Showing posts with label democracy. Show all posts
Showing posts with label democracy. Show all posts

Thursday, November 11, 2010

എന്‍ഡോസള്‍ഫാന്‍: ഒരു ജനാധിപത്യസര്‍ക്കാര്‍ പറ്റിച്ച പണി






ജങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ജനാധിപത്യവ്യവസ്ഥതയിലുള്ളത് എന്നാണ് വയ്പ്. എന്നാല്‍, ഈ ധാരണയെ മാറ്റിമറിക്കുന്ന സംഭവങ്ങളാണ് രാജ്യത്തു നടക്കുന്നത്. വ്യാവസായിക പാരിസ്ഥിക ദുരന്തങ്ങള്‍ നടന്നക്കുമ്പോള്‍ അതാതു കാലത്തെ സര്‍ക്കാരുകള്‍ ശുഷ്‌കാന്തി കാണിച്ചത് ദുരിതങ്ങള്‍ക്കു കാരണക്കാരായവരെ രക്ഷിക്കാനും ജനങ്ങളുടെ പോരാട്ടത്തെ സമര്‍ത്ഥമായി വഞ്ചിക്കാനുമാണെന്നതിന് ചരിത്രം സാക്ഷിയാണ്.
ജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കിയാണ് ജനാധിപത്യം എന്ന ഭരണവ്യവസ്ഥിതി നിലവില്‍ വന്നത്. ആയിരങ്ങളുടെ ജീവനും നൂറ്റാണ്ടുകള്‍ പിന്നിട്ട പോരാട്ടങ്ങളുമുണ്ട് അതിന്റെ വികാസപരിണാമങ്ങളില്‍. എല്ലാ ശബ്ദങ്ങളുമുള്‍ക്കൊള്ളുന്നതാണ് ജനാധിപത്യത്തിന്റെ ഭംഗി എന്നാണ് ജനങ്ങളുടെ മുന്നേറ്റങ്ങളിലെല്ലാം മുഴങ്ങിക്കേട്ടത്. ഇന്ത്യയില്‍ ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയകക്ഷികള്‍ മുന്നോട്ടുവയ്ക്കുന്ന പ്രചാരണങ്ങള്‍ ആ പാര്‍ട്ടികളുടെ അതുവരെയുള്ള പ്രവര്‍ത്തന വൈകല്യങ്ങളെ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നതായിരിക്കും. ബഹളമയവും വര്‍ണശബളവുമായ പ്രചാരണങ്ങള്‍ വഴി അടിസ്ഥാനപരമായ കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടികള്‍ക്ക് ഏറിയോ കുറഞ്ഞോ കഴിയാറുമുണ്ട്.
സ്വന്തം സര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരേ ആഭ്യന്തരമായി ജനങ്ങള്‍ സംഘടിക്കുകയും ഈ സംഘാടനത്തെ സര്‍ക്കാരുകള്‍ നേരിടുകയും ചെയ്തതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. എന്നാല്‍, സ്വന്തം ജനങ്ങളെ രാജ്യത്തിനു പുറത്തുവച്ച് ചരിത്രം നാണിക്കുന്ന രീതിയില്‍ വഞ്ചിക്കുന്ന സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ വളരെ കുറവായിരിക്കും. ഇത്തരമൊരു ചതിയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങളുടെയും വ്യവസായപ്രതിനിധികളുടെയും സാമൂഹ്യ-സന്നദ്ധപ്രവര്‍ത്തകരുടെയും കൂടിയാലോചനകള്‍ക്കൊടുവില്‍ 2001ല്‍ രൂപംകൊണ്ട സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍ ഓണ്‍ പെഴ്‌സിസ്റ്റന്റ് പൊള്യൂറ്റന്റ്‌സ് (സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍) ലോകമെങ്ങുമുള്ള അപകടകാരിയായ രാസവിഷങ്ങളുടെ ഉപയോഗത്തിന് നിരീക്ഷണവും നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്താനുള്ള വേദിയാണ്. ഈ വേദിയില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയെ കമ്പനികള്‍ക്കു വേണ്ടി അവരുടെ നിര്‍ദേശമനുസരിച്ച് വിട്ടുവീഴ്ചയേതുമില്ലാതെ പിന്തുണയ്ക്കുകയാണ് നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ചെയ്തത്. കേരള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ക്കിടയിലാണ് കണ്‍വന്‍ഷന്‍ യോഗം നടന്നത്.
















1995ല്‍ ഐക്യരാഷ്്ട്ര പരിസ്ഥിതി പരിപാടി (യു.എന്‍.ഇ.പി) നടത്തിയ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍ നിലവില്‍ വന്നത്. അന്തരീക്ഷത്തില്‍ത്തന്നെ നിലനില്‍ക്കുന്ന, ഭക്ഷ്യശൃംഖലയിലൂടെ ജൈവകുമിഞ്ഞുകൂടുന്ന, അന്തരീക്ഷത്തെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുന്ന നിരന്തര ഓര്‍ഗാനിക് മലിനീകാരികള്‍ക്കെതിരായ ആഗോളനീക്കത്തിനാണ് യു.എന്‍.ഇപി ആഹ്വാനം ചെയ്തത്. ഈ ഒരൊറ്റ വാചകവും കാസര്‍കോട്ടെ ഏതെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരയുടെ മുഖവും ഒത്തുനോക്കിയാല്‍ മതി, എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട കീടനാശിനിയാണെന്നു മനസ്സിലാക്കാന്‍. പരിസ്ഥിതി-സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം സംസ്ഥാനസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം തടഞ്ഞിട്ടുണ്ടെന്ന കാര്യം മറ്റു രാജ്യങ്ങളിലെ പ്രതിനിധികള്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജനീവയില്‍ നടന്ന സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കഠിനപരിശ്രമം നടത്തി കേരളത്തില്‍ നിന്നുള്ള തെളിവുകള്‍ കൂടി ശേഖരിച്ചാണ് പല രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ എത്തിയത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തു നിന്നുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനികള്‍ കേരളത്തിന്റെ നിരോധനം കാര്യമാക്കേണ്ടെന്നും ആവശ്യമെങ്കില്‍ അത് കേന്ദ്രം പിന്‍വലിക്കുമെന്നുമാണ് സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഓരോ ഘട്ടത്തിലും സംഘടനകളും മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും എന്‍ഡോസള്‍ഫാനെതിരായ തെളിവുകള്‍ നിരത്തിയപ്പോള്‍, ഈ വാദഗതികളെ എതിര്‍ക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ കൈമെയ് മറന്ന് പോരാടുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ എന്താണ് പറയേണ്ടത് എന്ന് ചെവിയില്‍ മന്ത്രിച്ചുകൊടുത്തിരുന്നത് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായിരുന്നുവെന്ന നിരീക്ഷകനായി പങ്കെടുത്ത സി ജയകുമാറിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി ജയകുമാറുള്‍പ്പെടെയുള്ളവരോട് ചോദിച്ചത് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഗതികേടിനെപ്പറ്റിയാണ്.
രക്ഷിതാക്കളുടെ മുമ്പില്‍ വച്ചു മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ സങ്കടമാണ് കാസര്‍കോട്ടുകാരും പാലക്കാട്ടെ ഗോവിന്ദപുരം, മുതലമട പ്രദേശവാസികളും അനുഭവിച്ചത്. നാട് ഈ ഞെട്ടലിലാണ്ടിരിക്കുമ്പോഴാണ് കാസര്‍കോട്ടെ ഇര കവിത മരണമടയുന്നത്. ബുദ്ധിമാന്ദ്യത്തോടെ ജനിച്ച കവിതയ്ക്ക് മരിക്കുമ്പോള്‍ 23 വയസ്സായിരുന്നെങ്കിലും ആറു വയസ്സുകാരിയുടെ വളര്‍ച്ച പോലുമുണ്ടായിരുന്നില്ല. കവിതയുടെ അച്ഛന്‍ എന്‍ഡോസള്‍ഫാന്‍ ആക്രമണത്തില്‍ അര്‍ബുദം വന്നു മരിച്ചു. സഹോദരന്‍ ദുരിതപൂര്‍ണമായ ജീവിതത്തിലാണ്. നാവ് വായ്ക്കകത്തിടാനാവാതെ ഇത്രയും കാലം ജീവിച്ച കവിതയെ ദൈവം തിരിച്ചുവിളിച്ചതിനു തൊട്ടുമുമ്പാണ് മറ്റൊരു സംഭവമുണ്ടായത്.
എന്‍ഡോസള്‍ഫാന്‍, പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന കേന്ദ്ര കൃഷിസഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവനയായിരുന്നു അത്. കമ്മിറ്റികളും കമ്മിറ്റിക്കു മേല്‍ കമ്മിറ്റികളും പഠിച്ചു പഠിച്ച് സമയം കളഞ്ഞ ഒരു ദുരന്തകഥയാണ് എന്‍ഡോസള്‍ഫാന്‍. കൊച്ചിയിലെയും ഡല്‍ഹിയിലെയും മധ്യവര്‍ഗസമൂഹത്തിന്റെ ഇടയില്‍ ജീവിക്കുമ്പോള്‍ തോമസിന് ഇതൊന്നും ഒരു പ്രശ്‌നമായിക്കൊള്ളണമെന്നില്ല. കൃഷ്ണമൂര്‍ത്തി എന്നു പറയാന്‍ എം.എ വരെ പഠിക്കേണ്ട, നാക്കൊന്നു വടിച്ചാല്‍ മതി എന്നു പറഞ്ഞപോലെ, സമയം കിട്ടുമ്പോള്‍ വെറുതെ കാസര്‍കോട്ടെ പെഡ്രയിലോ ബോവിക്കാനത്തോ വന്ന് കൃഷിസഹമന്ത്രി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൃഷിയൊക്കെയൊന്നു കാണുകയാണു വേണ്ടത്. സര്‍ക്കാര്‍ ഏജന്‍സിയായ എന്‍.ഐ.ഒ.എച്ചിലെ ശാസ്ത്രജ്ഞന്‍ ഹബീബുല്ല സെയ്ദ് എട്ടുവര്‍ഷം മുമ്പു നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്റെ ദൂഷ്യങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടും കുലുങ്ങാത്ത കേന്ദ്രസര്‍ക്കാര്‍ വീണ്ടും പഠനസമിതിയെ നിയോഗിക്കുകയാണ് ഒടുവില്‍ ചെയ്തിരിക്കുന്നത്. കാര്‍ഷികശാസ്ത്ര ഗവേഷണ ബ്യൂറോയുടെയും കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും മേധാവി ഡോ.സി ഡി മായിയാണ് സമിതിയുടെ അധ്യക്ഷന്‍. കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കാണ് സമിതിയില്‍ മുന്‍തൂക്കമെന്നത് പരിസ്ഥിതി സ്‌നേഹികളെ വീണ്ടും ആശങ്കയിലാക്കുന്നു.
ഭോപാല്‍ വിഷവാതകക്കേസില്‍ ഡല്‍ഹിയിലും മധ്യപ്രദേശിലുമായി നടന്ന നാടകങ്ങളും ഇപ്പോഴും തുടരുന്ന കള്ളക്കളികളും കണ്ട് നമ്മുടെ നാട്ടുകാര്‍ക്ക് രാഷ്ട്രീയക്കാരെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഇതേ അവസ്ഥ തന്നെ എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും സംഭവിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല.
നമ്മുടെ നാട്ടില്‍ നിന്ന് തിരഞ്ഞെടുത്ത വിട്ട 20 എം.പിമാരെ നേരില്‍ കാണുമ്പോള്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നു തടഞ്ഞുനിര്‍ത്തി ചോദിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആന്റണിയും വയലാര്‍രവിയും മുല്ലപ്പള്ളിയും അഹമ്മദുമൊക്കെ വന്ന വഴി മറക്കാതിരിക്കുന്നതാണ് അവര്‍ക്കും കേരത്തിന്റെ ചരിത്രത്തിനും നല്ലത്. സംസ്ഥാന സര്‍ക്കാരും വെറുതെയിരിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതുള്‍പ്പെടെ നടപടികള്‍ നല്ലതു തന്നെ. കീടനാശിനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു മാത്രം അധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാനസര്‍ക്കാരും എം.പിമാരും യോജിച്ചു സമ്മര്‍ദ്ദം ചെലുത്തുകയാണു വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് എന്‍ഡോസള്‍ഫാന്‍ ഉ്ല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടണം.
രാജ്യത്തെ ഒറ്റുകൊടുത്തവര്‍ക്ക് എന്താണു ശിക്ഷ? ചാട്ടവാറടിയും നാടുകടത്തലുമാണ് പരിണാമദിശയിലുണ്ടായിരുന്ന ശിക്ഷയെങ്കില്‍ ആധുനികകാലത്ത് രാജഭരണം നടത്തുന്നവര്‍ ഒറ്റുകാരായാല്‍ രാജ്യത്തെ പ്രജകള്‍ എന്താണു ചെയ്യേണ്ടത്?

(ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയ് മാത്യു, ദി ഹിന്ദു)