ്രധാനപ്രശ്‌നം. തേയില, ബിസ്‌ക്കറ്റ് തുടങ്ങിയവയുടെ വലിയതും ചെറുതുമായ പാക്കറ്റുകള്‍ ഗേറ്റ് വെ ഓഫ് ഇന്ത്യയിലുള്‍പ്പെടെ തീരപ്രദേശങ്ങളില്‍ അടിഞ്ഞുകൊണ്ടിരിക്കുന്നു. അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് മല്‍സ്യത്തൊഴിലാളികള്‍ അരിച്ചാക്കുകളും മറ്റും കടലില്‍ നിന്നു ശേഖരിച്ചു കൊണ്ടുപോയത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഭീതിയും നിലവിലുണ്ട്.

തകരുന്ന ആവാസവ്യവസ്ഥ
ചെറുതും വലുതുമായ ആയിരക്കണക്കിന് ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് സമുദ്ര ആവാസവ്യവസ്ഥ. ഇതിനു പുറമെ ഈ ആവാസവ്യവസ്ഥയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ജീവിവര്‍ഗങ്ങള്‍ കരയിലുമുണ്ട്. ഈ ആവാസവ്യവസ്ഥകളില്‍ മുംബൈയിലെ എണ്ണച്ചോര്‍ച്ചയ്ക്ക് ഇരയായ പ്രധാനപ്പെട്ട ഒരു വിഭാഗം ജീവികള്‍ വിവിധതരം കടല്‍പ്പക്ഷികളാണ്. വിഷമയമായ ജിവികളെ കഴിച്ചും ദേഹത്ത് എണ്ണ പുരണ്ടും നിരവധി കടല്‍ക്കാക്കളാണ് ചത്തൊടുങ്ങിയത്. കടലില്‍ കലര്‍ന്ന എണ്ണ വിവിധതരത്തിലാണ് പരിസ്ഥിതിയെ ബാധിക്കുന്നത്. കുറച്ചു ഭാഗം വെള്ളത്തിനു മീതെ ഒഴുകി നടക്കും. കുറച്ചു ഭാഗം വെള്ളത്തില്‍ കലരും. എന്നാല്‍ ഈ കലര്‍ന്ന എണ്ണയാവട്ടെ സമുദ്ര ആവാസവ്യസ്ഥയെ ദീര്‍ഘകാലം വേട്ടയാടും. തീരത്തും കടല്‍ത്തട്ടിലുമായി അടിയുന്ന എണ്ണയ്ക്കു പുറമെ കുറേ ഭാഗം ആവിയായി പൊങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. ഇത് മനുഷ്യരുടെയും പക്ഷികളുടെയും ജീവനു ഭീഷണിയാണ്. മുംബൈയില്‍ ചോര്‍ന്നത് എണ്ണ 500 ടണ്‍ എണ്ണയാണെന്നു പറയുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ കണക്ക് പുറത്തുവരാത്തത് ദുരന്തത്തിന്റെ രൂക്ഷതയെക്കുറിച്ച് ഇപ്പോഴും കൃത്യമായ ധാരണയിലെത്താന്‍ തടസ്സമായിട്ടുണ്ട്. കണ്ടയ്‌നറുകളിലുള്ള രാസപദാര്‍ത്ഥങ്ങള്‍ വെള്ളത്തില്‍ കലരുമ്പോള്‍ ഭയാനകമായ ഫലങ്ങളാണുണ്ടാവുകയെന്ന് മുംബൈ ഐ.ഐ.ടി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കണ്ടെയനറുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുണ്ടോ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംശയമുന്നയിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലുള്ള പദാര്‍ത്ഥങ്ങളെ കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതു കൃത്യമല്ലെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ഗ്രീന്‍പീസ് പറയുന്നു. ഓര്‍ഗാനോഫോസ്‌ഫേറ്റുകള്‍ കടലിലെയും അതിനോടു ചേര്‍ന്നുള്ള കരയിലെയും ഭക്ഷ്യശൃംഖലകളെ തകര്‍ക്കും. സാധാരണ എണ്ണയ്ക്കു പുറമെ കപ്പിലുണ്ടായിരുന്ന ലൂബ്രിക്കന്റുകളും വലിയ അപകടകാരികളാണ്. കണ്ടല്‍ക്കാടുകളില്‍ നാശം വിതച്ച എണ്ണപ്പാടയില്‍ നിന്ന് അവയെ സംരക്ഷിക്കാന്‍ കഠിനപ്രയത്‌നം തന്നെ വേണ്ടിവരുമെന്നും ഗ്രീന്‍പീസ് മുന്നറിയിപ്പു നല്‍കുന്നു. മല്‍സ്യസാന്ദ്രത ഏറ്റവും കൂടിയ മേഖലകളിലൊന്നിലാണ് കപ്പലപകടം നടന്നത്. കൂന്തള്‍, ചെമ്മീന്‍ എന്നിവയാണ് എണ്ണ ഏറ്റവുമധികം ബാധിച്ച മല്‍സ്യവര്‍ഗങ്ങള്‍.

അപകടത്തിന്റെ സമയം
മണ്‍സൂണ്‍ കാലം, ഉയര്‍ന്ന വേലിയേറ്റ നിരക്ക്, കാറ്റിന്റെ ശക്തമായ പ്രവാഹം, സമുദ്രാന്തര്‍പ്രവാഹങ്ങള്‍ തുടങ്ങിയവ തുടര്‍പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന കീടനാശിനികള്‍ ആദ്യഘട്ടത്തില്‍ തന്നെ 200 ജീവിവര്‍ഗങ്ങളെയാണ് ബാധിച്ചതെന്ന് പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മല്‍സ്യങ്ങളുടെയും പക്ഷികളുടെയും കൂട്ടങ്ങള്‍ കടലില്‍ ഒറപ്പെട്ടിരിക്കുകയാണ്. പല ജീവികളും മരണത്തോടു മല്ലിടുന്നു. പല തരത്തിലുള്ള പക്ഷികളെ ചികില്‍സിച്ചു കൊണ്ടിരിക്കുകയാണെന്നും പലരും രോഗബാധിതരായി കണ്ടെത്തിയ പക്ഷികളുമായി എത്തുന്നുണ്ടെന്നും സന്നദ്ധ സംഘടനയായ ബി.എസ്.പി.സി.എയിലെ മനു സന്തോഷ് പറയുന്നു. 100 മീറ്റര്‍ നീളത്തില്‍ 25 കി.മീ വ്യാപ്തിയിലുള്ള കണ്ടല്‍ക്കാടുകളെ ദുരന്തം ബാധിച്ചതായി മഹാരാഷ്ട്രാ പരിസ്ഥിതി സെക്രട്ടറി വല്‍സ നായരും വ്യക്തമാക്കി.

നടക്കുന്നത് സ്ലോ പോയിസണിങ്
സാസോന്‍ ഡോക്ക്, സെവ്രീ, ഭൗച്ച, ധക്ക എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നു ശേഖരിച്ച് 500 കിലോ മല്‍സ്യം മലിനീകരിക്കപ്പെട്ടതായി തെളിഞ്ഞതായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. മുംബൈയിലെ സുപ്രധാന കണ്ടല്‍മേഖലയായ എലഫന്റയെ ദുരന്തം അതിരൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്. കണ്ടല്‍ച്ചെടികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങിത്തുടങ്ങി. മുംബൈ തീരങ്ങളില്‍ എണ്ണപ്പാടയില്‍ കുടുങ്ങി കൂട്ടത്തോടെ ചത്തൊടുങ്ങിയ മല്‍സ്യങ്ങളും കടല്‍പക്ഷികളും അടിയുന്നു. എന്നാല്‍ ദുരന്തം തുടങ്ങിയിട്ടേയുള്ളൂവെന്നും ഒരു തരം സ്ലോ പോയിസണിങ് ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി മുന്നറിയിപ്പു നല്‍കുന്നു. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ കൊങ്കണ്‍ മേഖല കനത്ത വിലയാണ് നല്‍കാന്‍ പോവുന്നത്. വേലിയേറ്റത്തിന്റെ പരമാവധി പരിധിയില്‍ എണ്ണ എത്തിയതോടെ ദുരന്തം പൂര്‍ണമായി. ഒരു പാട് ജീവികള്‍ ചത്തൊടുങ്ങുമെങ്കിലും ആദ്യഘട്ടത്തില്‍ മനുഷ്യന്‍ അപകടത്തില്‍ നിന്നൊഴിവാകും. എന്നാല്‍ ഭക്ഷ്യശൃംഖലയുടെ അടിത്തട്ടിനെ ദുരന്തം ബാധിച്ചു തുടങ്ങിയാല്‍ ഇതും പ്രതീക്ഷിക്കാം. ഉറാന്‍ ബീച്ചില്‍ എണ്ണപ്പാടയില്‍ കുടുങ്ങി ചത്ത കടല്‍പ്പാമ്പുകളും അടിഞ്ഞുതുടങ്ങിയിട്ടുണ്ട്. എണ്ണച്ചോര്‍ച്ച ദുരന്തം വിതച്ചു തുടങ്ങി എന്ന സൂചനയാണ് ഇതു നല്‍കുന്നത്. കൊങ്കണിലെ സസാവ്‌നെയാണ് ദുരന്തം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്ന്. വളരെ ദൂരരത്തുനിന്നു തന്നെ ഈ പ്രദേശത്ത് എണ്ണയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നു. ആല്‍ഗകള്‍, ഫില്‍റ്റര്‍ ഫീഡേഴ്‌സ് (വെള്ളത്തിലെ ആല്‍ഗകളും ഭക്ഷ്യഘടകങ്ങളും അരിച്ചെടുത്ത് തിന്നുന്ന ജീവികള്‍) എന്നിവ നശിച്ചു തുടങ്ങി. മറ്റൊരു ബീച്ചായ മാണ്ഡ്വയില്‍ ദൂരെ നിന്നു നോക്കിയാല്‍ പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും തീരത്തെത്തിയാല്‍ എണ്ണപ്പാടയുടെ അപകടം നേരിട്ടു മനസ്സിലാക്കാന്‍ കഴിയും. അല്‍പ്പം കുഴിച്ചു നോക്കിയാല്‍ ടാര്‍ മിശ്രിതം പുറത്തുവരും. ഇവിടെ കടല്‍വെള്ള്ത്തില്‍ കൈമുക്കിയെടുത്താല്‍ കറുത്ത എണ്ണപ്പാട കൈയില്‍ പടര്‍ന്നിട്ടുണ്ടാവും.
തഴച്ചുവളരുന്ന 3000 ഹെക്ടര്‍ കണ്ടലിനെ ദുരന്തം നശിപ്പിച്ചു കളഞ്ഞു. ഇതു പൂര്‍വസ്ഥിതിയിലാവാന്‍ എണ്ണപ്പാട നീക്കം ചെയ്ത് രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരും. ചെളിയില്‍ നിന്ന് എണ്ണ മാറ്റിയെടുക്കുക എന്നത് ശ്രമകരമായ ജോലിയുമാണ്. നാഗ്പൂരിലെ ദേശീയ പരിസ്ഥിതി എന്‍ജിനീയറിങ് ഗവേഷണ സ്ഥാപനം, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്നിവ കണ്ടല്‍ നശഷീകരണത്തെ കുറിച്ച് പഠനമാരംഭിച്ചിട്ടുണ്ട്.
എണ്ണച്ചോര്‍ച്ചയും രാസവസ്തുക്കളും ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ ബാധിച്ചിരിക്കുന്നത് 10 ലക്ഷം പേരെയാണെന്ന് മല്‍സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എണ്ണച്ചോര്‍ച്ചകളുണ്ടാവുന്നുണ്ടെന്നും ഇക്കാര്യം അറിയിച്ചാല്‍ കാര്യമായ പ്രതികരണം ഉണ്ടാവാറില്ലെന്നും അവര്‍ പറഞ്ഞു. കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ കണ്ടെടുത്തു നീക്കം ചെയ്യുന്ന പ്രവര്‍ത്തനം പുരോഗമിക്കുയാണ്. 100ലധികം കണ്ടെയ്‌നറുകള്‍ കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന കണ്ടെയ്‌നറുകളും തകര്‍ന്ന കണ്ടെയ്‌നര്‍ ഭാഗങ്ങളും ജലഗാതാഗതത്തിന് ഭീഷണിയുയര്‍ത്തുകയാണ്. അപകടം നടന്ന കപ്പല്‍ച്ചാലില്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് യമുന നിരീക്ഷണം നടത്തി. ടൂറിസവും ഭീഷണി നേരിടുന്നു. കപ്പല്‍ഗതാഗത ഡയറക്ടര്‍ ജനറല്‍ അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിനു ശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവായ മൂന്നുകോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് എം.എസ്.സി ചിത്രയുടെ ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വല്‍സാ നായര്‍ പറഞ്ഞു. എണ്ണച്ചോര്‍ച്ച തീരപ്രദേശത്ത് എത്തിയാല്‍ ഇതിനു വേണ്ട പരിഹാരങ്ങള്‍ ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇന്ത്യക്കില്ലെന്ന് ഈ രംഘത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതു കൊണ്ടുതന്നെ എണ്ണയും രാസവസ്തുക്കളും തീരത്തെത്തിയാല്‍ സ്ഥിരമായ നാശത്തിനാവും അതു വഴിവയ്ക്കുക.

അഭിമാനമായി ടെറിയുടെ ഒലിസാപ്പര്‍
എണ്ണച്ചോര്‍ച്ചയുണ്ടായി താമസിയാതെ സഹായവാഗ്ദാനവുമായി എത്തിയ സ്ഥാപനമാണ് ദി എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് (ടെറി). എണ്ണച്ചോര്‍ച്ചയ്ക്കുള്ള ജൈവപരിഹാര (ബയോറെമഡിയേഷന്‍)മാണ് ടെറി മുന്നോട്ടുവച്ചത്. ഒലിസാപ്പര്‍ അതിസൂക്ഷ്മബാക്ടീരിയകളെ എണ്ണച്ചോര്‍ച്ചയുള്ള സ്ഥലങ്ങളില്‍ വിടുകയാണ് ഇതിന്റെ രീതി. എണ്ണ ഭക്ഷണമാക്കുന്ന അതിസൂക്ഷ്മബാക്ടീരിയകള്‍ (മൈക്രോബുകള്‍) കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്നു. ഇത് അന്തരീക്ഷത്തിലേക്ക് കടന്നുകൊള്ളും. അല്‍പ്പദിവസങ്ങള്‍ക്കകം നശിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ചെലവും പ്രയ്തനവും തീര്‍ത്തും കുറവ്. കുറച്ചുദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെങ്കിലും കാര്യക്ഷമമായ ഫലം ഉറപ്പാക്കാം. സാധാരണ ഉപയോഗിക്കുന്ന രാസവസ്തു സ്‌പ്രേ ചെയ്യല്‍ രീതിക്ക് തുടര്‍പ്രശ്‌നങ്ങളുണ്ടാവുമെങ്കിലും ഒലിസാപ്പറിന് അതില്ല.
ഈ എണ്ണച്ചോര്‍ച്ചയിലും അലിബാഗില്‍ നിന്നു തുടങ്ങി ഒലിസാപ്പറിനെ ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഉണങ്ങിയ പാറക്കെട്ടുകളില്‍ ഒലിസാപ്പര്‍ ഫലം കാണില്ല. കപ്പലില്‍ നിന്നു ചോര്‍ന്ന രാസവസ്തുക്കള്‍ മൈക്രോബുകളെ പ്രതികൂലമായി ബാധിച്ചാല്‍ ഈ ശ്രമം ബുദ്ധിമുട്ടിലാവും.

Wednesday, June 9, 2010

ഭോപാല്‍: ദുരന്തത്തിന്റെയും അവഗണനയുടെയും 26 വര്‍ഷം











ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപാല്‍ വിഷവാതകച്ചോര്‍ച്ച സംബന്ധിച്ച കേസില്‍ 26 വര്‍ഷത്തിനു ശേഷം വിധി വന്നിരിക്കുന്നു. ദുരന്തം മുതല്‍ വിധി വരെയുണ്ടായ പ്രധാനസംഭവ വികാസങ്ങള്‍.

1984 ഡിസംബര്‍ 3: അമേരിക്കന്‍ കമ്പനിയായ യൂനിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് (യു.സി.ഐ.എല്‍) കീടനാശിനി ഫാക്ടറിയില്‍ നിന്ന് വിഷവാതകമായ മീഥൈല്‍ ഐസോസൈനേറ്റ് ചോര്‍ന്നു. ദുരന്തത്തില്‍ 15000 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും കാല്‍ലക്ഷത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് സംഘടനകള്‍ പറയുന്നു. അഞ്ചു ലക്ഷം പേര്‍ക്ക് നേരിട്ട് പരിക്ക്. ദശലക്ഷക്കണക്കിനാളുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അസുഖങ്ങള്‍.
1984 ഡിസംബര്‍ 4: യൂനിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ അറസ്റ്റില്‍. എന്നാല്‍, 2000 ഡോളറിന്റെ മാത്രം ജാമ്യത്തിലും ആവശ്യപ്പെടുമ്പോള്‍ എത്താമെന്ന ഉറപ്പിലും ആന്‍ഡേഴ്‌സണെ മധ്യപ്രദേശ് പോലിസ് വിട്ടയച്ചു. ശിക്ഷാര്‍ഹമായ നരഹത്യാ കേസില്‍ 10ാം പ്രതി യൂനിയന്‍ കാര്‍ബൈഡ്.
1984 ഡിസംബര്‍ 4: കേസ് സി.ബി.ഐക്ക്
1985 ഫെബ്രുവരി: യൂനിയന്‍ കാര്‍ബൈഡില്‍ നിന്ന് 3.3 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഇന്ത്യാ സര്‍ക്കാര്‍ അമേരിക്കന്‍ കോടതിയില്‍ ഹരജി നല്‍കി.
1986: യു.എസ് ജില്ലാ കോടതി കേസുകളെല്ലാം ഇന്ത്യയിലേക്കു മാറ്റുന്നതായി ഉത്തരവിട്ടു.
1987 ഡിസംബര്‍ : സ.ിബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതമെന്ന ഉദ്ദേശ്യമില്ലാത്ത കുറ്റകരമായ നരഹത്യ (306), ആയുധമോ മറ്റോ കൊണ്ട് ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ (326) എന്നീ വകുപ്പുകള്‍ പ്രകാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി യൂനിയന്‍ കാര്‍ബൈഡ് കമ്പനി യു.എസ്.എ, യൂനിയന്‍ കാര്‍ബൈഡ് ഹോങ്കോങ്, യു.സി.ഐ.എല്‍ എന്നിവര്‍ക്കെതിരേ കുറ്റം ചുമത്തി. ആന്‍ഡേഴ്‌സണ് സമന്‍സ്.
1989 ഫെബ്രുവരി: കേന്ദ്ര സര്‍ക്കാരും യൂനിയന്‍ കാര്‍ബൈഡും തമ്മില്‍ 470 ദശലക്ഷം ബില്ല്യണിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലയിലെത്തി.
1989 ഫെബ്രുവരി- മാര്‍ച്ച്: നീതിരഹിതമായ ഒത്തുതീര്‍പ്പിനെതിരേ നിരവധി ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടു.
1992: 470 ദശക്ഷം ഡോളറിന്റെ ഒരു ഭാഗം ദുരന്തത്തിന്റെ ഇരകള്‍ക്കു വിതരണം ചെയ്തു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഹാജരാവാത്ത ആന്റേഴ്‌സണെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു.
1994 നവംബര്‍: ദുരന്തബാധിതരുടെയും സന്നദ്ധസംഘടകളുടെയും പരാതികള്‍ തള്ളിക്കൊണ്ട് യു.സി.ഐല്‍ ഓഹരികള്‍ മക് ലിയോഡ് റസ്സല്‍ ലിമിറ്റഡിനു വില്‍ക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
1996 സെപ്തംബര്‍ 13: പ്രതികള്‍ നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ നിസ്സാരവകുപ്പുകളാ(304 എ, 336, 337)ക്കി മാറ്റി.
1999 ആഗസ്ത്: യീനിയന്‍ കാര്‍ബൈഡ് അമേരിക്കയിലെ തന്നെ കമ്പനിയാ ഡൗ കെമിക്കല്‍സില്‍ ലയിച്ചു.
1999 നവംബര്‍: ഗ്രീന്‍പീസ് നടത്തിയ മണ്ണ്-ജല പരിശോധനകളില്‍ ഫാക്ടറി നില്‍ക്കുന്ന പ്രദേശത്ത് രസം ഉള്‍പ്പെടെ അപകടകരമായ 12 രാസപദാര്‍ഥങ്ങളുടെ അളവ് അനുവദനീയമായതിന്റെ ആറു ദശലക്ഷം മടങ്ങു കൂടുതലാണെന്ന് കണ്ടെത്തി.
ദുരന്തബാധിതരും ചില സംഘടനകളും ആന്‍ഡേഴ്‌സണെതിരേ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.















2001 ഫെബ്രുവരി
: യു.സി.ഐ.എല്ലിന്റെ ബാധ്യകള്‍ ഏറ്റെടുക്കാനാവില്ലെന്ന് യൂനിയന്‍ കാര്‍ബൈഡ്.
2002 ജനുവരി: സൃഷ്ടി ആന്റ് ടോക്‌സിക്ക് ലിങ്ക്‌സ് നടത്തിയ പഠനത്തില്‍, ഫാക്ടറിക്കു സമീപത്തെ അമ്മമാരുടെ മുലപ്പാലില്‍ ഈയത്തിന്റെയും രസത്തിന്റെയും അംശങ്ങള്‍ കണ്ടെത്തി.
2002 ജൂണ്‍ : ആന്‍ഡേഴ്‌സണെതിരായ കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇരകള്‍ ഡല്‍ഹിയില്‍ പ്രതിഷേധപ്രകടനം തുടങ്ങി.
2002 ആഗസ്ത്: ആന്‍ഡേഴ്‌സണെതിരേ നരഹത്യാ കുറ്റം ചുമത്തി. ഇയാളെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട്. ആന്‍ഡേഴ്‌സണെ കാണാനില്ലെന്ന് അമേരിക്കന്‍ അധികൃതര്‍; അമേരിക്കയില്‍ തന്നെയുണ്ടെന്ന് ബ്രിട്ടീഷ് ദിനപത്രം.
2002 ഒക്ടോബര്‍: ആയിരക്കണക്കിന് ടണ്‍ വിഷമാലിന്യം കെട്ടിക്കിടക്കുന്ന ഫാക്ടറി വൃത്തിയാക്കുന്നതിനെതിരേ പ്രതിഷേധം.
2003 മെയ്: ആന്‍ഡേഴ്‌സണെ കൈമാറണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
2004 മാര്‍ച്ച്: ഇന്ത്യാ സര്‍ക്കാര്‍ അനുമതിപത്രം നല്‍കിയാല്‍ മാലിന്യം നീക്കം ചെയ്യാന്‍ ഡൗ കെമിക്കല്‍സിനോട് ആവശ്യപ്പെടാമെന്ന് അമേരിക്കന്‍ കോടതി. ഇന്ത്യ അനുമതിപത്രം കൈമാറി.
2004 ജൂണ്‍: കുറ്റവാളികൈമാറ്റ കരാറിന്റെ പരിധിയില്‍ പെടാത്തതിനാല്‍ ആന്‍ഡേഴ്‌സണെ കൈമാറാനാവില്ലെന്ന് അമേരിക്ക.
2004 ജൂലൈ 19: നഷ്ടപരിഹാരമായ (407 ദശലക്ഷം ഡോളറും 1992 മുതലുള്ള പലിശയും) 15 ബില്ല്യണ്‍ ഡോളര്‍ ദുരന്തബാധിതര്‍ക്കു നല്‍കണമെന്ന് സുപ്രിംകോടതി സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടു.
2004 ഒക്ടോബര്‍ 25: നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാറിനെതിരേ പ്രതിഷേധം.
2004 ഒക്ടോബര്‍ 26: 15 ബില്ല്യണ്‍ ഡോളര്‍ നവംബര്‍ 15നുള്ളില്‍ കൊടുത്തുതീര്‍ക്കണമെന്ന് സുപ്രിംകോടതി.
2010 ജൂണ്‍ 7: യൂനിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ ചെയര്‍മാന്‍ കേശുബ് മഹീന്ദ്ര ഉള്‍പ്പെടെ എട്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

(കടപ്പാട്: തേജസ്)