ഇനി എങ്ങനെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തുക? ഒരു വന്‍ കായിക മാമാങ്കത്തിന് വിയര്‍പ്പൊഴുക്കി പണിയെടുത്ത ഇന്ത്യ ഒക്ടോബര്‍ മൂന്നിന് ലോകത്തോടു ചോദിച്ച ചോദ്യമാണിത്. 119 കോടിയലധികം വരുന്ന ജനങ്ങള്‍ പഴയ ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെയാണെന്നായിരുന്നു പലരുടെയും ധാരണ; പ്രത്യേകിച്ച് ആസ്‌ട്രേലിയക്കാരുടെ.
പഴികളും വസ്തുതയും
ഗെയിംസിനു മുമ്പുണ്ടായ സംഭവവികാസങ്ങളെ തരംതിരിച്ചു പറഞ്ഞാല്‍ ഇങ്ങനെ കുറിക്കാം. 1.ഗെയിംസിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി. 2.ഗെയിംസ് സംഘാടനത്തില്‍ അഴിമതി നടന്നു. 3.ഗെയിംസ് വില്ലേജ് താമസ യോഗ്യമല്ലെന്ന് ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങള്‍ക്കും ഗെയിംസ് ഫെഡറേഷനും പരാതി. 4.ഗെയിംസിന്റെ പ്രധാന വേദിയോട് ചേര്‍ന്നുള്ള നടപ്പാലം തകര്‍ന്നുവീണു. 5.പ്രധാനവേദിയുടെ സീലിങില്‍ നിന്ന് അഞ്ചു ടെയിലുകള്‍ അടര്‍ന്നുവീണു.
ഇതില്‍ ആദ്യത്തെ വിഷയം ഇന്ത്യയുടെ നയപരവും ആഭ്യന്തരവുമായ ഒന്നാണ്. പാര്‍ലമെന്റാവട്ടെ, ഇക്കാര്യങ്ങള്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്തു. ഗെയിംസ് നടത്തുന്നതിനാണ് പ്രഥമപരിഗണനയെന്നും ഇതു കഴിഞ്ഞാല്‍ കുറ്റക്കാരായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഈ നിലപാടു തന്നെ ശരിയെന്ന് അംഗീകരിച്ചു.
ഗെയിംസ് സംഘാടനത്തില്‍ അഴിമതി നടന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍ഡമാഡിക്കെതിരെയാണ് പ്രധാന ആരോപണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തന്നെ വേണം എന്ന കാര്യത്തില്‍ ഒരൊറ്റ ഇന്ത്യക്കാരനും സംശയമില്ല.
മാധ്യമങ്ങള്‍ കളിച്ച കളി
ഗെയിംസ് ഗ്രാമത്തെ കുറിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ തട്ടിക്കൂട്ടിയ മസാലക്കഥകള്‍ ഇന്ത്യയിലെ പ്രബുദ്ധരായ മാധ്യമസമൂഹം ഏറ്റുപിടിക്കുകയായിരുന്നു എന്നതാണ് ശരി. ഇന്ത്യയുടെ ജനാധിപത്യ സ്വഭാവമാണ് രാജ്യത്തെ സര്‍ക്കാരിനെപ്പോലും രൂക്ഷമായി വിമര്‍ശിക്കാന്‍ പൗരന്‍മാര്‍ക്കും ജനാധിപത്യത്തിന്റെ നാലാംകാലായ മാധ്യമങ്ങള്‍ക്കും അവസരം നല്‍കുന്നത്. ഗെയിംസ് നന്നാക്കാന്‍ ആരോഗ്യകരമായ കാംപയിന്‍ നടത്തിയ ഇന്ത്യയിലെ മാധ്യമങ്ങളെ ഒരു ഘട്ടത്തില്‍ യൂറോപ്യന്‍-അമേരിക്കന്‍ മാധ്യമങ്ങള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. വിമര്‍ശനവും വിശകലനവും വിട്ട് നാലഞ്ചു ദേശീയവാര്‍ത്താ ചാനലുകള്‍ ഒരുങ്ങിപ്പുറപ്പെട്ടതോടെ മറ്റു ചാനലുകളും തുടര്‍ന്ന് ദിനപത്രങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇക്കാലത്തു മാധ്യമങ്ങള്‍ക്കു നല്‍കിയ സന്ദേശത്തില്‍ ഈ രീതി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് വിശദീകരിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഗെയിംസ് ഗ്രാമത്തില്‍ നിന്നുള്ള വൃത്തികെട്ട ഏതാനും ചിത്രങ്ങള്‍ ബി.ബി.സി പുറത്തുവിട്ടത്. എന്നാല്‍, ഇത് പണിതീര്‍ന്ന് ശുചീകരിച്ച് കൈമാറാത്ത 18 ബ്ലോക്കുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് എന്ന് സുരേഷ് കല്‍മാഡി അറിയിച്ചെങ്കിലും അത് പല മാധ്യമങ്ങളും കണ്ടില്ലെന്ന് നടിച്ചു. ചിത്രങ്ങള്‍ പുറത്തു വന്ന് മൂന്നു ദിവസത്തിനകം ശേഷിക്കുന്ന 18 ബ്ലോക്കുകളും ലോകനിലവാരത്തില്‍ ഡല്‍ഹി സംഘാടകസമിതിയും ഡല്‍ഹി സര്‍ക്കാരും സജ്ജമാക്കി. വിവാദത്തിനിടയില്‍ പെട്ട് വൈകിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആയിരത്തിലധികം ജീവനക്കാരെ അധികമായി നിയമിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഹോംകെയര്‍ പ്രോഫഷണലുകളെ ഇന്ത്യന്‍ ഹോട്ടല്‍ അസോസിയേഷന്റെ പിന്തുണയോടെ മികച്ച താമസസൗകര്യമൊരുക്കാന്‍ നിയോഗിച്ചു. രാവിലെ മുതല്‍ രാത്രി വൈകുംവരെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടു മേല്‍നോട്ടം വഹിച്ചു. കാബിനറ്റ് സെക്രട്ടറി ചന്ദ്രശേഖര്‍ എല്ലാ വിഭാഗങ്ങളെയും ഭംഗിയായി ഏകോപിപ്പിച്ചു.
ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് പറ്റിയത് രണ്ടു തെറ്റുകളാണ്. അതില്‍ ഒന്ന് രാജ്യത്തിന്റെ അഭിമാനപ്രശ്‌നമായ ഗെയിംസ് ഒരുക്കങ്ങളെ (അഴിമതിയെ അല്ല) വിമര്‍ശിക്കുന്നതില്‍ സകല മാധ്യമ മര്യാദകളും കാറ്റില്‍ പറത്തി എന്നതാണ്. രണ്ടാമത്തേത് സര്‍ക്കാരിനെ താഴത്തിക്കെട്ടാനുള്ള ആയുധമായി പ്രതിപക്ഷ സ്വാധീനമുള്ള മാധ്യമങ്ങള്‍ ഗെയിംസ് ഒരുക്കങ്ങളെ ഉപയോഗിച്ചു എന്നതും.
ഇന്ത്യ ഉണര്‍ന്നു
ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങോടെ എല്ലാവരുടെയും വായടഞ്ഞു. വാവിട്ടു കരയുന്ന കുട്ടിക്ക് മുലപ്പാല്‍ നല്‍കിയപ്പോഴുണ്ടാവുന്ന പ്രതീതി. ഒക്ടോബര്‍ നാലിലെ ഉദ്ഘാടനച്ചടങ്ങിനെ ലോകം കൗതുകത്തോടെ കണ്ണിമ വെട്ടാതെ നോക്കിയപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ തിരുത്തി. ഇന്ത്യ ഉണര്‍ന്നു എന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും പത്രങ്ങള്‍ അച്ചുനിരത്തി. മടിച്ചുമടിച്ചാണെങ്കിലും ആസ്‌ത്രേലിയന്‍ പത്രങ്ങളും ഇന്ത്യയെ അംഗീകരിച്ചു. വംശീയവെറിയുടെ തോക്കിന്‍ കുഴല്‍ ചേര്‍ത്തുവച്ച് മെല്‍ബണിലെ തെരുവുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വെടിവച്ചു വീഴ്ത്തിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
ഗെയിംസ് ഗ്രാമത്തെ കുറിച്ച് ഏറ്റവുമധികം പരാതി പറഞ്ഞത് ആസ്‌ട്രേലിയക്കാര്‍ തന്നെയാണ്. നയതന്ത്രമര്യാദയുടെ അതിരുകള്‍ ലംഘിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് ആസ്്്‌ട്രേലിയന്‍ ചീഫ് ഡെ ഷെഫ് പെരി ക്രോസ്‌വൈറ്റ് നടത്തിയത്. എന്നാല്‍, ഇതേ ഗെയിംസ് ഗ്രാമത്തില്‍ താമസിക്കാനെത്തിയ സംഘത്തിന് ഒരു പരാതിയുമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഇപ്പോഴത്തെ നില അറിയാത്തവരാണ് ഇന്ത്യന്‍ ഒരുക്കങ്ങളെ വിമര്‍ശിക്കുന്നതെന്ന മലേസ്യയുടെ നിലപാടാണ് ശരിയെന്ന് ലോകം മനസ്സിലാക്കി. 54 രാജ്യങ്ങളില്‍ നിന്നുള്ള 7000 താരങ്ങള്‍ പങ്കെടുത്ത കായികമേളയ്ക്ക് എന്തു കുറവാണ് ഉണ്ടായത് എന്ന് ഇനി ലോകം പറയട്ടെ.
മര്യാദക്കാരുടെ മര്യാദ
ഗെയിംസിനൊപ്പം ദക്ഷിണേന്ത്യയില്‍ നടന്നിരുന്ന ഇന്ത്യാ-ആസ്്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മല്‍സരം ഇന്ത്യ തൂത്തുവാരിയതോടെ ഓസീസുകാര്‍ക്ക് നിയന്ത്രണം വിട്ടു. ഗെയിംസ് ഗ്രാമത്തിലെ സാധനസാമഗ്രികള്‍ അവര്‍ അടിച്ചു തകര്‍ത്തു. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് പെരി ക്രോസ്‌വൈറ്റ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ ആസ്‌ത്രേലിയന്‍ ഹൈക്കമ്മീഷന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഒരു അത്്‌ലറ്റിനെ തിരികെ അയക്കുകയും ചെയ്തത് എന്താണു നടന്നത് എ്ന്നതിന്റെ സൂചനയാണ്.
പ്രധാനവേദിക്കടുത്തുള്ള നടപ്പാലം തകര്‍ന്ന് തൊഴിലാളികള്‍ക്ക പരിക്കേറ്റത് ദൗര്‍ഭാഗ്യകരമായ സംഭവം തന്നെ. 48 മണിക്കൂര്‍ മാത്രമെടുത്താണ് ഇന്ത്യന്‍ സൈന്യം ഇത് പുനര്‍നിര്‍മിച്ചത്. പ്രധാനവേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ സീലിങില്‍ നിന്ന് അഞ്ചു ടെയിലുകള്‍ അടര്‍ന്നു വീണപ്പോഴേക്കും മേല്‍ക്കൂര തകര്‍ന്നുവെന്നാണ് ഇന്ത്യന്‍ പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്.
ഈ പാട്ടുയരും
ഷൂട്ടിങിലും ഗുസ്തിയിലും അമ്പെയ്ത്തിലും ടെന്നീസിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ മുമ്പെങ്ങുമില്ലാത്തെ പ്രകടനം പുറത്തെടുത്തപ്പോള്‍ 54 രാജ്യങ്ങള്‍ മാത്രമല്ല ഞെട്ടിയത്. അത്‌ലറ്റിക്‌സിലും വന്‍ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. ഉദ്ഘാടനച്ചടങ്ങും സമാപനവും മാത്രമല്ല അതിനിടയിലുണ്ടായതെല്ലാം വിജയകമായ നിമിഷങ്ങളായിരുന്നു. എല്ലാ കളികള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള വേദികള്‍, പരിചയ സമ്പന്നരായ ഒഫീഷ്യലുകള്‍, വിട്ടുവീഴ്ചയില്ലാത്ത ഫോര്‍ ടയര്‍ സുരക്ഷ, മാധ്യമങ്ങള്‍ക്കു നല്‍കിയ സൗകര്യങ്ങള്‍... അങ്ങനെ ഒന്നിനൊന്നു മെച്ചമായിരുന്നു എല്ലാം.
കളി കഴിഞ്ഞു. ഇനി നമുക്ക് കുഴിയെണ്ണാം. പക്ഷേ അതുല്യമായ കഠിനാധ്വാനം കൊണ്ട് ഒരു വികസ്വരരാഷ്ട്രം ചരിത്രത്തില്‍ രചിച്ച താളുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു കുട്ടിക്കുമാവില്ല.