ജനിതകമാറ്റം വരുത്തിയ വഴുതനയ്ക്ക് അനുമതി നല്‍കണോ എന്ന കാര്യത്തില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കീടങ്ങളോട് മികച്ച പ്രതിരോധശേഷി കാണിക്കുന്നതെന്നും മികച്ച വിളവുനല്‍കുന്നതെന്നും അവകാശപ്പെട്ടാണ് ബഹുരാഷ്ട്ര കമ്പനിയുടെ നേതൃത്വത്തില്‍ ബി.ടി (ബാസിലസ് തുറിന്‍ജിയന്‍സിസ്) വഴുതന വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ശ്രമം നടന്നത്. എന്നാല്‍, ശാസ്ത്രജ്ഞരും കര്‍ഷകരും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുമടങ്ങുന്ന സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം ബി.ടി വഴുതനയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയായിരുന്നു.
ഇപ്പോഴിതാ, ജനിതകമാറ്റം വരുത്തിയ വിളകള്‍ രംഗത്തിറക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതെന്ന് ആശങ്കയുയര്‍ത്തുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നു. ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ബ്രായ്) ബില്ലാണ് പാര്‍ലമെന്റില്‍ എത്താന്‍ പോവുന്നത്. കാര്യമായ ചര്‍ച്ചകളോ പൊതുസമൂഹവുമായുള്ള കൂടിയാലോചനകളോ ഇല്ലാതെയാണ് ബില്ല് കൊണ്ടുവന്നതെന്നും രാജ്യത്തിന്റെ പാരിസ്ഥിതിക- കാര്‍ഷിക രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിയമനിര്‍മാണമാണ് നടക്കാന്‍ പോവുന്നതെന്നും പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. മന്ത്രിസഭ പാസാക്കിയ ബില്ലില്‍ ഭേദഗതി വരുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
സാമൂഹിക ഇടപെടല്‍ അവസാനിക്കും
ജനിതകമാറ്റം വരുത്തിയ വിളകള്‍ വിപണിയില്‍ അവതരിപ്പിക്കും മുമ്പ് ഗൗരവതരമായ ചര്‍ച്ചകളാണ് മിക്കരാജ്യങ്ങളിലും നടക്കുന്നത്. ബി.ടി വഴുതനയുടെ കാര്യത്തില്‍ ഇന്ത്യയിലും ഇതു നടന്നു. 10 സംസ്ഥാനങ്ങളാണ് ബി.ടി വഴുതന വിപണിയിലിറക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതേ വിഷയത്തില്‍ രാജ്യത്തുടനീളം ചര്‍ച്ചായോഗങ്ങളും വിശകലനങ്ങളും നടക്കുകയും ചെയ്തു. എന്നാല്‍, പുതിയ ബില്ല് വരുന്നതോടെ പൊതുചര്‍ച്ചകളുടെ സാധ്യത അവസാനിക്കും.ജനികമാറ്റം വരുത്തിയ (ജനിറ്റിക്കലി മോഡിഫൈഡ്-ജനിറ്റിക്കലി എന്‍ജിനീയേഡ്: ജി.എംജി.ഇ) വിളകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഏകജാലകസംവിധാനമായി ബ്രായ് മാറുകയും ചെയ്യും. ബില്ലിലെ ഏറ്റവും അപകടകരമായ വ്യവസ്ഥയായി ചൂണ്ടിക്കാണിക്കെപ്പെടുന്നത്, അനുമതി നല്‍കാന്‍ പോവുന്ന വിളയുടെ സാധ്യതയും അപകടവും ഏറ്റവും നന്നായി അറിയുക അത് വികസിപ്പിച്ചെടുത്ത കമ്പനിക്കാണ് എന്ന ബില്ലിലെ അനുമാനമാണ്.
ബില്ലിലെ വ്യവസ്ഥകളില്‍ ആശങ്ക
ഹരിതവിപ്ലവത്തിന് വന്‍തോതില്‍ കീടനാശിനകളും രാസവളങ്ങളും ഉപയോഗിച്ചത് പില്‍ക്കാലത്ത് കാര്‍ഷിക-പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കി എന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുപോലെ, രാജ്യം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിക്ക് ജനിറ്റിക്കലി മോഡിഫൈഡ്-ജനിറ്റിക്കലി എന്‍ജിനീയേഡ് (ജി.എം-ജി.ഇ) വിളകളാണ് പരിഹാരം എന്ന വാദഗതി ഉന്നയിക്കുന്നവര്‍ക്ക് പിന്നീട് ഖേദിക്കേണ്ടിവരുമെന്നാണ് ഗ്രിന്‍പീസ് പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിനെ സമ്പുഷ്ടമാക്കുകയും ജൈവരീതികള്‍ അവലംബിക്കുകയും ചെയ്യുക വഴി സുസ്ഥിര കാര്‍ഷിക വികസനമാണ് വേണ്ടതെന്നും അവര്‍ പറയുന്നു. അധ്യക്ഷനും രണ്ട് അംഗങ്ങളുമടങ്ങുന്ന ബ്രായ് ആയിരിക്കും ജി.എം വിളകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഉന്നതാധികാരസമിതി. മൂന്നു പേരും ജൈവശാസ്ത്രരംഗത്തെയോ ആരോഗ്യരംഗത്തെയോ ശാസ്ത്രജ്ഞരായിരിക്കും. പൊതുജനങ്ങളുടെ പ്രതിനിധിയായി ആരും അതോറിറ്റിയിലുണ്ടാവില്ല. ജനാധിപത്യപമായ ഇടപെടലുകള്‍ക്കുള്ള സാധ്യത അങ്ങനെ ഇല്ലാതാവുന്നുവെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ബ്രായ് ഇതു പരിഗണിക്കുന്നില്ല. സ്വാഭാവികമായും പ്രാദേശികമായ പ്രശ്‌നങ്ങളും അനന്തരഫലങ്ങളും സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഗണന ലഭിക്കാതെ പോവുകയും ചെയ്യും.
ശാസ്ത്ര-സാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴില്‍ ബ്രായ് സ്ഥാപിക്കുന്നത് താല്‍പ്പര്യസംഘര്‍ഷത്തിനു കാരണമാവുമെന്നാണ് മറ്റൊരു പ്രധാന ആരോപണം. ഈ മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്‌നോളജി വകുപ്പിന് ജി.ഇ വിളകളെ പ്രോല്‍സഹിപ്പിക്കുക എന്ന ചുമതലയാണുള്ളത്. പല ജി.ഇ വിള ഗവേഷണങ്ങള്‍ക്കും ഫണ്ട് നല്‍കുന്നതും വിദേശഫണ്ടുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതും ബയോടെക്‌നോളജി വകുപ്പാണ്.
വിവരങ്ങള്‍ പുറത്തുവിടണം
ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ജി.എ വിളകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ വിശദാംശങ്ങളെല്ലാം വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ലെന്നും ഇത് ബി.ടി വഴുതനയ്ക്ക് തടയിട്ടതു പോലെ പൊതുജന ഇടപെടലിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട് ബില്ലില്‍ നിന്ന് അപകടകരമായ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നും തയ്യാറാക്കുന്ന ബില്ല് പരസ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി ഗ്രീന്‍പീസ് ദേശീയ ഉപദോശക സമിതി അധ്യക്ഷയായ സോണിയാഗാന്ധിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.
Showing posts with label ബി.ടി. Show all posts
Showing posts with label ബി.ടി. Show all posts
Thursday, April 28, 2011
Subscribe to:
Posts (Atom)