മുംബൈ തീരത്തു നിന്നുമാറി അറബിക്കടലിലുണ്ടായ കപ്പലപകടം സുപ്രധാനനഗരങ്ങളിലൊന്നിന്റെ പാരിസ്ഥിതിക ഘടനയെ തകിടം മറിക്കുമെന്ന ഭീതിയിലാണ് രാജ്യം. പാനമ കപ്പലുകളായ എം.എസ്.സി ചിത്ര, എം.വി ഖലീജ-111 എന്നീ കപ്പലുകളാണ് ആഗസ്ത് 17ന് മുംബൈ തുറമുഖത്ത് നിന്ന് അഞ്ചു നോട്ടിക്കല്‍ മൈല്‍ അകലെ കൂട്ടിയിടിച്ചത്. എം.എസ്.സി ചിത്രയുടെ രണ്ട് എണ്ണടാങ്കുകള്‍ പൊട്ടി അവയില്‍ നിന്ന് എണ്ണ കടലില്‍ കലരുകയായിരുന്നു. ഇതിനു പുറമെ കപ്പിലുണ്ടായിരുന്ന കണ്ടയ്‌നറുകളില്‍ ഡീസല്‍ ഓയില്‍, ലൂബ്രിക്കന്റ് ഓയില്‍ പാക്കുകള്‍ എന്നിവയും പൊട്ടിയൊലിച്ചു. എണ്ണച്ചോര്‍ച്ചയുടെ കനത്ത ഭീഷണിക്കു പിന്നാലെ കപ്പലില്‍ വന്‍തോതില്‍ മാരകമായ കീടനാശിനികളുമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സ്ഥലത്ത് ആകാശനിരീക്ഷണം നടത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയരാം രമേശ് പറഞ്ഞത് രാജ്യം കണ്ട ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചാ അപകടം എന്നാണ്. ഗുരുതരമായ അപകടം എന്നാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. എണ്ണച്ചോര്‍ച്ചയെ കുറിച്ച് പ്രധാനമന്ത്രി റിപോര്‍ട്ട് തേടുകയും ചെയ്തു.
കപ്പലിലുണ്ടായിരുന്നത്
1219 കണ്ടെയ്‌നറുകളാണ് എം.എസ്.സി ചിത്രയിലുണ്ടായിരുന്നത്. 300ലധികം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ഇതില്‍ 31 കണ്ടെയ്‌നറുകള്‍ നിറയെ കീടനാശിനികളും മറ്റ് മാരകമായ രാസവസ്തുക്കളുമായിരുന്നു. 36 എണ്ണമാണെന്നും റിപോര്‍ട്ടുണ്ട്. എന്നാല്‍, ഈ കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് വീണിട്ടില്ലെന്നാണ് എം.എസ്.സി ചിത്രയുടെ ഉടമസ്ഥര്‍ അവകാശപ്പെടുന്നത്. ഓറഞ്ചോഫോസ്ഫറസ് കീടനാശിനികള്‍, സോഡിയം ഹൈഡ്രോക്ലോറൈഡ്, പൈര്‍ത്രോയ്ഡ് എന്നിവ ഇതിലുള്‍പ്പെടുന്നു. ഇവ മുംബൈയിലെ പരിസ്ഥിതിയെയും മല്‍സ്യബന്ധനത്തെയും ദീര്‍ഘകാല പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുമെന്നുറപ്പാണ്. 2662 ടണ്‍ ഇന്ധനം, 283 ടണ്‍ ഡീസല്‍, 88040 ലിറ്റര്‍ ലൂബ്രിക്കന്റ് ഓയില്‍ എന്നിവ കപ്പലിലുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ എം.എസ്.സി ചിത്രയുടെ ഉടമസ്ഥര്‍ ഒന്നും വ്യക്തമായി പറയുന്നില്ല എന്ന പ്രശ്‌നം കൂടിയുണ്ട്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന കപ്പലില്‍ എന്താണുള്ളത് എന്ന് അധികൃതര്‍ക്ക് വ്യക്തമായി അറിയില്ലെന്ന് കപ്പലപകടമുണ്ടായപ്പോള്‍ തെളിഞ്ഞു. അപകടമുണ്ടായപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിന് ഇത് വിഷമമുണ്ടാക്കി. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ 100 എണ്ണത്തോളം കണ്ടെടുത്തിട്ടുണ്ട്. കപ്പലിന്റെ ഡെക്കിലുണ്ടായിരുന്ന 512 കണ്ടെയ്‌നറുകളില്‍ 200 എണ്ണത്തില്‍ ഒന്നുമില്ലായിരുന്നുവെന്ന് ചിത്രയുടെ ഉടമസ്ഥര്‍ പറയുന്നു. കണ്ടെയ്‌നറുകളില്‍ നിന്നുള്ള സാധനങ്ങളെല്ലാം മുംബൈയുടെ തീരങ്ങളില്‍ ചെന്നടിയുകയാണിപ്പോള്‍. നവ്കാര്‍ , ബോധിനി ബീച്ചുകളില്‍ വിഷം എന്നയാളപ്പെടുത്തിയ 45 ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്.
തുടര്‍പ്രവര്‍ത്തനങ്ങള്‍
2006ലെ ദേശീയ എണ്ണച്ചോര്‍ച്ചാ അടിയന്തര പദ്ധതി (എന്‍.ഒ.എസ.സി.പി) അനുസരിച്ച് വന്‍ എണ്ണച്ചോര്‍ച്ചകളുണ്ടായാല്‍ നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് കോസ്റ്റ്ഗാര്‍ഡ് ആണ്. ഇക്കാര്യത്തില്‍ അവര്‍ മുന്നിട്ടിറങ്ങിയെങ്കിലും ആവശ്യമായ പിന്തുണ നല്‍കാന്‍ മുംബൈ തുറമുഖ ട്രസ്റ്റിനു കഴിഞ്ഞില്ല എന്നതാണ് കപ്പലപകടം പാരിസ്ഥിതിക ദുരന്തമായി വഴിമാറാന്‍ കാരണമായത്. ശ്രേണി-ഒന്നില്‍പ്പെട്ട അടിയന്തഉപകരണങ്ങള്‍ വാങ്ങി സൂക്ഷിക്കാതിരുന്നതു മൂലം ട്രസ്റ്റിന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എണ്ണച്ചോര്‍ച്ചയുടെ ദൂഷ്യഫലങ്ങള്‍ മറികടക്കാന്‍ രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആറ് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും ഒരു ഹെലികോപ്ടറുകളും ഇപ്പോഴും തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ചരിഞ്ഞുനില്‍ക്കുന്ന കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയായണ്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്കു പരമിതികളുണ്ടെന്ന ധാരണ ശക്തിപ്പെട്ടിട്ടുണ്ട്. ഹോളണ്ട്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരെ സര്‍ക്കാര്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്്. ദുരന്തം അറിഞ്ഞ ഉടന്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ലെന്ന് ജയറാം രമേശ് പറഞ്ഞതു ഇതിനോടു ചേര്‍ത്തുവായിക്കണം.
45 ദിവസമാണ് ശുചീകരണത്തിന് മഹാരാഷ്ട്രാ മലിനീകരണ നിയന്ത്രണബോര്‍ഡ് ആവശ്യപ്പെടുന്ന സമയപരിധി. 10 ദിവസത്തിനകം തന്നെ ഇക്കാര്യത്തില്‍ നിര്‍ണായക പുരോഗതി നേടാനാവുമെന്നും ബോര്‍ഡ് പറഞ്ഞിരുന്നു. അപകടം നടന്ന് 20 ദിവസം പിന്നിട്ടിപ്പോള്‍ ചെറിയ മാറ്റമുണ്ടായെങ്കിലും എണ്ണപ്പാടയും തീരങ്ങളിലടി്ഞ്ഞ എണ്ണയും അപകടഭീഷണി ഉയര്‍ത്തി തുടരുകയാണ്.
ഇല്ലാതെ പോയ സംവിധാനങ്ങള്‍
ചോര്‍ച്ചയുണ്ടായ ഉടനെത്തന്നെ ഓയില്‍ബൂം ഉപയോഗിക്കുകയായിരുന്നെങ്കില്‍ അപകടം ഇത്ര രൂക്ഷമാവുകയില്ലായിരുന്നുവെന്ന് കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടന്ന് എണ്ണ പടരുന്നത് തടയുന്നതൊപ്പം അതു വലിച്ചെടുക്കുക കൂടി ചെയ്യുന്ന ഒഴുകും തടയണയാണ് ഓയില്‍ ബൂമുകള്‍. ഓയില്‍ബൂം, സ്‌കിമ്മര്‍, മോപ്പര്‍ എന്നിവയൊന്നും മുംബൈ തുറമുഖ ട്രസ്റ്റിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. കടലിടുക്കിലുണ്ടായ ചോര്‍ച്ച തടയാനാവാത്തതാണ് എണ്ണ പടര്‍ന്നു പിടിക്കുന്നതില്‍ കലാശിച്ചത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ജെ പി ദാങ്‌ഗെ, പ്രതിരോധസെക്രട്ടറി, ദേശീയ ദുരന്ത നിവാരണസേനാ വൈസ് ചെയര്‍മാന്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇതിന്റെ ഗുണമൊന്നും പ്രവര്‍ത്തനങ്ങളില്‍ കണ്ടില്ല. ഗോവ തീരത്ത് 2000ല്‍ മുങ്ങി, ഇപ്പോഴും പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ അപകടത്തെ ഗൗരവതരമായി സമീപിക്കാന്‍ പരിസ്ഥിതി സംഘടനകളെ പ്രേരിപ്പിക്കുന്നത്. അപകടത്തില്‍പ്പെട്ട് അപകടരമാം വിധം ചരിഞ്ഞു നില്‍ക്കുന്ന കപ്പല്‍ നിവര്‍ത്തിയെടുത്ത് കരയ്‌ക്കെത്തിക്കാനുള്ള പ്രത്യേക കപ്പലുകല്‍ ഇന്ത്യയുടെ കൈവശമില്ല എന്നത് ചിത്രയുടെ കാര്യത്തില്‍ പ്രധാന തടസ്സമാവും. മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമായിരക്കും ഇതിന്റെ ഫലം.
ഒഴുകിപ്പരന്ന് ഗുജറാത്ത് വരെ
അപകടമുണ്ടായ ഉടനെ ഇതു സംബന്ധിച്ച ആദ്യമുന്നറിയിപ്പു ലഭിച്ചത് ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തി (ബാര്‍ക്)നാണ്. കടല്‍വെള്ളം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നാണ് കോസ്റ്റ്്ഗാര്‍ഡ് മുന്നറിയിപ്പു നല്‍കിയത്. കൂട്ടിയിടിയുണ്ടായ ശേഷം രണ്ടു ദിവസത്തിനു ശേഷം ടാങ്കറില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച താനെ നിലക്കുകയായിരുന്നു. എന്നാല്‍ കുറഞ്ഞത് 800 ടണ്ണോളം എണ്ണ കടലില്‍ കലര്‍ന്നു കഴിഞ്ഞു. കണ്ടല്‍ക്കാടുകളും പാറക്കെട്ടുകളും ചതുപ്പുകളും മണല്‍തീരങ്ങളുമൊക്കെയായി വൈവിധ്യപൂര്‍ണമായ സ്ഥലങ്ങളിലാണ് എണ്ണച്ചോര്‍ച്ച പടര്‍ന്നത് എന്നതാണ് മുംബൈ എണ്ണച്ചോര്‍ച്ചയുടെ ഏറ്റവും വലിയ അപകടം. വിഭിന്ന സ്വഭാവമുള്ള സ്ഥലങ്ങളില്‍ എന്ത് തന്ത്രം ഉപയോഗിക്കണമെന്നതായിരുന്നു പ്രശ്‌നം. ചോര്‍ച്ച നേരിടാനുള്ള നടപടികള്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുമ്പോഴേക്കും വേലിയേറ്റവും വേലിയിറക്കവുമായി എണ്ണ വിവിധസ്ഥലങ്ങളിലേക്കു പടര്‍ന്നിരുന്നു. കൊളാബ, എലിഫന്റ, നവി മുംബൈ എന്നിവിടങ്ങളിലാണ് ആദ്യം എണ്ണ പടര്‍ന്നത്. ഇപ്പോഴത് 260 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് എത്തിയിരിക്കുന്നു. ഇവിടെ കടല്‍മല്‍സ്യം ഭക്ഷിക്കരുതെന്ന് രണ്ടു ജില്ലാ ഭരണകൂടങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എണ്ണപ്പാടയും രാസഘടകങ്ങളും ശുദ്ധീകരിക്കുംവരെ മല്‍സ്യബന്ധനം നടത്തരുതെന്ന് സൂറത്ത് ജില്ലാ കലക്ടര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ബീച്ചുകളില്‍ ദുരന്തം
കടല്‍ജീവികളുടെ പ്രജനന കാലത്ത് സുപ്രധാനമായ ആവാസവ്യവസ്ഥയില്‍ എണ്ണയും രാസവസ്തുക്കളും കലര്‍ന്നുവെന്നതാണ് മുംബൈയില്‍ സംഭവിച്ച പ്രധാനദുരന്തമെന്നു പറയാം. കടല്‍ത്തട്ടില്‍ എണ്ണച്ചോര്‍ച്ചയുടെ അവസാദങ്ങള്‍ അടിഞ്ഞാല്‍ ദീര്‍ഘകാലത്തെ പാരിസ്ഥിതികാഘാതമാണ് മുംബൈ തീരത്തെ കാത്തിരിക്കുന്നത്. ചോര്‍ച്ച ആദ്യമായും ഏറ്റവും രൂക്ഷമായും ബാധിച്ചതും നവി മുംബൈയിലെയും എലിഫന്റയിലെയും കണ്ടല്‍ക്കാടുകളെയാണ്. കണ്ടല്‍ച്ചെടികളൊക്കെ വിത്തുമായി എണ്ണപ്പാടയില്‍ കുടുങ്ങി ചെടികളെല്ലാം കൂട്ടത്തോടെ കരിഞ്ഞുപോവുകയായിരുന്നു. പാരിസ്ഥിതിക നഷ്ടം വളരെ വലുതാണെന്നും ഇതിന് ദീര്‍ഘകാലമെടുക്കുമെന്നും മഹാരാഷ്ട്രാ പരിസ്ഥിതി സെക്രട്ടറി വല്‍സാ നായര്‍ പറയുന്നു. മുംബൈയിലെ നരിമാന്‍ പോയിന്റ് മുതല്‍ കഫേ പരേഡ് വരെയും താനെ ജില്ലയിലെ വാഷി മുതല്‍ ആരോലി വരെയും റായ്ഗഡ് ജില്ലയിലെ മണ്ഡോവി മുതല്‍ എലിഫന്റ് വരെയും കട്ടിയില്‍ എണ്ണപ്പാട പരന്നുകിടക്കുകയാണ്. ഇവിടങ്ങളിലെ തീരങ്ങളിലും ടാര്‍ ഗോളങ്ങളും എണ്ണയുടെ രൂക്ഷഗന്ധവും കാണാം. മുംബൈ-റായ്ഗഡ് തീരത്തെ ഗ്രാമങ്ങളില്‍ എട്ടിഞ്ച് കനത്തിലാണ് എണ്ണയുടെ അവസാദങ്ങള്‍ അടിഞ്ഞിരിക്കുന്നതെന്ന് ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നിരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്. റെവാസ്, മാണ്ഡ്‌വ, സസവ്‌നെ, കിഹിം എന്നീ തീരപ്രദേശങ്ങല്‍ 20 കി.മീ നീളത്തില്‍ പൂര്‍ണമായും മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. അലിബാഗിലും കണ്ടലുകളും കടല്‍ജീവികളും കനത്ത ഭീഷണിയാണ് നേരിടുന്നത്. കൂട്ടിയിടിച്ചു ചരിഞ്ഞ കപ്പലില്‍ നിന്നു കടലില്‍ വീണ സാധനങ്ങളാണ് മറ്റൊരു പ്രധാനപ്രശ്‌നം. തേയില, ബിസ്‌ക്കറ്റ് തുടങ്ങിയവയുടെ വലിയതും ചെറുതുമായ പാക്കറ്റുകള്‍ ഗേറ്റ് വെ ഓഫ് ഇന്ത്യയിലുള്‍പ്പെടെ തീരപ്രദേശങ്ങളില്‍ അടിഞ്ഞുകൊണ്ടിരിക്കുന്നു. അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് മല്‍സ്യത്തൊഴിലാളികള്‍ അരിച്ചാക്കുകളും മറ്റും കടലില്‍ നിന്നു ശേഖരിച്ചു കൊണ്ടുപോയത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഭീതിയും നിലവിലുണ്ട്.
തകരുന്ന ആവാസവ്യവസ്ഥ
ചെറുതും വലുതുമായ ആയിരക്കണക്കിന് ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് സമുദ്ര ആവാസവ്യവസ്ഥ. ഇതിനു പുറമെ ഈ ആവാസവ്യവസ്ഥയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ജീവിവര്‍ഗങ്ങള്‍ കരയിലുമുണ്ട്. ഈ ആവാസവ്യവസ്ഥകളില്‍ മുംബൈയിലെ എണ്ണച്ചോര്‍ച്ചയ്ക്ക് ഇരയായ പ്രധാനപ്പെട്ട ഒരു വിഭാഗം ജീവികള്‍ വിവിധതരം കടല്‍പ്പക്ഷികളാണ്. വിഷമയമായ ജിവികളെ കഴിച്ചും ദേഹത്ത് എണ്ണ പുരണ്ടും നിരവധി കടല്‍ക്കാക്കളാണ് ചത്തൊടുങ്ങിയത്. കടലില്‍ കലര്‍ന്ന എണ്ണ വിവിധതരത്തിലാണ് പരിസ്ഥിതിയെ ബാധിക്കുന്നത്. കുറച്ചു ഭാഗം വെള്ളത്തിനു മീതെ ഒഴുകി നടക്കും. കുറച്ചു ഭാഗം വെള്ളത്തില്‍ കലരും. എന്നാല്‍ ഈ കലര്‍ന്ന എണ്ണയാവട്ടെ സമുദ്ര ആവാസവ്യസ്ഥയെ ദീര്‍ഘകാലം വേട്ടയാടും. തീരത്തും കടല്‍ത്തട്ടിലുമായി അടിയുന്ന എണ്ണയ്ക്കു പുറമെ കുറേ ഭാഗം ആവിയായി പൊങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. ഇത് മനുഷ്യരുടെയും പക്ഷികളുടെയും ജീവനു ഭീഷണിയാണ്. മുംബൈയില്‍ ചോര്‍ന്നത് എണ്ണ 500 ടണ്‍ എണ്ണയാണെന്നു പറയുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ കണക്ക് പുറത്തുവരാത്തത് ദുരന്തത്തിന്റെ രൂക്ഷതയെക്കുറിച്ച് ഇപ്പോഴും കൃത്യമായ ധാരണയിലെത്താന്‍ തടസ്സമായിട്ടുണ്ട്. കണ്ടയ്‌നറുകളിലുള്ള രാസപദാര്‍ത്ഥങ്ങള്‍ വെള്ളത്തില്‍ കലരുമ്പോള്‍ ഭയാനകമായ ഫലങ്ങളാണുണ്ടാവുകയെന്ന് മുംബൈ ഐ.ഐ.ടി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കണ്ടെയനറുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുണ്ടോ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംശയമുന്നയിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലുള്ള പദാര്‍ത്ഥങ്ങളെ കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതു കൃത്യമല്ലെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ഗ്രീന്‍പീസ് പറയുന്നു. ഓര്‍ഗാനോഫോസ്‌ഫേറ്റുകള്‍ കടലിലെയും അതിനോടു ചേര്‍ന്നുള്ള കരയിലെയും ഭക്ഷ്യശൃംഖലകളെ തകര്‍ക്കും. സാധാരണ എണ്ണയ്ക്കു പുറമെ കപ്പിലുണ്ടായിരുന്ന ലൂബ്രിക്കന്റുകളും വലിയ അപകടകാരികളാണ്. കണ്ടല്‍ക്കാടുകളില്‍ നാശം വിതച്ച എണ്ണപ്പാടയില്‍ നിന്ന് അവയെ സംരക്ഷിക്കാന്‍ കഠിനപ്രയത്‌നം തന്നെ വേണ്ടിവരുമെന്നും ഗ്രീന്‍പീസ് മുന്നറിയിപ്പു നല്‍കുന്നു. മല്‍സ്യസാന്ദ്രത ഏറ്റവും കൂടിയ മേഖലകളിലൊന്നിലാണ് കപ്പലപകടം നടന്നത്. കൂന്തള്‍, ചെമ്മീന്‍ എന്നിവയാണ് എണ്ണ ഏറ്റവുമധികം ബാധിച്ച മല്‍സ്യവര്‍ഗങ്ങള്‍.
അപകടത്തിന്റെ സമയം
മണ്‍സൂണ്‍ കാലം, ഉയര്‍ന്ന വേലിയേറ്റ നിരക്ക്, കാറ്റിന്റെ ശക്തമായ പ്രവാഹം, സമുദ്രാന്തര്‍പ്രവാഹങ്ങള്‍ തുടങ്ങിയവ തുടര്‍പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന കീടനാശിനികള്‍ ആദ്യഘട്ടത്തില്‍ തന്നെ 200 ജീവിവര്‍ഗങ്ങളെയാണ് ബാധിച്ചതെന്ന് പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മല്‍സ്യങ്ങളുടെയും പക്ഷികളുടെയും കൂട്ടങ്ങള്‍ കടലില്‍ ഒറപ്പെട്ടിരിക്കുകയാണ്. പല ജീവികളും മരണത്തോടു മല്ലിടുന്നു. പല തരത്തിലുള്ള പക്ഷികളെ ചികില്‍സിച്ചു കൊണ്ടിരിക്കുകയാണെന്നും പലരും രോഗബാധിതരായി കണ്ടെത്തിയ പക്ഷികളുമായി എത്തുന്നുണ്ടെന്നും സന്നദ്ധ സംഘടനയായ ബി.എസ്.പി.സി.എയിലെ മനു സന്തോഷ് പറയുന്നു. 100 മീറ്റര്‍ നീളത്തില്‍ 25 കി.മീ വ്യാപ്തിയിലുള്ള കണ്ടല്‍ക്കാടുകളെ ദുരന്തം ബാധിച്ചതായി മഹാരാഷ്ട്രാ പരിസ്ഥിതി സെക്രട്ടറി വല്‍സ നായരും വ്യക്തമാക്കി.
നടക്കുന്നത് സ്ലോ പോയിസണിങ്
സാസോന്‍ ഡോക്ക്, സെവ്രീ, ഭൗച്ച, ധക്ക എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നു ശേഖരിച്ച് 500 കിലോ മല്‍സ്യം മലിനീകരിക്കപ്പെട്ടതായി തെളിഞ്ഞതായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. മുംബൈയിലെ സുപ്രധാന കണ്ടല്‍മേഖലയായ എലഫന്റയെ ദുരന്തം അതിരൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്. കണ്ടല്‍ച്ചെടികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങിത്തുടങ്ങി. മുംബൈ തീരങ്ങളില്‍ എണ്ണപ്പാടയില്‍ കുടുങ്ങി കൂട്ടത്തോടെ ചത്തൊടുങ്ങിയ മല്‍സ്യങ്ങളും കടല്‍പക്ഷികളും അടിയുന്നു. എന്നാല്‍ ദുരന്തം തുടങ്ങിയിട്ടേയുള്ളൂവെന്നും ഒരു തരം സ്ലോ പോയിസണിങ് ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി മുന്നറിയിപ്പു നല്‍കുന്നു. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ കൊങ്കണ്‍ മേഖല കനത്ത വിലയാണ് നല്‍കാന്‍ പോവുന്നത്. വേലിയേറ്റത്തിന്റെ പരമാവധി പരിധിയില്‍ എണ്ണ എത്തിയതോടെ ദുരന്തം പൂര്‍ണമായി. ഒരു പാട് ജീവികള്‍ ചത്തൊടുങ്ങുമെങ്കിലും ആദ്യഘട്ടത്തില്‍ മനുഷ്യന്‍ അപകടത്തില്‍ നിന്നൊഴിവാകും. എന്നാല്‍ ഭക്ഷ്യശൃംഖലയുടെ അടിത്തട്ടിനെ ദുരന്തം ബാധിച്ചു തുടങ്ങിയാല്‍ ഇതും പ്രതീക്ഷിക്കാം. ഉറാന്‍ ബീച്ചില്‍ എണ്ണപ്പാടയില്‍ കുടുങ്ങി ചത്ത കടല്‍പ്പാമ്പുകളും അടിഞ്ഞുതുടങ്ങിയിട്ടുണ്ട്. എണ്ണച്ചോര്‍ച്ച ദുരന്തം വിതച്ചു തുടങ്ങി എന്ന സൂചനയാണ് ഇതു നല്‍കുന്നത്. കൊങ്കണിലെ സസാവ്‌നെയാണ് ദുരന്തം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്ന്. വളരെ ദൂരരത്തുനിന്നു തന്നെ ഈ പ്രദേശത്ത് എണ്ണയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നു. ആല്‍ഗകള്‍, ഫില്‍റ്റര്‍ ഫീഡേഴ്‌സ് (വെള്ളത്തിലെ ആല്‍ഗകളും ഭക്ഷ്യഘടകങ്ങളും അരിച്ചെടുത്ത് തിന്നുന്ന ജീവികള്‍) എന്നിവ നശിച്ചു തുടങ്ങി. മറ്റൊരു ബീച്ചായ മാണ്ഡ്വയില്‍ ദൂരെ നിന്നു നോക്കിയാല്‍ പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും തീരത്തെത്തിയാല്‍ എണ്ണപ്പാടയുടെ അപകടം നേരിട്ടു മനസ്സിലാക്കാന്‍ കഴിയും. അല്‍പ്പം കുഴിച്ചു നോക്കിയാല്‍ ടാര്‍ മിശ്രിതം പുറത്തുവരും. ഇവിടെ കടല്‍വെള്ള്ത്തില്‍ കൈമുക്കിയെടുത്താല്‍ കറുത്ത എണ്ണപ്പാട കൈയില്‍ പടര്‍ന്നിട്ടുണ്ടാവും.
തഴച്ചുവളരുന്ന 3000 ഹെക്ടര്‍ കണ്ടലിനെ ദുരന്തം നശിപ്പിച്ചു കളഞ്ഞു. ഇതു പൂര്‍വസ്ഥിതിയിലാവാന്‍ എണ്ണപ്പാട നീക്കം ചെയ്ത് രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരും. ചെളിയില്‍ നിന്ന് എണ്ണ മാറ്റിയെടുക്കുക എന്നത് ശ്രമകരമായ ജോലിയുമാണ്. നാഗ്പൂരിലെ ദേശീയ പരിസ്ഥിതി എന്‍ജിനീയറിങ് ഗവേഷണ സ്ഥാപനം, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്നിവ കണ്ടല്‍ നശഷീകരണത്തെ കുറിച്ച് പഠനമാരംഭിച്ചിട്ടുണ്ട്.
എണ്ണച്ചോര്‍ച്ചയും രാസവസ്തുക്കളും ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ ബാധിച്ചിരിക്കുന്നത് 10 ലക്ഷം പേരെയാണെന്ന് മല്‍സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എണ്ണച്ചോര്‍ച്ചകളുണ്ടാവുന്നുണ്ടെന്നും ഇക്കാര്യം അറിയിച്ചാല്‍ കാര്യമായ പ്രതികരണം ഉണ്ടാവാറില്ലെന്നും അവര്‍ പറഞ്ഞു. കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ കണ്ടെടുത്തു നീക്കം ചെയ്യുന്ന പ്രവര്‍ത്തനം പുരോഗമിക്കുയാണ്. 100ലധികം കണ്ടെയ്‌നറുകള്‍ കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന കണ്ടെയ്‌നറുകളും തകര്‍ന്ന കണ്ടെയ്‌നര്‍ ഭാഗങ്ങളും ജലഗാതാഗതത്തിന് ഭീഷണിയുയര്‍ത്തുകയാണ്. അപകടം നടന്ന കപ്പല്‍ച്ചാലില്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് യമുന നിരീക്ഷണം നടത്തി. ടൂറിസവും ഭീഷണി നേരിടുന്നു. കപ്പല്‍ഗതാഗത ഡയറക്ടര്‍ ജനറല്‍ അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിനു ശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവായ മൂന്നുകോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് എം.എസ്.സി ചിത്രയുടെ ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വല്‍സാ നായര്‍ പറഞ്ഞു. എണ്ണച്ചോര്‍ച്ച തീരപ്രദേശത്ത് എത്തിയാല്‍ ഇതിനു വേണ്ട പരിഹാരങ്ങള്‍ ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇന്ത്യക്കില്ലെന്ന് ഈ രംഘത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതു കൊണ്ടുതന്നെ എണ്ണയും രാസവസ്തുക്കളും തീരത്തെത്തിയാല്‍ സ്ഥിരമായ നാശത്തിനാവും അതു വഴിവയ്ക്കുക.
അഭിമാനമായി ടെറിയുടെ ഒലിസാപ്പര്‍
എണ്ണച്ചോര്‍ച്ചയുണ്ടായി താമസിയാതെ സഹായവാഗ്ദാനവുമായി എത്തിയ സ്ഥാപനമാണ് ദി എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് (ടെറി). എണ്ണച്ചോര്‍ച്ചയ്ക്കുള്ള ജൈവപരിഹാര (ബയോറെമഡിയേഷന്‍)മാണ് ടെറി മുന്നോട്ടുവച്ചത്. ഒലിസാപ്പര്‍ അതിസൂക്ഷ്മബാക്ടീരിയകളെ എണ്ണച്ചോര്‍ച്ചയുള്ള സ്ഥലങ്ങളില്‍ വിടുകയാണ് ഇതിന്റെ രീതി. എണ്ണ ഭക്ഷണമാക്കുന്ന അതിസൂക്ഷ്മബാക്ടീരിയകള്‍ (മൈക്രോബുകള്‍) കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്നു. ഇത് അന്തരീക്ഷത്തിലേക്ക് കടന്നുകൊള്ളും. അല്‍പ്പദിവസങ്ങള്‍ക്കകം നശിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ചെലവും പ്രയ്തനവും തീര്‍ത്തും കുറവ്. കുറച്ചുദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെങ്കിലും കാര്യക്ഷമമായ ഫലം ഉറപ്പാക്കാം. സാധാരണ ഉപയോഗിക്കുന്ന രാസവസ്തു സ്‌പ്രേ ചെയ്യല്‍ രീതിക്ക് തുടര്‍പ്രശ്‌നങ്ങളുണ്ടാവുമെങ്കിലും ഒലിസാപ്പറിന് അതില്ല.
ഈ എണ്ണച്ചോര്‍ച്ചയിലും അലിബാഗില്‍ നിന്നു തുടങ്ങി ഒലിസാപ്പറിനെ ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഉണങ്ങിയ പാറക്കെട്ടുകളില്‍ ഒലിസാപ്പര്‍ ഫലം കാണില്ല. കപ്പലില്‍ നിന്നു ചോര്‍ന്ന രാസവസ്തുക്കള്‍ മൈക്രോബുകളെ പ്രതികൂലമായി ബാധിച്ചാല്‍ ഈ ശ്രമം ബുദ്ധിമുട്ടിലാവും.
Showing posts with label മുംബൈ. Show all posts
Showing posts with label മുംബൈ. Show all posts
Wednesday, September 1, 2010
Subscribe to:
Posts (Atom)